ഹിന്ദി ഭാഷ ‘അടിച്ചേൽപ്പിക്കാൻ’ ‘ഒരു രാജ്യം, ഒരു ഭാഷ’ യുമായി കേന്ദ്രം; പ്രതിഷേധിച്ച് മറ്റു ഭാഷ സംസ്ഥാനങ്ങളിലെ നേതാക്കൾ

Advertisement

 

രാജ്യത്തെ മറ്റു ഭാഷ സംസ്ഥാനങ്ങൾക്ക് മേൽ “ഹിന്ദി അടിച്ചേൽപ്പിക്കുന്ന”തിനെതിരെ പ്രതിഷേധം ആവർത്തിച്ച്‌ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ ‘ഹിന്ദി ദിവസ്’ ആഘോഷത്തോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് എം.കെ സ്റ്റാലിൻ പ്രതിഷേധം അറിയിച്ചത്. ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.

“ഇന്ന് നിങ്ങൾ ഒരു ഹിന്ദി-മീഡിയം വിദ്യാർത്ഥിയോട് 40 മിനിറ്റ് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ, ആ വിദ്യാർത്ഥിക്ക് അത് ചെയ്യാൻ കഴിയില്ല,” ഡൽഹിയിൽ നടന്ന ഹിന്ദി ദിവസ് പരിപാടിയിൽ സംസാരിച്ച ഷാ പറഞ്ഞു. ഇംഗ്ലീഷ് വളരെയധികം സ്വാധീനം ചെലുത്തുന്നതിനാൽ അതിന്റെ സഹായമില്ലാതെ നമുക്ക് ഹിന്ദിയിൽ സംസാരിക്കാൻ കഴിയില്ല. സ്കൂൾ വിദ്യാർത്ഥികളോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടണം, ഇംഗ്ലീഷ് പദം ഉപയോഗിക്കുന്നവർക്ക് ഒരു ‘മാർക്ക്’ നൽകണം, ”ഷാ പറഞ്ഞു.

നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഹിന്ദി ഏർപ്പെടുത്തേണ്ടതങ്ങുണ്ടെന്നും ഇതിനായുള്ള ശ്രമം പകുതി മാത്രമാണ് ഇതുവരെ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി വായിക്കാനും എഴുതാനും കേന്ദ്രം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന രൂപീകരണ വേളയിൽ ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാൻ സമ്മതിച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം “ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഞങ്ങൾ നിരന്തരം പ്രതിഷേധം നടത്തുകയാണ്. അമിത് ഷാ നടത്തിയ ഇന്നത്തെ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണ്, ഇത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, ”സ്റ്റാലിൻ പറഞ്ഞു

നേരത്തെ, “ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാൽ രാജ്യത്തിന് മൊത്തം ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, അത് ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറണം,” എന്ന് അമിത് ഷാ  തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞിരുന്നു. “ഇന്ന്, ഒരു ഭാഷയ്ക്ക് ഐക്യത്തിന്റെ പടിവാതിൽക്കൽ രാജ്യത്തെ ബന്ധിപ്പിക്കുവാൻ കഴിയുമെങ്കിൽ, അത് ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഹിന്ദി ഭാഷയാണ്,” അമിത് ഷാ പറഞ്ഞു.

ഹിന്ദിയുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്ന് ഷാ പൗരന്മാരോട് അഭ്യർത്ഥിച്ചു. ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തുല്യമാണിത് എന്നും ഷാ അഭിപ്രായപ്പെട്ടു.

ഹിന്ദി,ഹിന്ദു,ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യയെന്ന് അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്‌ലിമീൻ അധ്യക്ഷനും ലോക്സഭാ എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു.
“ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും ‘മാതൃഭാഷ’ അല്ല. . ഈ ദേശത്തെ ബന്ധിപ്പിക്കുന്ന അനേകം മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അഭിനന്ദിക്കാൻ നിങ്ങള്‍ക്ക് ശ്രമിക്കാമോ? ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ,” ഒവൈസി ട്വീറ്റ് ചെയ്തു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാരിനെ ശക്തമായി എതിർക്കാറുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദി ദിവസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, ഒരാൾ നിരവധി ഭാഷകൾ പഠിച്ചിരിക്കുന്നു നല്ലതാണെങ്കിലും അവരുടെ മാതൃഭാഷ ഒരിക്കലും മറക്കരുതെന്ന് അവർ പറഞ്ഞു.

1963ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച്, മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ആശയവിനിമയത്തിൽ ഉപയോഗിക്കേണ്ട ഭാഷകളാണ് ഹിന്ദിയും ഇംഗ്ലീഷും. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ടില്ലാത്ത മറ്റൊരു സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയ ആവശ്യങ്ങൾക്കായി ഹിന്ദി ഉപയോഗിക്കുന്നിടത്ത്, ഹിന്ദിയിലെ അത്തരം ആശയവിനിമയത്തിനൊപ്പം അതിന്റെ ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം എന്ന് ഈ നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്.