മരട് ഫ്ലാറ്റ്: പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ  സമരം ഇന്ന് തുടങ്ങും

മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ ഇന്ന് സമരം തുടങ്ങും. വൈകീട്ട് അഞ്ച് മണിക്ക് മരടിൽ ചേരുന്ന സായാഹ്ന ധർണ്ണ സിപിഐ ജില്ലാ സെക്രട്ടറി പി രാജു  ഉദ്ഘാടനം ചെയ്യും.

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്. ഫ്ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിർമ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലും മരടിൽ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൺവെൻഷൻ നടക്കും. അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്ത്വത്തിലുള്ള ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് കൺവെൻഷൻ.