സിദ്ദിഖ് കാപ്പനെതിരെ കുറ്റപത്രം സമർപ്പിച്ചു; മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണ് യുപിയിൽ എത്തിയതെന്ന് പൊലീസ്

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കമുള്ള നാല് പേർക്കെതിരെ ഉത്തർപ്രദേശ് പോലീസ് കുറ്റപത്രം സമർപ്പിച്ചു.

യു.പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഉത്തർപ്രദേശിലെ ഹത്രാസ് കൂട്ടബലാത്സം​ഗം കേസ് റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാപ്പനും കൂട്ടരും മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണ് യു.പിയിലെത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസ് മേയ് ഒന്നിന് പരിഗണിക്കും.

കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ ആറ് മാസമായി ഇവർ ജയിലിലാണ്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്.

പിന്നീട് രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ, ഐ.ടി നിയമലംഘനം ഉൾപ്പടെ കൂടുതൽ കുറ്റങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു.