ഹോട്ടല്‍ അടിച്ചു തകര്‍ത്തുവെന്നത് വ്യാജ പ്രചാരണം, നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എഫ്‌.ഐ

മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ഹോട്ടല്‍ അടിച്ചു തകര്‍ത്തു എന്ന നിലയിലുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എസ്എഫ്ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണം മാത്രമാണിതെന്നും എസ്എഫ്ഐ വ്യക്തമാക്കി.

കോളജില്‍ വ്യാഴാഴ്ച എസ്എഫ്ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ ഒരു ഹോട്ടലില്‍ നിന്നും ഇത്തരത്തില്‍ ഭക്ഷണം വാങ്ങിയിട്ടില്ല. വെള്ളിയാഴ്ച ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. അതാത് ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. മാത്‌സ്, ബോട്ടണി, ഇസ്ലാമിക് ഹിസ്റ്ററി എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നാണ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്.

450 ആളുകള്‍ക്ക് പറഞ്ഞിരുന്ന ഭക്ഷണം 150-ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് തികഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ എത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടാണ് അഡ്വാന്‍സ് തുകയായി നല്‍കിയ 28000 രൂപയില്‍ നിന്നും 20000 രൂപ തിരിച്ചു വാങ്ങി നല്‍കിയത്. തങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ച തെറ്റിന് ഹോട്ടല്‍ ഉടമകള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ അതിനു ശേഷം എസ്എഫ്ഐയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍ സംശയം ഉളവാക്കുന്നതാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു പരാതിയും പൊലീസില്‍ ലഭിച്ചിട്ടില്ലെന്നും എസ്എഫ്ഐയുടെ പ്രവര്‍ത്തകരായ ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്എഫ്ഐ ജില്ലാകമ്മിറ്റി അറിയിച്ചു.

അതെസമയം സംഭവത്തോട് അനുബന്ധിച്ച് ഏഴ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിട്ടുണ്ട്. മഹാരാജാസ് കോളജിലെ ബിഎസ്‌സി ഫിലോസഫി വിദ്യാര്‍ത്ഥി നിഖില്‍ (20), ബിഎസ്‌സി ബോട്ടണി വിദ്യാര്‍ത്ഥികളായ നന്ദു (19), ശ്രീകേഷ് (20), ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥി അര്‍ജുന്‍ (24), ബിഎ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി ജെന്‍സണ്‍ (18) ബിഎ മലയാളം വിദ്യാര്‍ത്ഥി മനു (19), ബിഎസ് സി മാത്‌സ് വിദ്യാര്‍ത്ഥി നിവിന്‍ദാസ് (20) എന്നിവരാണു കസ്റ്റഡിയിലുള്ളത്.

എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന “കൊതിയന്‍സ്” വനിതാ ഹോട്ടലിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മഹാരാജാസില്‍ 6-ന് സംഘടിപ്പിച്ച ഓണാഘോഷത്തിനായി 450 പേര്‍ക്കുള്ള സദ്യയുടെ ഓര്‍ഡര്‍ ഹോട്ടലിനായിരുന്നു. 500 പേര്‍ക്കെങ്കിലും കഴിക്കാനുള്ള സദ്യ എത്തിച്ചിരുന്നതായി ഹോട്ടല്‍ ഉടമ ജി. ശ്രീകല പറയുന്നു. 45000 രൂപയോളം ഇതിന് ചെലവ് വന്നു.

ഈ തുക മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്നുമില്ല. എന്നാല്‍, അന്ന് ഉച്ചയ്ക്ക് 2-നു സദ്യ തികഞ്ഞില്ലെന്നാരോപിച്ച് കുറെ വിദ്യാര്‍ത്ഥികള്‍ എത്തി ഹോട്ടല്‍ തകര്‍ക്കുകയും സ്ത്രീകളായ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. മഹാരാജാസിലെ എസ്എഫ്‌ഐക്കാരാണ് എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഇവരില്‍ ചിലര്‍ മദ്യപിച്ചാണ് എത്തിയതെന്നും പരാതിയുണ്ട്. കൂടുതല്‍ ഭക്ഷണം എത്തിച്ചു നല്‍കാമെന്ന് അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പുറത്തുനിന്നു വാടകയ്‌ക്കെടുത്ത പാത്രങ്ങളും തവികളുമുള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു.