അല്‍ഷിമേഷ്സ് സൊസൈറ്റി സ്ഥാപകന്‍ ഡോ. കെ. ജേക്കബ് റോയ് അന്തരിച്ചു

അല്‍ഷിമേഷ്സ് സൊസൈറ്റി സ്ഥാപകന്‍ ഡോ. കെ. ജേക്കബ് റോയ് (67) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് മുളന്തുരുത്തി വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

അല്‍ഷിമേഷ്സ് രോഗത്തെ അതിന്റെ യഥാര്‍ഥ ഗൗരവത്തില്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. കെ. ജേക്കബ് റോയ് അന്തിരിച്ചു. മനോദൗര്‍ബല്യം എന്നു കരുതി അവഗണിച്ചിരുന്ന അല്‍ഷിമേഷ്സ് രോഗികള്‍ക്കു വേണ്ടി 30 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതുകൂടാതെ കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായി ഡോ. ജേക്കബ് റോയ് 35 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട.്്

പിതാവ് ഓലിയില്‍ കൂനപ്പിള്ളില്‍ ഓ.സി. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പയുടെ മരണത്തിന് ഇടയാക്കിയത് അല്‍ഷിമേഷ്സ്ആണെന്ന് തിരിച്ചറിയാന്‍ ഡോക്ടറായ തനിക്കു പോലും സാധിച്ചില്ലലോ എന്ന വിഷമത്തെത്തുടര്‍ന്നാണ് അദ്ദേഹം ഈ രോഗത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നത്.

അയര്‍ലന്‍ഡിലായിരുന്നു മറവി രോഗങ്ങളെക്കുറിച്ചുള്ള തുടര്‍ പഠനം. 1992 ല്‍ അല്‍സ്‌ഹൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ) എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നല്‍കി. രാജ്യമാകെ സഞ്ചരിച്ച് പതിനഞ്ചോളം ചാപ്റ്ററുകള്‍ ആരംഭിച്ചു. വിദേശത്തു നിന്നു കിട്ടാവുന്നത്ര വിദഗ്ധരെ നാട്ടിലെത്തിച്ച് ഇവിടെയുള്ളവര്‍ക്കു പരിശീലനം നല്‍കി. രാജ്യത്താദ്യമായി കേരള ഇനിഷ്യേറ്റീവ് ഇന്‍ ഡിമെന്‍ഷ്യ സര്‍ക്കാര്‍ ആവിഷ്‌കരിച്ചപ്പോള്‍ അതിന്റെ ആശയം ഡോ. ജേക്കബ് റോയിയുടേതായിരുന്നു.

1998 ല്‍ 50 രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി അല്‍ഷിമേഷ്സ് രാജ്യാന്തര സമ്മേളനം കൊച്ചിയില്‍ സംഘടിപ്പിച്ചു. 2012 മുതല്‍ 2015 വരെ ലണ്ടന്‍ ആസ്ഥാനമായ അല്‍സ്‌ഹൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷനല്‍ എന്ന സംഘടനയുടെ ആഗോള ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഈ സ്ഥാനം വഹിച്ച ആദ്യ ഏഷ്യന്‍ വംശജന്‍ ആണ് അദ്ദേഹം.

പിതാവിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ഡോ. ജേക്കബ് റോയിയുടെ വിയോഗം. ഭാര്യ: കുന്നംകുളം പഴഞ്ഞി പുലിക്കോട്ടില്‍ ലില്ലി. മക്കള്‍: ഡോ. ടീന, മിഷല്‍, ഗ്രെഗ് (സിഇഒ കെയര്‍മാര്‍ക് ഇന്റര്‍നാഷണല്‍). മരുമക്കള്‍: ഡോ. ജേക്കബ് വര്‍ഗീസ് (രാജഗിരി ആശുപത്രി), മാത്യു പാറയ്ക്കന്‍ (ജിയോജിത് ടെക്‌നോളജീസ്), ബെറ്റില്‍ഡ.