പ്രവാസി വ്യവസായി സാജന്‍ മരിച്ചു, സ്വപ്നങ്ങളും; കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന് എം. വി ജയരാജന്‍, മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും പാര്‍ട്ടി, നാലെന്ന് തിരുത്തി മന്ത്രി

പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി ഉദ്യോഗസ്ഥരെന്ന് സി.പി.എം. സാജന്റെ സ്വപ്‌നമായ കണ്‍വെന്‍ഷന്‍ സെന്റര്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കുമെന്നും മരിച്ച സാജന്റെ വീട് സന്ദര്‍ശിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട നഗരസഭ സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം നേതാക്കള്‍ അറിയിച്ചു. എന്നാല്‍ മൂന്നല്ല നാല് പേരെ സസ്പെന്‍ഡ് ചെയ്തെന്നും ഇതു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി എ. സി മൊയ്തീന്‍ ജയരാജനെ തിരുത്തി. ഇതോടെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടിയെ വരുംദിവസങ്ങളില്‍ വേട്ടയാടും.

പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ പഞ്ചായത്തില്‍ 15 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ തന്റെ സ്വപ്നങ്ങള്‍ കെട്ടിപ്പൊക്കിയത്. ഇതിന് അനുമതി ലഭിക്കാതായതോടെയാണ് നില്‍ക്കള്ളിയില്ലാതെ സാജന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതിന് പിന്നില്‍ നഗരസഭ സെക്രട്ടറിയും ചില ജീവനക്കാരും മാത്രമാണ് എന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതേസമയം, ജീവനൊടുക്കാന്‍ കാരണം നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് കുടുംബത്തിന്റെ ആരോപണം നില നില്‍ക്കുകയാണ്.

വെല്ലുവിളിയും ഭീഷണിപ്പെടുത്തലും പി.കെ ശ്യാമളയുടെ ഭാഗത്തു നിന്നുണ്ടായെന്നാണ് സാജന്റെ കുടുംബം പറയുന്നത്. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക്  ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം. വി ഗോവിന്ദന്റെ ഭാര്യയും കൂടിയാണ് പി. കെ ശ്യാമള.നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിച്ചതിന് പിന്നിലുണ്ടെന്നും സാജന്റെ കുടുംബം പറയുന്നു.

15 കോടി മുടക്കി നിര്‍മ്മിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇനി ഒരിക്കലും തുറക്കാനാവില്ലെന്ന കടുത്ത മാനസിക വിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാര്യ ബീന. സാജന്റെ മരണം വിവാദമായ സാഹചര്യത്തില്‍ ആന്തൂര്‍ നഗസഭാ ചെയര്‍ പേഴ്സണിനെതിരെ വലിയ ആരോപണങ്ങളുമായി നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്. ആന്തൂരിലെ ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി ശ്യാമളയാണെന്നാണ് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിക്കുന്നത്. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്സണ്‍ ഉപദേശിച്ചെന്നും ഇവര്‍ ഫെയ്സ്ബുക്കിലൂടെ പറയുന്നു. ഇവരും സിപിഎം അനുഭാവിയായ സംരംഭകയാണ്.

പത്തു ലക്ഷം ആയിരുന്നു മുതല്‍മുടക്ക്. ഇത് നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ശ്യാമളയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. പ്രവര്‍ത്തനം തുടരാനുള്ള അനുമതിക്കായി കയറിയിറങ്ങിയിട്ടും രക്ഷയുണ്ടായില്ല.

ഇത്രയധികം ബുദ്ധിമുട്ടിക്കാനെന്താണ് കാരണമെന്ന് മറ്റുള്ളവര്‍ വഴി രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ സോഹിതക്ക് അഹങ്കാരമാണെന്ന് നഗരസഭ അദ്ധ്യക്ഷ പറഞ്ഞുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും ഇവര്‍ ആരോപിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ മൂലമാണ് പിന്നീട് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറയുന്നുണ്ട്. അതിന് സി.പി.എം നേതൃത്വത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് ഇവര്‍. ഗുരുതര ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നഗരാസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് ശ്യാമള ഇങ്ങനെ നിലപാടെടുത്തത് എന്നതാണ് ശ്രദ്ധേയം.നഗരസഭ അദ്ധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയാണ് ആലന്തൂര്‍.