യുഎപിഎ ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രി; സി.പി.എം പ്രവർത്തകരുടെ അറസ്റ്റിൽ ഡിജിപിയോട് റിപ്പോർട്ട് തേടി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെൽ.  ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഡിജിപിയോട് നിർദേശിച്ചു.

സംഭവത്തിൽ  നേരിട്ട് അന്വേഷണം നടത്താൻ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.ജി പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പന്തീരങ്കാവ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.റിപ്പോർട്ട് എത്രയും വേഗം നൽകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കോഴിക്കോട് പന്തീരാങ്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അലൻ ഷുഹൈബ് നിയമ വിദ്യാർത്ഥിയും താഹ ഫസൽ മാധ്യമ വിദ്യർത്ഥിയുമാണ്.

Read more

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അലനേയും താഹയേയും അറസ്റ്റ് ചെയ്തത്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായിനിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.