ഉപതിരഞ്ഞെടുപ്പ്: തോറ്റാൽ എല്‍.ഡി.എഫിന് തിരിച്ചടി; ലോകസഭാ വിജയത്തിന്റെ തിളക്കം നിലനിര്‍ത്തേണ്ടത് യു.ഡി.എഫിനും അനിവാര്യം; മഞ്ചേശ്വരത്തെങ്കിലും ജയിക്കേണ്ടത് ബി.ജെ.പിക്ക് അഭിമാനപ്രശ്‌നം

പാലായ്ക്ക് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജയിക്കേണ്ടത് സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ക്ക് ഒരുപോലെ നിര്‍ണായകം. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുന്ന ഉപതിരഞ്ഞെടുപ്പായത് കൊണ്ടുതന്നെ പിന്നാക്കം പോയാല്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാകും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിനും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന ഭരണ മുന്നണിയുടെ ആത്മവിശ്വാസത്തെയും അത് ബാധിക്കും. ലോകസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കാനായില്ലെങ്കില്‍ യു.ഡി.എഫിനും ക്ഷീണമാകും. പാലാ അടക്കം അഞ്ച് സിറ്റിങ്ങ് സീറ്റിലും വിജയം നേടാനായില്ലെങ്കില്‍ സംസ്ഥാന ഭരണം പിടിക്കാനുളള രമേശ് ചെന്നിത്തലയുടെ നീക്കങ്ങളുടെ ശക്തിചോരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിച്ചെടുക്കേണ്ടത് ബിജെപിക്കും അഭിമാന പ്രശ്‌നമാകുന്നു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിവിട്ട കിഫ്ബി അഴിമതി ആക്ഷേപങ്ങള്‍ക്കിടയിലാണ് അഞ്ച് മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറുപടിയായി പറയാനുണ്ടെങ്കിലും കിഫ്ബിയെ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് സംശയങ്ങള്‍ ഉയര്‍ത്തിവിടാനായിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടികളില്‍ സുതാര്യതയില്ലെന്ന ആക്ഷേപത്തിനൊപ്പം ശബരിമല വിഷയത്തിലെ പിന്നോട്ടുപോക്കും പ്രതിപക്ഷം പ്രചാരണവിഷയമാക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നിന് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി പരിഗണിക്കാനിരിക്കുന്നതിനാല്‍ അതും പ്രചാരണമധ്യത്തിലേക്ക് വരും. വിചാരണ കൂടാതെ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെയും ഹൈകോടതിയുടെയും തീരുമാനം സുപ്രിംകോടതി തളളിക്കളഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ സെന്റര്‍ സ്‌റ്റേജില്‍ പിന്നെ ലാവലിന്‍ കേസ് മാത്രമാകും. ഈ വിഷയങ്ങളെയെല്ലാം മുറിച്ചുകടന്നുവേണം സിറ്റിങ്ങ് സീറ്റായ അരൂര്‍ നിലനിര്‍ത്താനും മറ്റുളള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനും.സര്‍ക്കാരിന്റെ ഇതുവരെയുളള ഭരണത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട വിജയം കരസ്ഥമാക്കാന്‍ ആയില്ലെങ്കില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നാഥനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നില ദുര്‍ബലമാകും. പാര്‍ട്ടിയെ കൂടെനിര്‍ത്താനായത് കൊണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയിലും പിടിച്ചു നില്‍ക്കാനായെങ്കില്‍ ഇനി അത് സാധ്യമായിക്കൊളളണമെന്നില്ല. അരൂര്‍ കഴിഞ്ഞാല്‍ കോന്നിയാണ് ഇടതുമുന്നണിക്ക് സാധ്യതയുളള മണ്ഡലം. ഇതും രണ്ടും നേടാനായാല്‍ പിടിച്ചുനില്‍ക്കാം. പാലായില്‍ വിപരീതഫലം ആണെങ്കില്‍ അതും ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. അത് മുന്നില്‍കണ്ടാണ് പാലാ ഉള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കുമുളള ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താത്തിതിനെ വിമര്‍ശിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ മുതിര്‍ന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നിലൊഴികെ എല്ലായിടത്തും വ്യക്തമായ മേധാവിത്വമുളള യു.ഡി.എഫിനും ഉപതിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണായകമാണ്.പാലാരിവട്ടം പാലം അഴിമതി ആക്ഷേപത്തില്‍ മുങ്ങിനില്‍ക്കുന്നതിനിടെ വിജയവും കൈവിട്ടാല്‍ അത് മുന്നണിക്ക് തിരിച്ചടിയാകും. വിജയം നിലനിര്‍ത്താനായാല്‍ ആക്ഷേപം ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് പറഞ്ഞ് നില്‍ക്കാം. ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയുമാകാം. സംസ്ഥാനം ഭരണത്തിന്റെ വിലയിരുത്തുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ മൂന്നരക്കൊല്ലത്തെ പ്രവര്‍ത്തനവും ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സര്‍ക്കാരിന്റെ ന്യൂനതകളെ തുറന്ന് കാട്ടിക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി നിലകൊളളാനാവുന്നില്ലെന്ന വിമര്‍ശനം നേരത്തെതന്നെ കോണ്‍ഗ്രസിലും മുസ്‌ളിംലീഗ് അടക്കമുളള ഘടകകക്ഷികള്‍ക്ക് ഇടയിലുമുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയമാണ് അത് ഇല്ലാതാക്കിയത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് സീറ്റിലടക്കം കാലിടറിയാല്‍ വിമര്‍ശനം വീണ്ടുമുയരും. അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിപദത്തിലെത്താന്‍ ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് തടസങ്ങള്‍ ഉണ്ടാക്കും. നിര്‍ണായക വിഷയങ്ങളില്‍ ഭരണപക്ഷവുമായി ഒത്തുതീര്‍പ്പിലാകുന്നെന്ന വിമര്‍ശനത്തിന് മറുപടി പറയേണ്ട സാഹചര്യവും വന്നേക്കാം. പാലായില്‍ അനുകൂല ഫലം ഇടതുമുന്നണിക്ക് എന്നപോലെ യു.ഡി.എഫിനും നിര്‍ണായകമാണ്. ഫലം മോശമായാല്‍ ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ ഫലത്തെ അത് ബാധിക്കും.ഒപ്പം കേരളാ കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി പോര് രൂക്ഷമാകുകയും ചെയ്യും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നെങ്കിലും മഞ്ചേശ്വരം മണ്ഡലത്തിലെ തോല്‍വി ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, മുസ്‌ളിലീഗിലെ പി.ബി അബ്ദുറസാഖിനോട് തോറ്റത്. ഉപതിരഞ്ഞെടുപ്പില്‍ ഇതിന് പ്രയാശ്ചിത്തം ചെയ്യാനാണ് ബിജെപി തയാറെടുക്കുന്നത്. കന്നഡ മേഖലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ ഇറക്കി വിജയം നേടാനാകും പരിശ്രമം. എന്നാല്‍ ഫലം എതിരായാല്‍ ബിജെപിക്ക് വലിയ ക്ഷീണമാകും. ശബരിമല യുവതി പ്രവേശനവിധി വന്നിട്ട് ഒരുകൊല്ലം തികയുന്ന വേളയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ടത് ബിജെപിയാണെങ്കിലും നേട്ടം കൊയ്തത് യു.ഡി.എഫ് ആയിരുന്നു. അതിന് പരിഹാരം കാണാനും ഉപതിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് അനിവാര്യമാണ്.