ദുരന്തകാലത്തെ വിഭജന രാഷ്ട്രീയ കളികള്‍

കെ. എസ് കുമാര്‍

രണ്ടാം വര്‍ഷവും ആവര്‍ത്തിച്ചെത്തിയ പ്രകൃതിദുരന്തം കേരളത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. രണ്ട് പ്രദേശങ്ങളിലും നിരവധി വീടുകള്‍ നിലനിന്ന അടയാളം പോലും ശേഷിക്കാതെ ഭൂമിക്കടിയിലായി. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പാലക്കാടിന്റെയും പല ഭാഗങ്ങളും കനത്ത നാശമാണ് നേരിട്ടത്. മറ്റ് ജില്ലകളിലും വെള്ളപ്പൊക്കവും പേമാരിയും കാറ്റും ജനങ്ങളെ ദുരിതത്തിലാക്കി. രണ്ട് ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും പോയത്.
ഈ ദുരന്തത്തെ എങ്ങനെ നേരിടുമെന്ന് ആശങ്കകള്‍ ഉയര്‍ന്നുവെങ്കിലും കേരളത്തിന്റെ പൊതുമനസും സര്‍ക്കാരും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സേവന സന്നദ്ധരായി മത്സ്യത്തൊഴിലാളികളും യുവാക്കളും രാഷ്ട്രീയ- സാമുദായിക സംഘടനകളുമെല്ലാം രംഗത്തെത്തി. ആദ്യഘട്ടത്തില്‍ സഹായം നല്‍കാനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മടിച്ചു നിന്നുവെങ്കിലും ഇതെല്ലാം മറികടന്ന് കൈകോര്‍ത്ത് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍.
അതിനിടയിലാണ് ഈ ഐക്യത്തെയും ജനങ്ങളുടെ സന്നദ്ധതയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനകള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കരുതെന്ന് ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ പ്രചാരണമാണ് നടത്തിയത്. ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും നിറഞ്ഞ ഈ പ്രചാരണത്തിന്റെ ഉറവിടം തേടിയപ്പോള്‍ അതെല്ലാം സംഘപരിവാര്‍ അനുഭാവികളാണെന്ന് വ്യക്തമായിരുന്നു. പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്ന അവരുടെ പ്രചാരണങ്ങളും ആദ്യ ഘട്ടത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമാകാന്‍ കാരണമായി.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് മലപ്പുറത്തും വയനാട്ടിലും സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി യുവാക്കളും സ്ത്രീകളും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാം സജീവമായി. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് 60 ലോഡ് സാധനങ്ങള്‍ സമാഹരിച്ച് കേരളത്തിലേക്കയച്ചു. വിദേശത്ത് നിന്നും സഹായങ്ങളെത്തി. കുട്ടികള്‍ പോലും ചെറിയ സഹായങ്ങളുമായി കളക്ഷന്‍ സെന്ററുകളിലെത്തി. എറണാകുളത്തെ വഴിയോരക്കച്ചവടക്കാരനായ നൗഷാദിനെ പോലുള്ളവര്‍ തന്റെ കടയിലെ വസ്ത്രശേഖരം അത്രയും നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
ഇതിനെല്ലാമിടയിലാണ് ഒരു കൂട്ടമാളുകള്‍ വിദ്വേഷ പ്രചാരണവുമായി കടന്നുവന്നത്. ദുരിതാശ്വാസ ഫണ്ടിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മലയാളിയായ കേന്ദ്ര മന്ത്രി വി. മുരളീധരന്‍െ പ്രതികരണം. കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ ധനസഹായം ചെലവഴിക്കാതെ ബാക്കിയുണ്ടെന്നും കൂടുതല്‍ സഹായത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുരന്തത്തില്‍ നിന്ന് കര കയറാന്‍ എല്ലാ സഹായവും നല്‍കും എന്ന് ഒറ്റ വാചകത്തില്‍ അവസാനിക്കേണ്ടിയിരുന്ന പ്രതികരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായ സമാഹരണത്തിനും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ് ഭരിക്കുന്നത് എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളമെന്നും അവിടെ ദുരിതം അനുഭവിക്കുന്നവര്‍ തന്റെ നാട്ടുകാരാണെന്നും പോലും ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രി മറന്നു പോയി. മുരളീധരന്റെ വാക്കുകള്‍ ഏറ്റുപിടിച്ച സംഘ പരിവാര്‍ അനുകൂലികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പൈസ പോലും സംഭാവന നല്‍കരുതെന്ന പ്രചാരണം സജീവമാക്കി. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കവളപ്പാറ മലപ്പുറം ജില്ലയിലാണെന്ന ഒറ്റ കാരണത്താല്‍ വര്‍ഗീയത നിറഞ്ഞ പ്രചാരണങ്ങള്‍ പോലുമുണ്ടായി. അവിശ്വാസിയായ മുഖ്യമന്ത്രി ഭരിക്കുന്നതു കൊണ്ടാണ് കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുന്നത് എന്നെല്ലാമായിരുന്നു വാട്ട്സാപ്പ് വഴിയുള്ള പ്രചാരണങ്ങള്‍. ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെയാണ് പരസ്യമായ ദുഷ്പ്രചാരണങ്ങള്‍ ശമിച്ചത്.
അതിന് പിന്നാലെയാണ് പ്രകൃതി ദുരന്തം നടന്ന സംസ്ഥാനങ്ങളിലെ സ്ഥിതി നേരിട്ടു കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശപര്യടനം നടത്തിയത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ആകാശ പര്യടനം നടത്തിയ അമിത് ഷാ കേരളത്തിന് മുകളിലൂടെ പറക്കാതെ മടങ്ങിപ്പോയി. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചു കൊണ്ടാണ് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഓഖി ദുരന്തകാലത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാ രാമന്‍ തീരദേശത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍ അമിത് ഷാ തന്റെ പര്യടനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി.
പ്രാഥമിക രാഷ്ട്രീയ മര്യാദകള്‍ പോലും പാലിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാണ് മന്ത്രിമാരുടെയും അണികളുടേയും പ്രതികരണങ്ങളിലൂടെ ബിജെപിയും സംഘപരിവാറും ആവര്‍ത്തിച്ചുറപ്പിക്കുന്നത്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് പാലിക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചും മന്ത്രിമാര്‍ മറന്നുപോയി.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നോ അവരുടെ വീഴ്ചകളെ തുറന്നു കാട്ടരുതെന്നോ അല്ല അര്‍ത്ഥമാക്കുന്നത്. പ്രളയ ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍. പ്രളയ പുനരധിവാസത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, വിവേചനം കാട്ടുന്നുണ്ടെങ്കില്‍ അതെല്ലാം തുറന്നു കാട്ടപ്പെടണം. കേരളത്തില്‍ ഒരു എംഎല്‍എ മാത്രമാണുള്ളതെങ്കിലും ഒരു പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അതിനുള്ള അവകാശവും ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങളെ രക്ഷിക്കാനും അവര്‍ക്ക് സഹായമെത്തിക്കാനും അവരെ പുനരധിവസിപ്പിക്കാനും കഴിയുന്നത് സര്‍ക്കാര്‍ സംവിധാനത്തിന് മാത്രമാണ്. പിണറായി വിജയന്‍ ഭരിച്ചാലും ഉമ്മന്‍ ചാണ്ടി ഭരിച്ചാലും നാളെ പി.എസ് ശ്രീധരന്‍ പിള്ള മുഖ്യമന്ത്രിയായാലും അതാണ് വസ്തുത. പുറത്തു നിന്നുള്ളവര്‍ക്ക് സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സഹായിക്കാനേ കഴിയൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെയാണ് ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ ഔദ്യോഗിക ധനസമാഹരണ സ്ഥാപനം. അതില്‍ വീഴ്ച്ചകളുണ്ടെങ്കില്‍ ഓഡിറ്റിംഗിലൂടെയോ വിവരാവകാശ നിയമ പ്രകാരമോ എല്ലാം കണ്ടെത്താന്‍ കഴിയും. ദുരിതാശ്വാസ- പുനരധിവാസ നടപടികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കുമെല്ലാം ഇടപെടാനും തിരുത്തിക്കാനും കഴിയണം. അതിന് പകരം ദുരിതാശ്വാസനിധി തന്നെ അടച്ചുപൂട്ടിക്കാനും സഹായം തടയാനും ശ്രമിച്ചവര്‍ എലിയെ കൊല്ലാന്‍ പുരയ്ക്ക് തീ കൊളുത്തുന്നവരാണ്. സമൂഹത്തിലാകെ അവിശ്വാസം പരത്തിയും വിദ്വേഷം പ്രചരിപ്പിച്ചും വിഭജനമുണ്ടാക്കിയും രാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്നത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനമാണ്. അത്തരക്കാരെ നിയമപരമായും സാമൂഹികമായും നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമേ ജനാധിപത്യത്തിനും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും നില നില്‍ക്കാന്‍ കഴിയൂ.