ഐഫോൺ 13നെക്കാൾ വില; പുതിയ വാക്മാൻ പുറത്തിറക്കി സോണി

അതിഗംഭീര ഹെഡ്‍ഫോണുകളും മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളും ന്യൂ ജനറേഷൻ അടക്കമുള്ളവരെ സ്വാധീനിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ വാക്മാൻ പുറത്തിറക്കിയിരിക്കുകയാണ് സോണി. NW-ZX707 എന്ന വാക്മാൻ മോഡലാണ് സോണി ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എടുത്തു പറയേണ്ട ഒരു പ്രത്യേകത എന്തെന്നാൽ സോണി ഈയൊരു കാലഘട്ടത്തിൽ ഒരു വാക്മാൻ അവതരിപ്പിച്ചു എന്നതല്ല മറിച്ച് ഈ വാക്മാന് ഐഫോൺ 13യെക്കാളും വില കൂടുതലാണ് എന്നതാണ്. 69,990 രൂപയാണ് സോണിയുടെ പുതിയ NW-ZX707എന്ന പേരിൽ പുറത്തിറക്കിയ വാക്മാന്റെ ഇന്ത്യയിലെ വില. ആപ്പിൾ ഐഫോൺ 13 നെക്കാളും വില കൂടുതലാണ് ഈ പുതിയ മോഡൽ വാക്മാന്.

ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്ന ഒരു ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ആണ് സോണിയുടെ പുതിയ വാക്മാൻ എന്നും പറയാം. ഈ വാക്മാൻ മ്യൂസിക്ക് കേൾക്കാൻ വേണ്ടി മാത്രമുള്ളതാണ്. ഇഷ്ടമുള്ള മ്യൂസിക്ക് സ്ട്രീമിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യമുള്ള മ്യൂസിക്ക് സ്ട്രീം ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് ഡിവൈസിൽ ഉള്ളത്. സംഗീത ആസ്വാദകരെ മുന്നിൽക്കണ്ടാണ് സോണി പുതിയ വാക്മാൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഗീത പ്രേമികൾക്ക് ഇഷ്ടപെടുന്ന ഒന്നായി മാറാൻ സാധ്യതയുണ്ട്. മ്യൂസിക്കിന് പ്രാധാന്യം കൊടുക്കുന്ന ആളുകളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ വാക്മാനിൽ ഹൈ-എൻഡ് ഘടകങ്ങളും ഡിജിറ്റൽ ആമ്പും റീമാസ്റ്ററിംഗ് എഞ്ചിനും ഉൾപ്പെടുത്തിയാണ് സോണി NW- ZX707 വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. ഒരു DSD റീമാസ്റ്ററിംഗ് എഞ്ചിനുമായാണ് സോണി ഈ വാക്മാൻ അവതരിപ്പിച്ചിരിക്കുന്നത്.

PCM ഓഡിയോയെ ഡിജിറ്റൽ സാമ്പിളുകളാക്കി മാറ്റുന്ന ഡിവൈസാണ് ഇത്. മികച്ച ഓഡിയോ ലഭിക്കാൻ ഇത് കാരണമാകുന്നു. പാട്ടുകാർക്കും സംഗീതാസ്വാദകർക്കും ഏറ്റവും മികച്ച അനുഭവം നൽകാൻ ഈ ഡിവൈസിന് കഴിയും.ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഈ വാക്മാൻ ഏറ്റവും മികച്ച സൗണ്ട് ക്വാളിറ്റിയോടെയാണ് സോണി തയാറാക്കിയിരിക്കുന്നത്. എല്ലാ ഹൈ-എൻഡ് ഫാക്ടറുകൾക്കും പുറമേ AI- പവർഡ് DSSE അൾട്ടിമേറ്റ് അപ്‌സ്‌കേലിങ് സാങ്കേതികവിദ്യയുമായാണ് വാക്മാൻ വിപണിയിൽ എത്തുക. ഇത് കംപ്രസ് ചെയ്‌ത ഓഡിയോ ഉയർത്താനും ലോസ്‌ലെസ് ഓഡിയോ മെച്ചപ്പെടുത്താനും അക്കോസ്റ്റിക് സബ്ലെറ്റിസും ഡൈനാമിക് റേഞ്ചും റീസ്റ്റോർ ചെയ്യാനും സഹായിക്കും. വാക്ക്‌മാനിൽ 5.0 ഇഞ്ച് ടച്ച് സ്‌ക്രീനാണ് കമ്പനി നൽകിയിരിക്കുന്നത്. ഒരു അലുമിനിയം ഫ്രെയിമിലാണ് സ്ക്രീൻ നൽകിയിട്ടുള്ളത്. 3.5 എംഎം ഓഡിയോ ജാക്കുമായി വരുന്ന വാക്മാനിൽ വൈഫൈ കണക്റ്റിവിറ്റിയും സോണി നൽകിയിട്ടുണ്ട്.

4.1കിലോഹേർട്സ് FLAC പ്ലേബാക്കിൽ വാക്മാൻ ഡിവൈസ് 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇത് 96 കിലോഹെർട്സിലേക്ക് മാറ്റുകയാണെങ്കിൽ ഏകദേശം 23 മണിക്കൂർ ബാക്കപ്പ് ലഭിക്കും. ഡിവൈസ് പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 3.5 മണിക്കൂർ സമയമാണ് എടുക്കുക. തൊണ്ണൂറുകളുടെ കാലഘട്ടത്തിലാണ് വിസിആറും വാക്മാനും പിന്നീട് സിഡിയും ഒക്കെ മലയാളികൾക്ക് പരിചിതമായി തുടങ്ങിയത് . അന്നത്തെ കാലത്തുള്ള കൗമാരക്കാരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ​ഒന്നായിരുന്നു വാക്മാൻ.എന്തായാലും സോണിയുടെ ഈ പുതിയ വാക്മാൻ പുറത്തിറങ്ങുന്നതോടെ ഇപ്പോഴത്തെ ജനറേഷനിൽ ഉള്ളവർക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും ലഭിക്കുക. എന്നാൽ വാങ്ങുന്നതിന് മുൻപ് ഒന്ന് ആലോചിക്കണം എന്ന് മാത്രം. എന്തായാലും വർഷങ്ങൾക്ക് ശേഷം കിടിലൻ പരിഷ്‌കാരങ്ങളുമായി പുതു പുത്തൻ വാക്മാൻ എത്തുന്നതോടെ ഇനി ഒരിക്കൽ കൂടി 90’s കാലഘട്ടം കണ്മുന്നിൽ കാണാമെന്ന് ചുരുക്കം.