മൊബൈല്‍ നിരക്കുകള്‍ വീണ്ടും കൂട്ടാനൊരുങ്ങി ടെലികോം കമ്പനികള്‍

ഇന്ത്യയിലെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകള്‍ 10% മുതല്‍ 12% വരെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ താരിഫ് വര്‍ധനവ് ഉണ്ടായേക്കാം. ഈ താരിഫ് വര്‍ദ്ധനയോടെ, ഓരോ ഉപയോക്താവിന്റെയും ശരാശരി നിരക്ക് (ARPU) 10 ശതമാനം കൂടി ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ET ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്, ടെലികോം കമ്പനികള്‍ 10 ശതമാനം മുതല്‍ 12 ശതമാനം നിരക്കില്‍ മറ്റൊരു പ്രീപെയ്ഡ് താരിഫ് വര്‍ധന കൂടി നടപ്പിലാക്കുമെന്നാണ് ഇക്വിറ്റി റിസര്‍ച്ച് വിദഗ്ധന്‍ മയൂരേഷ് ജോഷി പറഞ്ഞു.

ഭാരതി എയര്‍ടെല്‍, ജിയോ, വി എന്നിവയുടെ എആര്‍പിയു യഥാക്രമം 200, 185, 135 രൂപയായി ഉയര്‍ത്തും. രാജ്യത്തുടനീളം ശക്തമായ 4G നെറ്റ് വര്‍ക്ക് ഉള്ളതിനാല്‍, ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും 2023 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ പോകുന്നുവെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ധന എയര്‍ടെല്ലിനെ ഹ്രസ്വകാല ലക്ഷ്യമായ 200 രൂപ ARPU സംഖ്യയിലെത്താന്‍ സഹായിച്ചേക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ARPU 300 രൂപയിലേക്ക് എത്തിക്കാനാണ് എയര്‍ടെല്‍ ആഗ്രഹിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ ഒന്നിലധികം താരിഫ് വര്‍ദ്ധനകള്‍ വന്നേക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.