ക്ലിക്ക് ചെയ്യുന്ന എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ മെറ്റ; ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍ ലിങ്ക് ഹിസ്റ്ററി

ഫേസ്ബുക്കില്‍ ക്ലിക്ക് ചെയ്യുന്ന വിവരങ്ങളെല്ലാം ശേഖരിക്കാന്‍ പുതിയ ഫീച്ചറുമായി മെറ്റ. ലിങ്ക് ഹിസ്റ്ററി എന്ന പേരില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറിലൂടെയാണ് മെറ്റ ഉപഭോക്താവ് ക്ലിക്ക് ചെയ്യുന്ന വിവരങ്ങളെല്ലാം ശേഖരിക്കുന്നത്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ പേജില്‍ എത്തിക്കുന്നതിനായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

മുന്‍പും പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഫേസ്ബുക്കിന് പഴികേട്ടിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപഭോക്താവിന് ഓഫ് ചെയ്യാന്‍ സാധിക്കും. ഉപഭോക്താവ് ക്ലിക്ക് ചെയ്യുന്ന ലിങ്കുകള്‍ എല്ലാം തന്നെ പുതിയ ഫീച്ചറായ ലിങ്ക് ഹിസ്റ്ററിയില്‍ സൂക്ഷിച്ചുവയ്ക്കും.

ഉപഭോക്താവ് മൊബൈല്‍ ബ്രൗസറില്‍ തുറക്കുന്ന ലിങ്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലിങ്ക് ഹിസ്റ്ററിയില്‍ സൂക്ഷിക്കും. ക്ലിക്ക് ചെയ്യുന്ന വിവരങ്ങള്‍ വീണ്ടും കാണാന്‍ ഫീച്ചര്‍ ഉപഭോക്താവിനും സഹായകരമാണ്. എന്നാല്‍ 30 ദിവസത്തേക്കാണ് ഹിസ്റ്ററി സൂക്ഷിക്കുക. മെസഞ്ചര്‍ ചാറ്റുകളിലെ ലിങ്കുകള്‍ പുതിയ ഫീച്ചറിലുണ്ടാവില്ല. ലിങ്ക് ഹിസ്റ്ററി ഏത് സമയവും ഉപഭോക്താവിന് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഫീച്ചര്‍ ഇതുവരെ എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല.