പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യയായ ചാരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് സഞ്ജു.

‘കണ്ടുമുട്ടിയ അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ കൂടെ നിൽക്കുന്നതിന് നന്ദി. പുറംലോകം എന്നെ എങ്ങനെ കണ്ടാലും എന്നോട് എന്നും സത്യസന്ധത പുലർത്തിയതിനും എന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഒരുപോലെ സ്നേഹിച്ചതിനും ഒത്തിരി കടപ്പാടുണ്ട്. എൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ തൻ്റേതെന്ന പോലെ കാണുകയും പാഷനോടെ കൂടെനിൽക്കുകയും ചെയ്തതിനും നന്ദി. ഈ ലോകകപ്പ് നേട്ടത്തിൽ എൻ്റെ കൂടെയുണ്ടായിരുന്നതിനും എല്ലാ പ്രതിസന്ധികളിലും പിന്തുണ നൽകിയതിനും നന്ദി‘, സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.