ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ?; വോട്ടിംഗ് നടത്തി മസ്‌ക്, ഫലം ഇങ്ങനെ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഉടമ ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ് അവസാനിക്കാന്‍ 15 മണിക്കൂറോളം ബാക്കിയുള്ളപ്പോള്‍ 77 ലക്ഷത്തിലധികം പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 52.9 ശതമാനം പേരും ട്രംപിനെ അനുകൂലിച്ചപ്പോള്‍ 47.1 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന നിലപാടുകാരാണ്.

ട്വിറ്ററിനെ ഒരു മെഗാഫോണ്‍ പോലെ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ട്രംപ്. അദ്ദഹം ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയെ ഒരു കലാപ ഭൂമിയാക്കിയേക്കുമോ എന്നതിനാലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്ററില്‍ നിന്ന് ഒരാളെയും ആജീവനാന്തം ബ്ലോക്ക് ചെയ്യരുത് എന്നതാണ് മസ്‌കിന്റെ പ്രഖ്യാപിത നയം. ഇതുതന്നെയാണ് ട്രംപിന്റെ മടങ്ങിവരവിന് സാധ്യത കല്‍പിക്കുന്നതും

എട്ട് കോടിയിലധികം ഫോളോവേഴ്‌സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്രംപ് ഉപയോഗിച്ചിരുന്നത്. തിരുച്ചുവരവിലും ഇതുതന്നെയായിരിക്കും ട്രംപിന് നല്‍കുക. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആദ്യം മരവിക്കപ്പെട്ടത്. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.

ട്രംപ് ട്വിറ്ററിലേക്ക് സജീവമായി തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങിയെന്നാണ് ബൈഡന്‍ പറഞ്ഞത്. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റര്‍ സ്വന്തമാക്കിയത്.