എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ തരത്തിലും നമ്മളെ ഓരോ ദിവസവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. എഐ എത്താത്ത മേഖലകൾ ഇനിയുണ്ടോ എന്ന് സംശയമാണ്. ഇപ്പോഴിതാ ഭരണ നിർവഹണത്തിലും എഐ സ്വാധീനം സൃഷ്‌ടിക്കുകയാണ്. അഴിമതി ഇല്ലാതാക്കാൻ ലോകത്ത് ആദ്യമായി എഐയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അൽബേനിയ.
അൽബേനിയൻ പ്രധാനമന്ത്രി എഡി റാമയാണ് മന്ത്രിസഭയിലേക്ക് പുതിയ ഡിജിറ്റൽ മന്ത്രിയായ ‘ഡിയെല’യെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11നാണ് ഡിയെലയെ തന്റെ മന്ത്രിസഭയിൽ റാമാ ഉൾക്കൊള്ളിച്ചത്. മനുഷ്യൻ അല്ലാത്ത ആദ്യത്തെ ക്യാബിനറ്റ് അംഗം എന്നാണ് അദ്ദേഹം ഈ വെർച്വൽ സംവിധാനത്തെ വിശേഷിപ്പിച്ചത്. പരമ്പരാഗത അൽബേനിയയുടെ വസ്ത്രം ധരിച്ച ഒരു സ്ത്രീയായിട്ടാണ് ഡിയെലയെ നിർമിച്ചിരിക്കുന്നത്. അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നാണ് ഈ പേരിന് അർഥം വരുന്നത്.
സർക്കാറിന്റെ കരാറുകൾ കമ്പനികൾക്ക് നൽകുക, പൊതുവായ ടെൻഡറുകൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവയാണ് മന്ത്രിയുടെ ജോലി. രാജ്യത്തെവിടെയും ക്ഷണത്തിൽ ഡിയെലയ്ക്ക് സന്നിഹിതയാകാം. പൊലീസ്, പട്ടാളത്തിന്റെ കാവൽ, അകമ്പടി വാഹനങ്ങൾ ഒന്നും തന്നെ വേണ്ട. ഒരു ദിവസം രാജ്യത്തിന് ഒരു ഡിജിറ്റൽ മന്ത്രിയോ അല്ലെങ്കിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാനമന്ത്രിയോ ഉണ്ടാകുമെന്നാണ് ഈ വർഷം ആദ്യം അൽബേനിയയുടെ പ്രധാനമന്ത്രി എഡി റാമ പറഞ്ഞത്. എന്നാൽ, ഇത്ര പെട്ടെന്ന് രാജ്യത്തിന് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയെ ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കോഡുകൾ കൊണ്ടും പിക്സലുകൾ കൊണ്ടുമാണ് ഡിയെലയെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ആക്രമണങ്ങൾക്കു ഡിയെല്ലയെ നശിപ്പിക്കാൻ സാധിക്കില്ല. വെർച്വലായി സൃഷ്ടിക്കപ്പെട്ടതിനാൽ ഡിയെലയുടെ ശാരീരിക സാന്നിധ്യമുണ്ടാവില്ല. ഓൺലൈൻ വെബ്‌സൈറ്റായ ഇ-അൽബേനിയ പബ്ലിക് സർവീസ് പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റൻ്റായി ഡിയെല നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതു ടെൻഡറുകൾ 100% അഴിമതി രഹിതമാക്കാൻ ഡിയല്ല സഹായിക്കുമെന്നാണ് പ്രധാനമന്ത്രി എഡി റാമ പറയുന്നത്. ഇത് സർക്കാരിനെ വേഗത്തിലും പൂർണ സുതാര്യതയോടെയും പ്രവർത്തിക്കാൻ സഹായിക്കുമെന്നും റാമ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.
ഇ-അൽബേനിയ പ്ലാറ്റ്‌ഫോമിൽ AI യിൽ പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായി ജനുവരിയിലാണ് ഡിയെല്ല ആദ്യമായി ആരംഭിച്ചത്. അതിനുശേഷം ഡിയേല 36,600 ഡിജിറ്റൽ രേഖകൾ നൽകാൻ സഹായിക്കുകയും പ്ലാറ്റ്‌ഫോം വഴി ഏകദേശം 1,000 സേവനങ്ങൾ നൽകുകയും ചെയ്തതയാണ് റിപ്പോർട്ട്. അഴിമതിക്കെതിരായ അൽബേനിയയുടെ ദീർഘകാല പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഒരു നീക്കം.
2.8 ദശലക്ഷം ജനങ്ങളുള്ള ബാൾക്കൻ രാജ്യത്ത് പൊതു ടെൻഡറുകൾ പലപ്പോഴും അഴിമതികളാൽ നിറഞ്ഞിട്ടുണ്ട്. മയക്കുമരുന്ന്, ആയുധക്കടത്തിൽ നിന്നുള്ള ലാഭം വെളുപ്പിക്കാൻ അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾ രാജ്യത്തെ ഉപയോഗിക്കുന്നതായും ആരോപിക്കപ്പെടുന്നു. സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ വരെ അഴിമതി എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പലപ്പോഴും സൂചന നൽകിയിട്ടുണ്ട്. ഒരു എഐ സംവിധാനത്തിലേക്ക് തിരിയുന്നതിലൂടെ മനുഷ്യ പക്ഷപാതം ഇല്ലാതാക്കാനും കരാറുകളിൽ കൃത്രിമത്വം നടത്താനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് അൽബേനിയൻ സർക്കാരിന്റെ പ്രതീക്ഷ.
ഈ സംരംഭം ഒരു വിപ്ലവകരമായ സംഭവമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഡിയെല്ലയുടെ തീരുമാനങ്ങളിൽ മനുഷ്യന്റെ മേൽനോട്ടം ഉണ്ടാകുമോ എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വേണ്ടത്ര സംരക്ഷണം നൽകിയില്ലെങ്കിൽ എഐ സംവിധാനങ്ങൾ പോലും കൃത്രിമത്വത്തിന് വിധേയമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.







