സവാഹിരിയെ വധിച്ച വജ്രായുധം സ്വന്തമാക്കാന്‍ ഇന്ത്യ !

ഹെൽഫയർ മിസൈലുകൾ, മാർക്ക് 54 ആന്റി- സബ്മറൈൻ ടോർപെഡോകൾ ഉൾപ്പെടെയുള്ള അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ യുഎസുമായുള്ള കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. സൈനിക ഹാർഡ്‌വെയർ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ മിസൈലുകൾക്കും ടോർപെഡോകൾക്കും വേണ്ടി ഇന്ത്യൻ നാവികസേനയ്ക്കായി 2400 കോടി രൂപയുടെ കരാറിൽ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോർട്ട്. സമീപഭാവിയിൽ പൂർണമായും നാവികസേനയിൽ ഉൾപ്പെടുത്താൻ പോകുന്ന 24 എംഎച്ച്-60 ഹെലികോപ്റ്ററുകളിൽ ഈ ആയുധങ്ങൾ വിന്യസിക്കാനാണ് പുതിയ നീക്കം.

എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾക്കുള്ള ആയുധ പാക്കേജ് വാങ്ങുന്നതിനായുള്ള നീക്കം വേഗത്തിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും കരാർ ഉടൻ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഫോറിൻ മിലിട്ടറി സെയിൽസ് റൂട്ടിന് കീഴിലാണ് കരാർ ഒപ്പിടുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു കഴിഞ്ഞു. അതേസമയം, നിരവധി ദൗത്യങ്ങളിൽ വിജയകരമായി പ്രയോഗിച്ച ശേഷമാണ് ഇന്ത്യ ഹെൽഫയർ മിസൈൽ വാങ്ങുന്നത്. ഭീകരസംഘടനയായ അൽ ഖായിദ തലവൻ അയ്മാന്‍ അല്‍ സവാഹിരിയെ വധിക്കാൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച അത്യാധുനിക മിസൈലായ ഹെല്‍ഫയര്‍ ആര്‍-9എക്സും ഇന്ത്യ വാങ്ങുമെന്നാണ് റിപ്പോർട്ട്.

മുങ്ങിക്കപ്പലുകൾ വരെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആയുധമാണ് എംകെ 54 ടോർപെഡോ. കപ്പലുകൾ, ഫിക്‌സഡ് വിങ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയിൽ നിന്നും പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഭാരം കുറഞ്ഞ എംകെ 54 ടോർപെഡോകൾ. 2020ൽ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി 16,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ഒപ്പ് വച്ചിരുന്നു. മൾട്ടിമോഡ് റഡാറുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും മിസൈലുകൾ, ടോർപെഡോകൾ, മറ്റ് ഗൈഡഡ് ആയുധങ്ങളും 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളിൽ ഉണ്ടായിരിക്കും.

എംഎച്ച്-69 ഹെലികോപ്റ്ററുകൾക്ക് ഫ്രഗേറ്റുകൾ, ഡിസ്ട്രോയർ, ക്രൂയിസറുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും സാധിക്കും. ഡ്രോൺ ആക്രമണങ്ങളിൽ അമേരിക്ക എജിഎം114 ഹെൽഫയർ എന്ന എയർ- ടു- സർഫസ് മിസൈലുകളായിരുന്നു പ്രയോഗിച്ചു പോന്നിരുന്നത്. ‘ഹെല്ലിബോൺ ലേസർ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ’ എന്ന പേരിന്റെ ചുരുക്കമായാണ് ‘ഹെൽഫയർ മിസൈൽ’ എന്ന പേര് വന്നത്. അമേരിക്ക ആയുധ ശേഖരത്തിൽ 1970കളുടെ അവസാനം മുതൽ തന്നെ എജിഎം 114 മിസൈലുകൾ‌ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. ലോക്ഹീഡ് മാർട്ടിൻ, ബോയിങ്, നോർത്ത്റോപ് ഗ്രുമാൻ കമ്പനികളുടെ സംയുക്ത സംരംഭമാണ് മിസൈൽ നിർമിച്ചിരുന്നത്.

യുദ്ധഭൂമിയിലെ ടാങ്കുകളെ തകർക്കാനായി ഹെലികോപ്ടറുകളിൽ നിന്ന് തൊടുക്കാവുന്ന റഡാർ‌ ഗൈഡഡ് മിസൈലുകൾ മുതൽ ആളില്ലാ വിമാനങ്ങളിൽ നിന്നു തൊടുക്കാവുന്നതടക്കം വിവിധ എജിഎം114 ഹെൽഫയർ മിസൈലുകളാണ് ഉള്ളത്. എന്നാൽ ലക്ഷ്യം തകർക്കുന്നതോടൊപ്പം തന്നെ ചുറ്റുമുള്ള പ്രദേശങ്ങളിൽ കനത്ത നാശനഷ്ടത്തിനും ആക്രമണത്തിൽ ഉൾപ്പെടാത്ത നിരപരാധികളായ മനുഷ്യരുടെ മരണത്തിനും എജിഎം 114 ഹെൽഫയർ മിസൈൽ കാരണമാകാം.

അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി അൽ- ഖായിദ തീവ്രവാദികളെ വധിക്കാൻ ആളില്ലാ വിമാനങ്ങളിൽ എജിഎം 114 ഹെൽഫയർ എയർ ടു സർഫസ് മിസൈലുകളായിരുന്നു അമേരിക്ക പ്രയോഗിച്ചത്. അമേരിക്കയുടെ ആയുധ ശേഖരത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായി. എന്നാൽ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ അമേരിക്ക ഇവ ഉപയോഗിക്കാറുള്ളൂ. ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടുകൂടിയ അക്രമണ ലക്ഷ്യങ്ങളെ തകർക്കാൻ മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. ആറു രാജ്യങ്ങളിലായി 11 തവണ മാത്രമാണ് അമേരിക്ക ഇതുവരെ ഈ മിസൈൽ ഉപയോഗിച്ചിട്ടുള്ളത്.