മുംബൈയിൽ ആകാശത്ത് പൊങ്ങിക്കിടക്കുന്ന കെട്ടിടങ്ങൾ; 'എന്തെങ്കിലും ബ്രോക്കർ ഫീസ് ഉണ്ടോ?'എന്ന് നെറ്റിസൺസ്; ചിത്രങ്ങൾ വൈറൽ !

ബലൂൺ പോലെ ആകാശത്ത് ഉയർന്നു നിൽക്കുന്ന മനോഹരമായ കൂറ്റൻ കെട്ടിടങ്ങൾ. ഒരു ഡിജിറ്റൽ ക്രിയേറ്റർ പങ്കിട്ട മുംബൈയിലെ റിയൽ എസ്റ്റേറ്റിന്റെ ഭാവി കാണിച്ചുകൊണ്ടുള്ള എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വീടുകളുടെ ചിത്രങ്ങൾ ബഹിരാകാശ പേടകം പോലെയുള്ളവയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്.

“മുംബൈ സർറിയൽ എസ്റ്റേറ്റ്” എന്ന അടിക്കുറിപ്പോടെയാണ് ഡിജിറ്റൽ ക്രിയേറ്റർ പ്രതീക് അറോറ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഗ്ലാസ് കൊണ്ടുള്ള ജനലുകളും വാതിലുകളുമുള്ള അപ്പാർട്ട്മെന്റുകൾ മുംബൈ നഗരദൃശ്യത്തിൽ പൊങ്ങിക്കിടക്കുന്നതായി ചിത്രങ്ങളിൽ കാണാം.

മിഡ്‌ജേർണി എന്ന എഐ ടൂൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ സൃഷ്ടിച്ചത്. ഫോട്ടോകൾ ഭാവിയിലെ വാസ്തുവിദ്യാ കാഴ്ചപ്പാടും മുംബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നൂതനമായ ഭാവിയെക്കുറിച്ചുള്ള സൂചനയുമാണ് നൽകുന്നത്.

ആദ്യ ചിത്രം ആകാശത്ത് തൂങ്ങിക്കിടക്കുന്ന രണ്ട് നിലകളുള്ള ഒരു അപാർട്മെന്റ് ആണ്. മറ്റൊന്ന് മൂന്ന് നിലകളുള്ള ഒരു വ്യത്യസ്തമായ ഒന്നാണ്. മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങൾ മുംബൈയിലെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന വിധത്തിലാണുള്ളത്.

രാത്രിയുടെ മറവിൽ ആകാശത്ത് കിടക്കുന്ന അപ്പാർട്ടുമെന്റുകൾ ആണ് മറ്റുള്ളവ. ഈ ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ മേഘങ്ങളെയും കാണാം. ‘നമ്മൾ ഇതിലേക്ക് എങ്ങനെ പോകും? അതോ വിമാനം പോലെ താഴേക്ക് ഇറങ്ങുമോ?” എന്നാണ് ഒരാൾ സംശയം ചോദിച്ചത്.

‘ഏതെങ്കിലും ബ്രോക്കറേജ് ഫീസ് ഉണ്ടോ ഇല്ലയോ?’ എന്നാണ് ഒരാൾ തമാശയായി ചോദിച്ചത്. ‘രാത്രിയിൽ ഒളിച്ചോടുന്നത് വളരെ ബുദ്ധിമുട്ടാണ്’,’വാടക 2 കോടിയോളം വരും’,’ഇത് ഗംഭീരമാണ്, ‘ഇത് നഗരത്തിന് മുകളിൽ ഒഴുകി നടക്കുമോ ? എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് പലരും രേഖപ്പെടുത്തിയത്.