ആപ്പിള്‍ ഐഫോണ്‍ X നിര്‍ത്തലാക്കുന്നു

ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍നിന്നുള്ള മോശം പ്രതികരണത്തിന്റെ ഫലമായിട്ടാണ് ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതെന്നും ഈ വര്‍ഷം പകുതിയോടെ രണ്ടാം ജനറേഷന്‍ ഐഫോണ്‍ പത്ത് അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

മറ്റ് ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിന് വില കൂടുതലാണ്. എന്നാല്‍, തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായി ആപ്പിള്‍ കരുതുന്ന ഫോണിന്റെ വില കുറയ്ക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നില്ല. അതിനാലാണ് പ്രോഡക്ട് തന്നെ നിര്‍ത്തലാക്കി പുതിയത് ഇറക്കാന്‍ കമ്പനി ആലോചിക്കുന്നത്. തന്നെയുമല്ല ഐഫോണ്‍ പത്തിന്റെ വില കുറച്ചാല്‍ അത് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തെ ബാധിക്കുമെന്നും ആപ്പിള്‍ ഭയക്കുന്നു.

ആപ്പിള്‍ അവരുടെ പുതിയ മോഡലുകള്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുന്നുണ്ട്. ഈ ഉത്പന്നങ്ങളുടെ വിപണി സാധ്യത കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.