എയര്‍ടെല്‍ 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക്

എയര്‍ടെല്‍ 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയര്‍ടെല്‍ 5ജി സേവനം വ്യാപിപ്പിച്ചത്. ഗുഡ്ഗാവ്, പാനിപ്പട്ട്, ഗുവാഹത്തി എന്നീ നഗരങ്ങളിലും പാറ്റ്‌നയിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര, പാറ്റ്‌ന റെയില്‍വേ സ്റ്റേഷനുകളിലുമാണ് 5ജി സേവനം നിലവില്‍ വന്നത്.

ഇതോടെ 12 നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം നിലവില്‍ വന്നുകഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ 8 നഗരങ്ങളിലായിരുന്നു 5ജി സേവനം ഉണ്ടായിരുന്നത്.

ചില വിമാനത്താവളങ്ങളിലും എയര്‍ടെല്‍ 5ജി സേവനം ആരംഭിച്ചു. ബെംഗളൂരുവിലെ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളം, പൂനെയിലെ ലോഹെഗാഡ് വിമാനത്താവളം, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളം, നാഗ്പൂരിലെ ബാബസാഹെബ് അംബേദ്കര്‍ രാജ്യാന്തര വിമാനത്താവളം, പാറ്റ്‌ന വിമാനത്താവളം എന്നിവിടങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം ലഭിക്കും.