പകല്‍ കോളേജ് കുമാരി വൈകുന്നേരമായാല്‍ തട്ടുകടക്കാരി; യുവത്വത്തിന് അഹങ്കാരമാണ് ഇവളുടെ കഥ

കോളേജ് കാലയളവ് എന്നത് യുവതീയുവാക്കള്‍ക്ക് ആഘോഷത്തിന്റെയും ഉല്ലാസത്തിന്റെയും സുന്ദര നാളുകളാണ്. എന്നും ഓര്‍മയില്‍ സൂക്ഷിച്ചു വയ്ക്കാനുളള സുന്ദര നിമിഷങ്ങള്‍. എന്നാല്‍ അക്കാലയളവില്‍ ജീവിത കഷ്ടപ്പാടുകളോട് പോരാടി നീങ്ങുന്ന യുവതലമുറ ഇന്നും സമൂഹത്തിന് അന്യമല്ല. അത്തരത്തില്‍ ജീവിതത്തിലെ ഇല്ലായ്മകളോട് പൊരുതി നേട്ടത്തിന്റ പടികള്‍ ഓരോന്നായി ചവിട്ടിക്കയറുന്ന വിജയ പ്രയനത്തിന്റെ മാതൃകയാണ് സ്‌നേഹ എസ്. നായരുടെ ജീവിതം. പകല്‍ കോളേജ് കുമാരി വൈകിട്ട് തിരിച്ചു വന്നാല്‍ പിന്നെ തട്ടുകടക്കാരിയുടെ വേഷം.

മഹാരാജാസ് കോളേജിലെ എംഎ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് സ്‌നേഹ. അച്ചന്‍ കോവില്‍ ഹരിപ്പാട് പള്ളിപ്പാടാണ് സ്വദേശം. വെള്ളം നിറഞ്ഞ നാട്ടിന്‍ പ്രദേശം. തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബം. മൂന്ന് സെന്റ് സ്ഥലത്തിലെ ഒരു വീടായിരുന്നു ആകെയുള്ള സമ്പാദ്യം.വീട് വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് വീടിന് താങ്ങായ് നിന്ന അച്ഛന്‍ മരിക്കുന്നത്. ആ മരണം സ്‌നേഹയ്ക്ക് മുന്നില്‍ നാളെയെന്ത് എന്ന വലിയ ചോദ്യം ഉയര്‍ത്തി. ഉത്തരവാദിത്വങ്ങളുടെ ഒരു വലിയ മതില്‍ക്കെട്ട് അവള്‍ക്ക് മുന്നിലുയര്‍ന്നു.

എങ്കിലും സ്‌നേഹ തളര്‍ന്നില്ല. ഹരിപ്പാടില്‍ ഒരു തട്ടകട തുടങ്ങി. പകല്‍ പടുത്തം വൈകുന്നേരം മടങ്ങിയെത്തുമ്പോള്‍ തട്ടുകട നടത്തും. ആ കുടുംബത്തിന്റെ ജീവിത ചെലവെല്ലാം ഈ തട്ടുകടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് നടന്നു പോകുന്നത്. ഇതിനിടെ ചില സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ചു. കെ.എസ്.യു. വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് സ്‌നേഹ.

പഠനത്തെ ഈ ദുര്‍ഘട ഘട്ടത്തിലും സ്‌നേഹ മുറുകെ പിടിച്ചു. വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലിക്കായല്ല, ജീവിതത്തിന് നല്ലൊരു അടിത്തറ സൃഷ്ടിക്കനാണെന്നാണ് സ്‌നേഹയുടെ പക്ഷം. ഒരു ജോലി ചെയ്ത് ഒതുങ്ങി കൂടാതെ സ്വന്തമായി ഒരു സംരഭം തുടങ്ങാനാണ് സ്‌നേഹയുടെ ആഗ്രഹം. സ്‌നേഹയുടെ ജിവിതം ഇന്നത്തെ യുവത്വത്തിന് ഒരു തുറന്ന പാഠപുസ്തകമാണ്. പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ തളരാതിരിക്കാന്‍, ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധീരതയോടെ നേരിടാന്‍ ഇനിയും രചന തുടരുന്ന “വിജയാദ്ധ്യായം”.

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട് മാതൃഭൂമി