പ്രഭാകരന്‍ നായര്‍ വെറുമൊരാളല്ല, ഒരു പഞ്ചായത്തിന്റെ ഉടമ !

ഇരട്ടയാറുകാര്‍ക്ക് പ്രഭാകരന്‍ നായര്‍ ഒരു സാധാരണക്കാരനല്ല. ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമയാണ്. ജാതിയും മതവും നോക്കാതെ ഭൂമി വില്‍ക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് പ്രഭാകരന്‍ നായര്‍. സ്വന്തം പഞ്ചായത്തിന്റെ വികസനത്തിനായി 12 ഏക്കറോളം ഭൂമിയാണ് പ്രഭാകരന്‍ വിട്ടുനല്‍കിയത്.

ഇരട്ടയാര്‍ പഞ്ചായത്തിലെ 22 സ്ഥാപനങ്ങളാണ് പ്രഭാകരന്‍ നായര്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. എന്‍എസ്എസ് കരയോഗം,എസ്എന്‍ഡിപി ഗുരുമന്ദിരം, പാര്‍ട്ടി ഓഫീസ് എന്നുവേണ്ട സ്ഥലത്തെ ക്ലബുകള്‍ വരെ ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

1959 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷമാണ് പ്രഭാകരന്‍നായര്‍ ചെമ്പകപ്പാറയിലേക്കു വരുന്നത്. കൃഷിക്കാരനായ അച്ഛനെ സഹായിക്കുകയായിരുന്നു പ്രഭാകരന്റെ പ്രധാന ലക്ഷ്യം. പക്ഷെ വനഭൂമിയോട് ചേര്‍ന്നുള്ള ഗ്രാമമായതിനാല്‍ വന്യമൃഗങ്ങളുടെയും വിഷ ജന്തുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ് യുവാവായ പ്രഭാകരന്‍ കാണുന്നത്.
ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയില്‍ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരന്‍നായര്‍ മനസ്സില്‍ കുറിച്ചു. അച്ഛനെ കൃഷിയില്‍ സഹായിച്ച് അവിടെ തുടര്‍ന്നു.

പ്രഭാകരന്‍നായരടക്കം അന്നത്തെ യുവതലമുറയുടെ പ്രവര്‍ത്തന ഫലമായാണ് നാട്ടില്‍ 1972-ല്‍ ഒരു സ്‌കൂള്‍ ചെമ്പകപ്പാറയില്‍ ആരംഭിക്കുന്നത്. പക്ഷെ സ്‌കൂള്‍ കെട്ടിടത്തിന് സ്ഥലമില്ലാത്തത് അന്ന് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കര്‍ ഭൂമി വിട്ടുനല്‍കി. അതായിരുന്നു തുടക്കം.

ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് നല്‍കിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നല്‍കി. ചെമ്പകപ്പാറ എസ്.എന്‍.ഡി.പി. ഗുരു മന്ദിരത്തിനും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിനും സി.പി.എം. ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നല്‍കി.

“”82 വര്‍ഷം പിറകിലേയ്ക്ക് നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലം നല്‍കാന്‍ സാധിച്ചില്ല. മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുകൂടി ഭൂമി ദാനംചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഭാകരന്‍ നായര്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്; മാതൃഭൂമി