വേലു സാധാരണ പോത്തല്ല, ജന്മദിനാഘോഷത്തിന് കേക്ക് മുറിച്ചത് സ്ഥലം എംഎല്‍എ

പോത്തുകളിലെ താരമാണ് ഊറ്റുകുഴി വേലു. സര്‍വ്വ ലക്ഷണങ്ങളുമൊത്തിണങ്ങി കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന നല്ല ഒന്നാന്തരം പോത്ത്. ഊറ്റുകുഴി വേലുവിന്റെ മൂന്നാം പിറന്നാളായിരുന്നു ഇന്ന്. വളരെ വ്യത്യസ്തയുള്ള പോത്തായ വേലുവിന്റെ പിറന്നാളാഘോഷവും വളരെ വ്യത്യസ്തതയുള്ളതായിരുന്നു. സ്ഥലം എംഎല്‍എയും നാട്ടുകാരും എല്ലാം ഒത്തുചേര്‍ന്നാണ് വേലുവിന്റെ പിറന്നാള്‍ കെങ്കേമമായി ആഘോഷിച്ചത്.

തന്റെ അരുമ മൃഗത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രമുഖര്‍ തന്നെ വേണമെന്ന് വേലുവിന്റെ ഉടമ അന്‍വറിന് നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ കേക്ക് മുറിക്കാനായി എത്തിയത് ഇരവിപുരം എംഎല്‍എയായ എം നൗഷാദാണ്. വെറുമൊരു പോത്തിന്റെ പിറന്നാള്‍ ഇത്ര ആഘോഷമായി നടത്തുന്നതിന്റെ കൗതുകത്തിലായിരുന്നു നാട്ടുകാരെല്ലാവരും.

വേലു വെറുമൊരു പോത്തല്ലെന്നാണ് അന്‍വര്‍ പറയുന്നത്. പുല്ലും വൈക്കോലുമൊന്നും വേലു തിന്നില്ല. ദിവസവും രാവിലെ 25 മുട്ട, 40 കിലോ തണ്ണിമത്തന്‍, ഇവയാണ് വേലുവിന്റെ ഇഷ്ടാഹാരം. ആയിരം കിലോയൊളം ഭാരമുണ്ട് ഈ സുന്ദരന്‍ പോത്തിന്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്ലത്തു നടന്ന ദേശീയ മൃഗ പ്രദര്‍ശന മേളയില്‍ പ്രധാന ആകര്‍ഷണവും വേലുതന്നെയായിരുന്നു. മേളയില്‍ വച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു സംഘം വേലുവിന് 25 ലക്ഷം വില പറഞ്ഞെങ്കിലും അന്‍വര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

കടപ്പാട്- മീഡിയവണ്‍ ടിവി