അറ്റലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം, താരമായി ഇന്ത്യന്‍ ഡോക്ടര്‍

ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന 27കാരന്‍ ഡോക്ടറുടെ തൊട്ടടുത്ത സീറ്റില്‍ ഫ്രഞ്ച് ശിശുരോഗവിദഗ്ദ്ധ ഡോക്ടര്‍ സൂസന്‍ ഷഫേഡിന് സീറ്റ് ലഭിച്ചത് യാദൃശ്ചികമായാണ്. ഇന്ത്യക്കാരന്‍ ഡോക്ടര്‍ സിജ് ഹേമലിനും സൂസനും, പറന്നുയര്‍ന്ന് ആ വിമാനത്തില്‍ ഒരു ദൗത്യം നിയോഗിക്കപ്പെട്ടിരുന്നു. വിമാനം അറ്റലാന്റിക്കിന് മുകളിലൂടെ പറക്കുന്ന സമയത്ത്, കൃത്യമായി പറഞ്ഞാല്‍ സമുദ്രനിരപ്പില്‍ നിന്ന് 35,000 അടി ഉയരത്തില്‍ 41 വയസ്സുള്ള നൈജീരിയന്‍ ബ്രിട്ടീഷ് ബാങ്ക് ഉദ്യോഗസ്ഥ ടോയിന്‍ ഒഗുണ്ടിപെയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. യുവതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത് നാല് വയസ്സുകാരി മകളും.

വിമാനം അടുത്തിറങ്ങേണ്ട ജെ എഫ് കെ അന്താരാഷ്ട്ര വിമാനത്താവളം നാലു മണിക്കൂര്‍ അകലെയും അടിയന്തര ലാന്‍ഡിംഗ് വേണ്ടി വന്നാല്‍ സജ്ജീകരിച്ചിരിക്കുന്ന അമേരിക്കന്‍ മിലിട്ടറി ബെയ്‌സിലേക്കുള്ള ദൂരം രണ്ട് മണിക്കൂറും. ഈ അവസരത്തിലാണ് ഡോ സിജ് ഹേമലും സൂസനും പ്രസവ ശുശ്രൂഷ ഏറ്റെടുത്തത്. യുവതിയേയും ഡോക്ടര്‍മാരെയും ഫസ്റ്റ്ക്ലാസ്സ് സീറ്റിങ്ങിലേക്ക് മാറ്റി വിമാനജീവനക്കാര്‍ അടിയന്തര ആവശ്യത്തിനായി കരുതിയിരുന്ന മെഡിക്കല്‍ കിറ്റും കൈമാറി. ബി പി, ഒക്‌സിജന്‍ റേറ്റ്, പള്‍സ് അടക്കം പരിശോധിച്ച ഡോക്ടര്‍ ഹേമലിന് മനസ്സിലായി മിനിറ്റുകള്‍ക്കകം പ്രസവ വേദന കലശലായ ഈ യുവതിയുടെ കുഞ്ഞ് വിമാനത്തില്‍ പിറന്ന് വീഴുമെന്ന്. തെറ്റിയില്ല ഒരു സുന്ദരന്‍ പിറന്നിരിക്കുന്നു..പേര് ജെയ്ക്ക്. കുഞ്ഞിന്റെ ആരോഗ്യം പൂര്‍ണതൃപ്തികരമെന്ന് സൂസന്റെ ഉറപ്പ്.

“”ഞാന്‍ വളരെ സമാധാനത്തിലായിരുന്നു.  എനിക്കറിയാമായിരുന്നു ഞാന്‍ സുരക്ഷിതമായ കരങ്ങളിലാണ് ഉളളതെന്ന്. ലേബര്‍ റൂമില്‍ എങ്ങിനെയാകുമോ, അതിന് സമാനമായി സാധ്യമായതെല്ലാം ആ ഡോക്ടര്‍മാര്‍ ചെയ്തു. അതിനേക്കാള്‍ മികച്ചതായി എന്ന് തന്നെ വേണം പറയാന്‍””, യുവതി പിന്നീട് പ്രതികരിച്ചതിങ്ങനെ.

ശേഷം ജെ എഫ് കെ വിമാനത്താവളത്തിലെത്തിയ യുവതിക്കും കുഞ്ഞിനും ആവശ്യമായ ചികിത്സയും നല്‍കി. ഡോ സിജ് ഹേമലും സൂസനും താരങ്ങളായി മാറിയിരിക്കുകയാണ് വിദേശമാധ്യമങ്ങളിലിപ്പോള്‍. യാത്രക്കാര്‍ മാത്രമല്ല ഇവരെ അഭിനന്ദിച്ചത്. സ്‌നേഹസമ്മാനമായി എയര്‍ ഫ്രാന്‍സ് സിജ് ഹേമലിന് നല്‍കിയത് ഷാംപെയിന്‍.

https://www.facebook.com/Cleveland19News/videos/10156144840194443/?q=dr%20sij%20hemal