വരവേല്‍ക്കുന്ന ആന്തൂരുകള്‍

വൈശാഖ്

Filmmaking is a chance to live many lifetimes- Robert Altman

സിനിമ, മലയാളം സംസാരിച്ചു തുടങ്ങിയിട്ട് വര്‍ഷം 81 ആയി, ഒരു മുത്തച്ഛന്‍ തന്നെയായെങ്കിലും, ലോക സിനിമയില്‍ ഇന്നും പിച്ച വെച്ചു തുടങ്ങിയിട്ടേയുള്ളൂ. 1907-ല്‍, തൃശ്ശൂര്‍ക്കാരനായ ജോസ് കാട്ടൂക്കാരന്‍ എന്നൊരാള്‍ ജോസ് ഇലക്ട്രിക്കല്‍ ബയോസ്‌കോപ്പ് (ഇന്നത്തെ ജോസ് തിയേറ്റര്‍) എന്ന കൊട്ടകയില്‍ തുടങ്ങി
വെച്ച വെള്ളിവെളിച്ചത്തിന്റെ സ്വപ്ന ഭൂമിക, ഇന്നും ഒട്ടേറെ ഉയര്‍ച്ചതാഴ്ചകളിലൂടെ നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. 1938- ല്‍ ബാലനില്‍ നിന്നും തമിഴ് രാജാപ്പാര്‍ട്ട് സിനിമകളുടെ കുത്തൊഴുക്കിനെ പ്രതിരോധിച്ചും സഹജീവിച്ചും 195- 1ലെ ജീവിതനൗകയിലൂടെ ഒഴുകിയൊഴുകി മലയാള കഥാ പരിസരത്തെ നീലക്കുയിലിന്റെ ഉണര്‍ത്തുപാട്ടിലൂടെ ചെമ്മീന്‍ കൊണ്ട് ഇന്ത്യന്‍ സിനിമയുടെ സൗവ്വര്‍ണ സിംഹാസനത്തിലെത്തിയ യാത്ര ക്‌ളേശനിര്‍ഭരമായിരുന്നു.

ഷാജി എന്‍. കരുണിന്റെ പിറവി, ഭരത് ഗോപിയുടെ കന്നിച്ചിത്രം ഉത്സവപ്പിറ്റേന്ന്, ഐ. വി ശശി സംവീധാനം ചെയ്ത് കമല്‍ഹാസന്‍ അഭിനയിച്ച വ്രതം പകരം വെയ്ക്കാനില്ലാത്ത പത്മരാജന്റെ സീസണ്‍, എം. ടിയുടെ തൂലികയില്‍ പിറന്ന ഉത്തരം, മമ്മൂട്ടിയുടെ വ്യത്യസ്ത മുഖം അനാവരണം ചെയ്ത അഥര്‍വ്വം, സി.ബി.ഐ രണ്ടാം ഭാഗമായ ജാഗ്രത തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങള്‍ അരങ്ങത്തു വന്ന വര്‍ഷമായിരുന്നു, 1989. എന്നാല്‍ ഇത്തരം ധാരാളിത്തങ്ങളോ ഗമയോ അവകാശപ്പെടാനില്ലാത്ത വരവേല്‍പ്പ്, അതിന്റെ പ്രമേയ സ്വീകാര്യം കൊണ്ടും മലയാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സന്ദേശം പോലെയോ ഒരു ഇന്ത്യന്‍ പ്രണയ കഥ പോലെയോ ഒരു ഉറച്ച രാഷ്ട്രീയ പ്രസ്താവമല്ല, നാടോടിക്കാറ്റ് പോലെ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് പോലെ, പൊന്‍മുട്ടയിടുന്ന താറാവ് പോലെയോ ഒരു ചിരിപ്പെരുമാറ്റമല്ല, എന്നിട്ടും കാഴ്ചക്കാര്‍ ഈ സിനിമയെ നിറഞ്ഞ മനസ്സോടെ വരവേറ്റു. മടങ്ങി വന്ന ഓരോ പ്രവാസിയും ഇത് തങ്ങളുടേതെന്ന്
ഏറ്റെടുത്തു. അവരുടെ കുടുംബങ്ങളില്‍ ഇത്തിരി കണ്ണീരും ഒരല്‍പ്പം ചിരിയും വിരിയിച്ചു. 1989- ല്‍ ശ്രീനിവാസന്‍ എഴുതി, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത്, കെ.ആര്‍.ജി. ഫിലിംസിന്റെ  ബാനറില്‍ കെ. രാജഗോപാല്‍ തിയേറ്ററിലെത്തിച്ച ‘വരവേല്‍പ്പ്’ എന്ന സിനിമയുടെ കാലികതയാണ് ഇവിടെ പ്രമേയമാവുന്നത്. മലയാളികള്‍, കഴിഞ്ഞ മുപ്പതു വര്‍ഷം ആവര്‍ത്തിച്ചു കണ്ടും ചര്‍ച്ച ചെയ്തും മനസ്സ് കൊണ്ടു വരവേറ്റ ഈ സിനിമയുടെ പ്രമേയം സുപരിചിതവും സുതാര്യവുമാണ്.

ഏഴു വര്‍ഷം ഗള്‍ഫില്‍ കഠിനാദ്ധ്വാനം ചെയ്തും ആവുന്നതിലേറെ കുടുംബത്തിനു താങ്ങായി നിന്നും മരുഭൂവിലെ ക്‌ളേശജീവിതം മടുത്തും മടങ്ങിയെത്തുന്ന മുരളി, ഒരു സ്വസംരംഭം പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് കഥാസാരം. മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ സ്വതസ്സിദ്ധമായ പാടവം കൊണ്ട് അവിസ്മരണീയമാക്കിയ മുരളി എന്ന കഥാപാത്രത്തിനൊപ്പം, രേവതിയുടെ രമ, അടിമുടി കലാകാരനായ മുരളിയുടെ പ്രഭാകരന്‍, പകരം വെയ്ക്കാനില്ലാത്ത തിലകന്റെ ലേബര്‍ ഓഫീസര്‍, എന്നിവരെ കൂടാതെ കെ.പി.എ.സി ലളിത, ഒടുവില്‍, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, ജഗദീഷ്, കൃഷ്ണ്ന്‍കുട്ടിനായര്‍, മലയാളസിനിമയുടെ പര്യായം തന്നെയായ തിക്കുറിശ്ശി, കഥാകാരനും കലാകാരനുമായ ശ്രീനിവാസന്‍ എന്നിവരെക്കൊണ്ട്, സത്യന്‍ അന്തിക്കാട് (ഇന്ന് തീര്‍ത്തും അന്യമായ) ഒരു കേരളഗ്രാമ പരിസരത്തിന്റെ പരിച്ഛേദം
നമുക്കു മുന്നില്‍ വെയ്ക്കുന്നു.

ദൂരെ ദൂരെ സാഗരം നീട്ടി…, വെള്ളാരപ്പൂമല മേലേ.. എന്നീ രണ്ടു ഗാനങ്ങളാണ് കൈതപ്രത്തിന്റെ രചനയില്‍ ജോണ്‍സണ്‍ യേശുദാസിന്റെയും ചിത്രയുടെയും നാദത്തിലുടെ പശ്ചാത്തലമായി ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. സന്ദര്‍ഭോചിതമായി, ഈ ഗാനങ്ങള്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. നാട്ടില്‍ മടങ്ങിയെത്തുന്ന മുരളി (മോഹന്‍ലാല്‍)ക്ക് ആദ്യം കുടുംബത്ത് ലഭിക്കുന്ന ആഹ്‌ളാദപൂര്‍ണമായ വരവേല്‍പ്പില്‍ നിന്നും തൂടങ്ങുന്ന സിനിമ, വീട്ടുകാരുരോരുത്തരുടെ സ്വാര്‍ത്ഥ മോഹഭംഗങ്ങളില്‍ നിന്നും നേരിടുന്ന നിരാസം, തുടര്‍ന്ന് ഓരോ ഘട്ടത്തിലൂടെ ഗള്‍ഫ് മോട്ടോഴ്‌സ് എന്ന സ്വസംരംഭത്തിന്റെ തകര്‍ച്ചയിലേക്കും അതിലേക്ക് തള്ളിവിട്ട സാമൂഹിക രാഷ്ട്രീയ സംജ്ഞകളിലേക്കും തിരിഞ്ഞ് രാഷ്ട്രീയപരിഹാസത്തിന്റെ ഉദാത്തമായ ഉദാഹരണമായി പരിണമിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

എറ്റെടുക്കാതെ പോയവര്‍, വരവേല്‍പ്പിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്തവര്‍ ഒരു പക്ഷെ, (അന്നും ഇന്നും) രാഷ്ടീയക്കാര്‍ മാത്രമായിരിക്കാം. മാറ്റത്തിനു വേണ്ടി കണ്ഠക്ഷോഭം മാത്രം നടത്തുകയും മറ്റൊരു തൊഴിലിനുമില്ലാത്ത അഹങ്കരിക്കാനാവാത്ത തൊഴില്‍ സുരക്ഷയും വരുമാനവുമുള്ള രാഷ്ട്രീയക്കാര്‍ എന്തിന് മാറണം! ഇപ്പോള്‍ കേരളത്തില്‍ ഒരുപക്ഷേ, ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന സംരഭക ആത്മഹത്യ, ഈ ചിത്രത്തെ വീണ്ടും കാലികപ്രസക്തമാക്കുകയാണ്. സ്വദേശത്ത് ലഭ്യമല്ലാത്ത അവസരങ്ങള്‍ മൂലം നീളുന്ന പ്രവാസത്തിലൂടെ മിച്ചം പിടിക്കുന്ന ഇത്തിരി സമ്പാദ്യം കൊണ്ട് എന്തെങ്കിലും സ്വയം ചെയ്തും നാലാള്‍ക്ക് നാട്ടില്‍ തന്നെ അവസരം കൊടുത്തും നാട്ടില്‍ തന്നെ കഴിഞ്ഞു കൂടാനുള്ള മോഹത്തിന്റെ മൊട്ട് മുളയിലെ തന്നെ നുള്ളുന്ന സാമൂഹിക രാഷ്ട്രീയ കാലാവസ്ഥക്ക് നേരെ മുപ്പതു വര്‍ഷം മുമ്പേ ഉയര്‍ത്തിയ പരിഹാസത്തിന്റെ നേര്‍ത്ത ചിരിയും ഒപ്പം യാഥാര്‍ത്ഥ്യത്തിന്റെ വിങ്ങലുമാകുന്നു, ‘വരവേല്‍പ്പ്’.