പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രാ ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചുവെന്നും 352 കോടി രൂപയിലധികം തുകയാണ് മോദി തന്റെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചതെന്നും ഉള്ള വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മോദിയുടെ വിദേശ സന്ദര്‍ശനം ഇന്ത്യയുടെ വിദേശ ബന്ധങ്ങളില്‍ ആഴത്തിലുള്ള എന്തെങ്കിലും മാറ്റം വരുത്തിയില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മോദി സന്ദര്‍ശിച്ച 72 വിദേശ രാജ്യങ്ങളില്‍ ഒന്നുപോലും പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുവാനോ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കാനോ തയ്യാറായില്ല എന്നത്.

എന്നുമാത്രമല്ല, മോദിയുടെ ‘മൈ ഫ്രണ്ട്’ ട്രംപ് പോലും പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ മോദിയെ കുടുക്കിലാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാവുന്നതാണ്.

മോദിയുടെ വിദേശ സന്ദര്‍ശനം രാജ്യത്തിന് പൊതുവെ ഗുണകരമായി വന്നില്ലെങ്കിലും ഈ സന്ദര്‍ശനങ്ങളൊക്കെയും ആത്യന്തികമായി തന്റെ ബിസിനസ് സാ്മ്രാജ്യത്തിന്റെ വിപുലീകരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല; മോദിയുടെ സ്വന്തം ഗൗതം അദാനി തന്നെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ നേരിട്ടുള്ള ഗുണഭോക്താവ് ആരാണെന്നതിന് ഏതാനും തെളിവുകള്‍ ഇതാ

  • 2015 ജൂണ്‍ മാസം നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നു; അതേ വര്‍ഷം ആഗസ്ത് മാസം ബംഗ്ലാദേശുമായി അദാനി പവര്‍ വൈദ്യുത കരാര്‍ ഉറപ്പിക്കുന്നു.
  • 2015 നവമ്പറില്‍ മോദി മലേഷ്യ സന്ദര്‍ശിക്കുന്നു; ക്ലേ അയലന്റിലെ തുറമുഖ കരാര്‍ അദാനിക്ക് ലഭിക്കുന്നു.
  • 2016, 2023 കാലയളവില്‍ മോദി ടാ്ന്‍സാനിയ സന്ദര്‍ശിക്കുന്നു; തുറമുഖം(2022), വൈദ്യുതി വിതരണം(2024) എന്നിവയില്‍ ടാന്‍സാനിയന്‍ ഗവണ്‍മെന്റുമായി അദാനിക്ക് കരാര്‍ ലഭിക്കുന്നു.
  • 2018 ജൂലൈയില്‍ ഇസ്രേയേല്‍ സന്ദര്‍ശിക്കുന്നു; 2018 ആദ്യം ഇസ്രയേലുമായി ഡ്രോണ്‍ നിര്‍മ്മാണ കരാര്‍ അദാനി ഉറപ്പിക്കുന്നു.
  • 2018 ജൂണില്‍ മോദിയുടെ സിംഗപൂര്‍ സന്ദര്‍ശനം; 2018 ജൂലൈയില്‍ തുറമുഖ മേഖലയില്‍ നിക്ഷേപത്തിനുള്ള കരാര്‍ അദാനിക്ക് ലഭിക്കുന്നു.
  • 2021ല്‍ മോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം; വിന്‍ഡ് പവര്‍, തുറമുഖ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട കരാര്‍ (മാര്‍ച്ച് 2022) അദാനി നേടിയെടുക്കുന്നു.
  • 2023ലെ കെനിയന്‍ സന്ദര്‍ശനം; വിമാനത്താവളം, ഊര്‍ജ്ജോത്പാദനം എന്നീ മേഖലകളില്‍ അദാനിക്ക് കരാര്‍ ലഭ്യമാകുന്നു.(മാര്‍ച്ച്-ഒക്ടോബര്‍ 2024)
  • 2023 ജൂണില്‍ മോദിയുടെ നേപ്പാള്‍ വിസിറ്റ്; 2024ല്‍ അദാനി വിമാനത്താവള മേഖലയില്‍ നിക്ഷേപം നടത്തുന്നു.

ഇത് മോദി നേരിട്ട് സന്ദര്‍ശനം നടത്തിയ ഏതാനും ചില രാജ്യങ്ങളില്‍ അദാനി നേടിയെടുത്ത കരാറുകളുടെ മാത്രം കാര്യമാണ്.

വിദേശ പ്രധാനമന്ത്രിമാരും ഇതര ഔദ്യോഗിക സംഘങ്ങളും ഇന്ത്യ സന്ദര്‍ശിക്കുന്ന ഓരോ അവസരങ്ങളിലും അതിന്റെ മുഖ്യ ഗുണഭോക്താവ് ഗൗതം അദാനിയാണെന്നതിന് എത്രയോ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.

ഉദാഹരണത്തിന്, കെനിയന്‍ പ്രധാനമന്ത്രി 2023 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. മൂന്ന് മാസത്തിന് ശേഷം, മാര്‍ച്ചില്‍, നെയ്റോബി വിമാനത്താവളം നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു പദ്ധതി അദാനി ഗ്രൂപ്പ് സമര്‍പ്പിക്കുകയുണ്ടായി. ജൂണില്‍, കെനിയന്‍ അധികാരികള്‍ ദേശീയ വ്യോമയാന നയം മാറ്റുകയും അദാനിയുടെ വിമാനത്താവള നിക്ഷേപ പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

ഇതാ മറ്റൊരു സാംപ്ള്‍;
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ഡല്‍ഹിയില്‍ എത്തി. അതിനുശേഷം അദ്ദേഹം ഗൗതം അദാനിയെ സന്ദര്‍ശിച്ചു. അദാനി ഗ്രൂപ്പ് വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചു. ഒരു തുറമുഖം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

( മോദി-അദാനി ദ്വയങ്ങളുടെ രാജ്യഭരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ Transition Studies പ്രസിദ്ധീകരിച്ച ‘ മോദി ദശകം; മുറിവേറ്റ രാഷ്ട്രം: Analysing Modi Regime’ എന്ന പുസ്തകം റഫര്‍ ചെയ്യുക )

Read more

കെ.സഹദേവന്‍
—–