മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ചില തീയതികൾ വെറും കലണ്ടർ ദിനങ്ങൾ മാത്രമല്ല. അവ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ മനോഭാവത്തെയും സാമൂഹിക ചലനങ്ങളെയും അധികാരത്തിന്റെ സ്വഭാവത്തെയും പ്രതിനിധീകരിക്കുന്ന ചരിത്ര ചിഹ്നങ്ങളായി മാറിയവയാണ്. മെയ് 18 അത്തരമൊരു ദിവസമാണ്. കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, 2006 മെയ് 18-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ സഖാവ് വി.എസ്. അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, അത് ഒരു സർക്കാർ അധികാരത്തിലെത്തിയ നിമിഷം മാത്രമായിരുന്നില്ല. സാമൂഹ്യനീതിക്കും സാധാരണക്കാരന്റെ അവകാശങ്ങൾക്കും അഴിമതിക്കെതിരായ പോരാട്ടത്തിനും വേണ്ടിയുള്ള ഒരു ജനകീയ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ആ വേദിയിൽ മുഴങ്ങിയത്. ഇടതുപക്ഷ രാഷ്ട്രീയം ഇപ്പോഴും സമൂഹത്തിലെ ദരിദ്രർക്കും തൊഴിലാളികൾക്കും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും പ്രതീക്ഷയുടെ ഭാഷയായി നിലകൊണ്ടിരുന്ന കാലഘട്ടത്തിന്റെ അവസാനത്തെ വലിയ പൊതു പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അത്.

ഇരുപത് വർഷങ്ങൾ പിന്നിടുമ്പോൾ, അതേ മെയ് 18-ന് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. ചരിത്രത്തിലെ ഈ യാദൃശ്ചികത രാഷ്ട്രീയപരമായി അതീവ അർത്ഥവത്താണ്. കാരണം ഈ രണ്ട് മെയ് 18-കൾക്കിടയിൽ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മനഃസ്ഥിതി തന്നെ വലിയ മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞിരിക്കുന്നു. വി.എസ്. പ്രതിനിധാനം ചെയ്തിരുന്ന സംഘടിത വർഗരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ നിന്ന് കേരളം ഇന്ന് നിയോ-ലിബറൽ കൺസ്യൂമറിസവും വ്യക്തികേന്ദ്ര രാഷ്ട്രീയവും സോഷ്യൽ മീഡിയ നിർമ്മിച്ച പൊതുബോധവും നിയന്ത്രിക്കുന്ന ഒരു പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷത്തിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് ക്ഷേമ-വികസന പ്രവർത്തനങ്ങളെ പോലും സർക്കാരിന്റെ ഔദാര്യമായി അവതരിപ്പിക്കുന്നു എന്നതായിരുന്നു. വയനാട്ടിലെ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായി മാറി. “ഇത് ജനങ്ങളുടെ നികുതി പണത്തിൽ നിന്നുള്ളതാണ്. അതിൽ സർക്കാരിന് പ്രത്യേക മഹത്വമൊന്നുമില്ല” എന്ന വാദം ഒറ്റനോട്ടത്തിൽ ശരിയാണെന്ന് തോന്നാം. ജനാധിപത്യ സംവിധാനത്തിൽ സർക്കാർ ജനങ്ങളുടെ പണമാണ് ചെലവഴിക്കുന്നത് എന്നത് സത്യമാണ്. പക്ഷേ ഈ വാദത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ മനശ്ശാസ്ത്രം വളരെ ഗൗരവമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്.

ഇന്ന് മനുഷ്യർ അവരുടെ ജീവിതത്തെ കൂടുതലായും മാർക്കറ്റിലൂടെയാണ് അനുഭവിക്കുന്നത്. ഭക്ഷണം വേണമെങ്കിൽ സ്വിഗ്ഗി. യാത്ര വേണമെങ്കിൽ ഊബർ. സാധനങ്ങൾ വേണമെങ്കിൽ ആമസോൺ. ജീവിതം തന്നെ ഒരു ആപ്പ് അധിഷ്ഠിത സർവീസ് അനുഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ മനുഷ്യൻ സ്വയം ഒരു “പൗരൻ” എന്നതിലുപരി “കസ്റ്റമർ” ആയി ചിന്തിക്കാൻ തുടങ്ങുന്നു. അതുകൊണ്ടുതന്നെ സർക്കാരിനെയും അതേ സർവീസ്-ഡെലിവറി ലെൻസിലൂടെയാണ് വിലയിരുത്തുന്നത്. “ഞാൻ ടാക്സ് കൊടുക്കുന്നില്ലേ?” എന്ന വാചകം ഇന്ന് പൗരബോധത്തിന്റെ ഭാഷയേക്കാൾ ഉപഭോക്തൃ അവകാശത്തിന്റെ ഭാഷയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇവിടെയാണ് ഒരു വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുന്നത്. ജനാധിപത്യം ഒരു കൂട്ടായ സാമൂഹ്യ-രാഷ്ട്രീയ കരാറിൽ നിന്ന് വ്യക്തിപരമായ സേവനാവകാശത്തിലേക്ക് ചുരുങ്ങുന്നു. പൗരൻ സമൂഹത്തിന്റെ രാഷ്ട്രീയ സബ്ജക്ട് എന്നതിൽ നിന്ന് ഒരു ഒറ്റപ്പെട്ട ഉപഭോക്താവായി മാറുന്നു. സാമൂഹ്യനീതിയും ക്ഷേമവും ഇനി ഒരു കൂട്ടായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലമായി കാണപ്പെടുന്നില്ല; മറിച്ച് “ഞാൻ പണം കൊടുത്തതിനാൽ എനിക്ക് ലഭിക്കേണ്ട സേവനം” എന്ന നിലയിലാണ് അത് മനസ്സിലാക്കപ്പെടുന്നത്. അതോടെ രാഷ്ട്രീയ സമൂഹം ക്രമേണ തകരാൻ തുടങ്ങുന്നു.

ഈ മാറ്റത്തോട് ചേർന്നാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ സോഷ്യൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തിപ്രാപിച്ചത്. ജാതി, മതം, ലിംഗം, ലൈംഗികത, സ്വത്വം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന്റെ അപൂർണതകളെ തുറന്നുകാട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. സ്ത്രീകളുടെ അവകാശം, ദളിത് രാഷ്ട്രീയം, ന്യൂനപക്ഷ സുരക്ഷ, ലിംഗനീതി — ഇവയെല്ലാം പ്രധാന പൊതുചർച്ചകളായി മാറിയത് ഈ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായിട്ടാണ്. പക്ഷേ ഈ രാഷ്ട്രീയത്തിന് ഒരു അടിസ്ഥാനപരമായ പരിമിതിയുണ്ട്. ഇത് പലപ്പോഴും സാമ്പത്തിക ഘടനകളെയും ക്യാപ്പിറ്റലിസ്റ്റ് ചൂഷണത്തെയും ചോദ്യം ചെയ്യുന്നില്ല. അധികാരം എന്നത് ഉത്പാദന-വിതരണ ബന്ധങ്ങളുടെ പ്രശ്നമാണെന്ന തിരിച്ചറിവിൽ നിന്ന് മാറി, ഭാഷയുടെ, പ്രതിനിധിത്വത്തിന്റെ, ഡിഗ്നിറ്റിയുടെ പ്രശ്നമായി മാത്രം ചുരുങ്ങുന്നു.

അതുകൊണ്ടുതന്നെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ക്രമേണ കൺസ്യൂമറിസ്റ്റ് സ്വത്വരാഷ്ട്രീയമായി മാറുന്നു. “ഡിഗ്നിറ്റി” എന്ന വാക്ക് അതീവ പ്രാധാന്യമുള്ളതാണെങ്കിലും, അതിനെ സാമ്പത്തിക നീതിയിൽ നിന്ന് വേർതിരിച്ചാൽ അത് വളരെ വേഗത്തിൽ മാർക്കറ്റിന് അനുയോജ്യമായ സുരക്ഷിത രാഷ്ട്രീയമായി മാറും. ഇതുകൊണ്ടാണ് പല സോഷ്യൽ ജസ്റ്റിസ് രാഷ്ട്രീയങ്ങളും പിന്നീട് കോർപ്പറേറ്റ് ലിബറലിസവുമായി സമരസപ്പെടുന്നത്. “Free labour” എന്ന ആശയം wage slavery ആയി മാറുന്ന വൈരുദ്ധ്യം അവയുടെ ശ്രദ്ധയിൽ പോലും വരുന്നില്ല.

ഇതോടൊപ്പം തന്നെ പൊതുബോധത്തിൽ ശക്തമായി പ്രചരിക്കുന്ന മറ്റൊരു ആശയമാണ് “പാട്രണൈസിംഗ്” വിരുദ്ധത. രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ “പഠിപ്പിക്കാൻ” പാടില്ല, സംഘടനകൾക്ക് ശക്തമായ നേതൃത്വം വേണ്ട, രാഷ്ട്രീയ വിദ്യാഭ്യാസം പോലും ഒരു അധികാരപ്രയോഗമാണ് — ഇത്തരത്തിലുള്ള വാദങ്ങൾ വ്യാപകമാകുന്നു. പക്ഷേ മാർക്കറ്റ് മനുഷ്യരെ ഒറ്റപ്പെട്ട ഉപഭോക്തൃ ശകലങ്ങളാക്കി മാറ്റുന്ന സാഹചര്യത്തിൽ, ഒരു സോഷ്യൽ കളക്ടീവ് നിർമ്മിക്കാൻ സംഘടനയും രാഷ്ട്രീയ വിദ്യാഭ്യാസവും അനിവാര്യമാണ്. സംഘടിത തൊഴിലാളി രാഷ്ട്രീയം, യൂണിയനുകൾ, കൂട്ടായ സമരങ്ങൾ, രാഷ്ട്രീയ പരിശീലനം — ഇവയില്ലാതെ ജനകീയ രാഷ്ട്രീയം നിലനിൽക്കില്ല. എന്നാൽ നിയോ-ലിബറൽ വ്യക്തിനിഷ്ഠതയിൽ വിശ്വസിക്കുന്നവർക്ക് ഇതെല്ലാം “പാട്രണൈസിംഗ്” ആയി തോന്നും. കാരണം അവരുടെ അടിസ്ഥാന തത്വം “Customer is King” എന്നതാണ്.

കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിൽ ഒന്നാണ് ഇന്നേവരെ ഒരു മുസ്ലിം വനിതക്കും മന്ത്രിസ്ഥാനം ലഭിക്കാത്തത്. സ. കാനത്തിൽ ജമീലയുടെ രാഷ്ട്രീയ യാത്ര അതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണ്. തദ്ദേശഭരണ രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച ശേഷം നിയമസഭയിലെത്തിയ അവർ മന്ത്രിസഭയിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഷാനിമോൾ ഉസ്മാന്റെ കാര്യവും അതുപോലെ തന്നെയാണ്. കോൺഗ്രസിലെ സീനിയർ വനിതാ നേതാക്കളിൽ ഒരാളായ അവർ വി.ഡി. സതീശന്റെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. എന്നാൽ അധികാരവിഹിതത്തിന്റെ സമയത്ത് അവർക്കും വാതിലുകൾ അടഞ്ഞു. ഇവിടെ പ്രശ്നം വ്യക്തികളുടെതല്ല. മുസ്ലിം സമുദായത്തിനുള്ളിലെ യാഥാസ്ഥിതിക മതനേതൃത്വങ്ങളെ ചോദ്യം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമില്ല എന്നതാണ്. പ്രതിനിധിത്വത്തെ കുറിച്ച് സംസാരിക്കുന്ന കേരള രാഷ്ട്രീയം ഈ ചോദ്യത്തിന് മുന്നിൽ പരാജയപ്പെട്ടിരിക്കുകയാണ്.

ഇതേ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ മറ്റൊരു മുഖമാണ് കാസർഗോഡിന്റെ വിഷയം. “കാസർഗോഡിന് ഒരു മന്ത്രി വേണം” എന്ന ആവശ്യം ഒരു വ്യക്തിയുടെ സ്ഥാനലാഭ രാഷ്ട്രീയമല്ലായിരുന്നു. വർഷങ്ങളായി അവഗണിക്കപ്പെടുന്നു എന്ന തോന്നലിൽ കഴിയുന്ന ഒരു ജില്ലയിലെ ആത്മാഭിമാനത്തിന്റെ നിലവിളിയായിരുന്നു അത്. എ.കെ.എം. അഷ്റഫിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ അവസാന നിമിഷം തകർന്നപ്പോൾ, അവിടെ തോറ്റത് ഒരാൾ മാത്രമല്ല; വീണ്ടും ഒരിക്കൽ കൂടി തോറ്റത് കാസർഗോഡിന്റെ പ്രതീക്ഷകളായിരുന്നു. റോഡുകൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും അടിസ്ഥാന വികസനത്തിനുമായി കാത്തിരിക്കുന്ന ഒരു ജില്ലക്ക് അധികാരത്തിന്റെ മേശയിൽ ഒരു പ്രതിനിധി വേണമെന്നത് അസ്വാഭാവികമല്ല. അതുപോലെ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പോലുള്ള ജില്ലകൾക്കും മന്ത്രിസഭയിൽ പ്രതിനിധിത്വം കുറഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു.

മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ മത-സാമുദായിക ശക്തികളുടെ സ്വാധീനം വീണ്ടും വ്യക്തമായി. ലത്തീൻ സഭയുടെ പരസ്യ വിയോജിപ്പുകളും ഓർത്തഡോക്സ് സഭയുടെ ശക്തമായ സമ്മർദ്ദങ്ങളും കേരള രാഷ്ട്രീയത്തിന്റെ ഒരു വലിയ യാഥാർത്ഥ്യത്തെ തുറന്നുകാട്ടി — രാഷ്ട്രീയ പാർട്ടികൾ ഇന്നും മതസമൂഹങ്ങളുമായി സൂക്ഷ്മമായ ഒത്തുതീർപ്പുകളിലാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിൽ മതസമൂഹങ്ങളുടെ അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ടാകാം. പക്ഷേ അധികാര പങ്കുവെപ്പിന്റെ അന്തിമ മാനദണ്ഡം ജനാധിപത്യ പ്രതിനിധിത്വവും ഭരണക്ഷമതയും ആയിരിക്കണം; മതസമൂഹങ്ങളുടെ വെറ്റോ അധികാരമല്ല.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം കേരളത്തിൽ രൂപപ്പെട്ട വൈകാരിക തരംഗത്തെ ഏറ്റവും ഫലപ്രദമായി രാഷ്ട്രീയമായി മാറ്റാൻ കഴിഞ്ഞ വ്യക്തിയാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വിജയവും യുഡിഎഫിന്റെ മുന്നേറ്റവും അതിന്റെ തെളിവായിരുന്നു. പക്ഷേ മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിൽ ചാണ്ടി ഉമ്മൻ പുറത്തായത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച വികാരത്തെ അധികാരത്തിന്റെ സമയത്ത് മറക്കുന്നു എന്ന വികാരമാണ് പലർക്കുമുള്ളത്. ജനങ്ങൾ രാഷ്ട്രീയത്തിൽ കണക്കുകൂട്ടലുകൾ മാത്രം കാണുന്നില്ല; ബന്ധങ്ങളും വിശ്വാസവും ഓർക്കുന്നു.

ഇതിന്റെ ഇടയിൽ സഖാവ് കെ.കെ. രമയുടെ അഭാവവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. ഈ മന്ത്രിസഭയിൽ ഒരു സ്ത്രീക്ക് മാത്രമാണ് ഇടം ലഭിച്ചത്. ആ സാഹചര്യത്തിൽ കെ.കെ. രമയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നു. വ്യക്തിപരമായ ദുരന്തങ്ങളെയും രാഷ്ട്രീയ അതിക്രമങ്ങളെയും അതിജീവിച്ച് പൊതുരംഗത്ത് ഉറച്ചുനിന്ന ഒരു സ്ത്രീയുടെ രാഷ്ട്രീയ യാത്രയ്ക്ക് അധികാരതലത്തിൽ അംഗീകാരം ലഭിക്കുമെന്ന് കരുതുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇവിടെ ഉയരുന്ന വലിയ ചോദ്യം മറ്റൊന്നാണ് — കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് എവിടെയാണ് നിൽക്കുന്നത്?

കേരളത്തിൽ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ അനേകരുണ്ട്. കാരണം സാമൂഹ്യനീതി, തൊഴിലാളി അവകാശങ്ങൾ, പൊതുവിദ്യാഭ്യാസം, മതനിരപേക്ഷത, ക്ഷേമരാഷ്ട്രീയം — ഇവയെല്ലാം കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ അടിത്തറകളാണ്. പക്ഷേ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇടതുപക്ഷ രാഷ്ട്രീയം ഒരു വ്യക്തിയുടെ നിഴലിലേക്ക് ചുരുങ്ങിപ്പോയി എന്ന വിമർശനം ശക്തമാണ്. ഒരു ജനാധിപത്യ പ്രസ്ഥാനം ക്രമേണ ഒരാളുടെ അധികാരകേന്ദ്രമായി മാറുമ്പോൾ വിമർശന സ്വരങ്ങൾ ശത്രുതയായി കാണപ്പെടും. ആന്തരിക ജനാധിപത്യം ദുർബലമാകും. ഇത് കേരള ഇടതുപക്ഷത്തിന്റെ വലിയ പ്രതിസന്ധിയാണ്.

സിപിഐ പോലുള്ള പാർട്ടികൾ പോലും മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണ രാഷ്ട്രീയത്തിനുള്ളിൽ ശ്വാസംമുട്ടുന്നു എന്ന തോന്നൽ ഉണ്ടാകുന്നുവെങ്കിൽ, അത് ഒരു മുന്നറിയിപ്പാണ്. കേരളത്തിന്റെ മനസ്സ് ചരിത്രപരമായി ഇടതുപക്ഷ മൂല്യങ്ങളുടെ പക്ഷത്തായിരുന്നു. പക്ഷേ ആ മൂല്യങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല. ജനാധിപത്യം, വിമർശന സ്വാതന്ത്ര്യം, സാമൂഹ്യനീതി — ഇതിന്റെ കൂടെയായിരിക്കണം യഥാർത്ഥ ഇടതുപക്ഷം നിലകൊള്ളേണ്ടത്.

ഇതെല്ലാം നടക്കുന്നതിനിടയിൽ കേരള ഖജനാവിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. കടബാധ്യതകൾ, വരുമാന പ്രതിസന്ധി, ക്ഷേമച്ചെലവുകളുടെ വർധന, തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണ സമ്മർദ്ദങ്ങൾ — എല്ലാം ഒരുമിച്ച് കേരളത്തെ ബാധിക്കുന്നു. സോഷ്യൽ മീഡിയ പി.ആർ കൊണ്ടോ രാഷ്ട്രീയ ഇമേജ് ബിൽഡിംഗ് കൊണ്ടോ ഈ പ്രതിസന്ധി മറച്ചുവെക്കാനാവില്ല. ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുന്ന മാറ്റങ്ങളാണ് ഒരു സർക്കാരിന്റെ ഭാവി നിർണയിക്കുക.

കേരള ജനത പലവട്ടം തെളിയിച്ചിട്ടുള്ളതാണ് — അവർ നേതാക്കളെ ഉയർത്തും, പക്ഷേ അതേ വേഗത്തിൽ താഴെയിറക്കുകയും ചെയ്യും. “മന്ത്രി ആയി, ഇനി എല്ലാം സുരക്ഷിതം” എന്ന ധാരണയിൽ ജീവിച്ച പലരും രാഷ്ട്രീയമായി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് പുതിയ സർക്കാർ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇതാണ്: അധികാരം സ്ഥിരാവകാശമല്ല. ജനങ്ങളുടെ വിശ്വാസത്തിൽ താൽക്കാലികമായി ലഭിക്കുന്ന ഉത്തരവാദിത്തമാണ്.

ഇന്ന് കേരളം ഒരു വലിയ രാഷ്ട്രീയ വഴിത്തിരിവിലാണ്. ഒരു വശത്ത് മാർക്കറ്റ് നിയന്ത്രിക്കുന്ന കൺസ്യൂമറിസ്റ്റ് ജനാധിപത്യം. മറുവശത്ത് സാമൂഹ്യനീതിയെയും കൂട്ടായ രാഷ്ട്രീയത്തെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ജനകീയ രാഷ്ട്രീയം. ഒരു വശത്ത് വ്യക്തികേന്ദ്ര അധികാര രാഷ്ട്രീയം. മറുവശത്ത് ജനാധിപത്യ ചൈതന്യമുള്ള പ്രസ്ഥാന രാഷ്ട്രീയം. ഒരു വശത്ത് പി.ആർ നിർമ്മിത ഇമേജ് രാഷ്ട്രീയം. മറുവശത്ത് ജനങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം സൃഷ്ടിക്കേണ്ട ഭരണ ഉത്തരവാദിത്തം.

വി.എസ്. മുതൽ വി.ഡി. സതീശൻ വരെയുള്ള ഈ ഇരുപത് വർഷങ്ങളുടെ രാഷ്ട്രീയ യാത്ര കേരളത്തോട് ചോദിക്കുന്ന അടിസ്ഥാന ചോദ്യമിതാണ്: കേരളം ഇനി പൗരന്മാരുടെ സമൂഹമായിരിക്കുമോ, അതോ ഉപഭോക്താക്കളുടെ വിപണിയായിമാറുമോ?

Read more

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരളത്തിന്റെ ഭാവി നിർണയിക്കുക.