“സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാമ്പത്തികവളർച്ചയുടെ ഏറ്റവും ശക്തമായ ദശകം”; മൻ‌മോഹൻ സിംഗ്, പ്രധാനമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യനായിരുന്നത് എന്തുകൊണ്ട്

 

മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പത്തുവർഷത്തെ (2004-2013) യു.പി‌.എ സർക്കാരിന്റെ ഭരണത്തിൽ, ഇന്ത്യ സമ്പദ്‌വ്യവസ്ഥയിൽ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ കുറിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രൊഫസർ മൈത്രേഷ് ഘട്ടക്കും മറ്റ് രണ്ട് പേരും ചേർന്ന് രചിച്ച ഒരു ലേഖനത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

“വിശേഷാധികാരമുള്ളവർക്കും, അത് അത്രക്കൊന്നും ഇല്ലാത്തവർക്കും ശ്രദ്ധേയമായ നേട്ടങ്ങൾ ലഭിക്കുന്നതിന് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടത്തെ (മൻമോഹൻ സിംഗ് ഭരണം) വളരെ ആത്മവിശ്വാസത്തോട് കൂടെ തന്നെ മോശം കാലഘട്ടമായി പ്രഖ്യാപിച്ചു. ഇത്തരത്തിൽ തെറ്റായ പ്രചാരണത്തിന് വ്യക്തമായ നേതൃത്വ വിടവ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ നിർമ്മിത യാഥാർത്ഥ്യം യഥാർത്ഥ രേഖകൾ പരിശോധിക്കുന്ന ഭാവി ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ” 19 ഏപ്രിൽ 2014 ലെ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ വന്ന ‘മിഥ്യകളും യാഥാർത്ഥ്യവും: യു.പി.എയുടെ കാലത്തെ വളർച്ച’ എന്ന ലേഖനത്തിൽ പറയുന്നു.

വളരെ ഗഹനമായ പഠനത്തിലൂടെയാണ് “സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുടെ ഏറ്റവും ശക്തമായ ദശകം” മൻ‌മോഹൻ സിംഗിന്റെ ഭരണത്തിൻ കീഴിലുള്ള പത്തുവർഷക്കാലം ആണെന്ന നിഗമനത്തിൽ മൂന്ന് പ്രൊഫസർമാരും എത്തിച്ചേർന്നത്.

“വളർച്ച ത്വരിതപ്പെട്ടപ്പോൾ, ഗ്രാമീണ മേഖലയിലെ വേതനവും അഭൂതപൂർവമായ വർദ്ധനക്ക് സാക്ഷ്യം വഹിച്ചു, ഇത് സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ താഴേക്കിടയിലേക്ക് എത്തി ചേർന്നു എന്നതിനെ സൂചിപ്പിക്കുന്നു. സംഘടിത മേഖലയിൽ ശമ്പളവളർച്ച അസന്തുലിതമായി ഉയർന്നു, ഓഹരി വിപണിയിൽ റെക്കോഡ് വളർച്ച കാണപ്പെട്ടു, മിക്ക കാർഷിക വസ്തുക്കളുടെയും താങ്ങ് വിലയിൽ (എം‌എസ്‌പി) വളരെ ആരോഗ്യകരമായ വർദ്ധന രേഖപ്പെടുത്തി.”

മൻമോഹൻ സിംഗ് രാജ്യത്തെ പ്രധാനമന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചു എന്ന അഭിപ്രായം ഉള്ളപ്പോൾ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഈ പദവിയിലേക്ക് മറ്റ് നേതാക്കളെ അവഗണിച്ച് മൻ‌മോഹൻ സിംഗിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിക്കേണ്ടതുണ്ടോ? മുൻ പ്രധാനമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിട്ടുണ്ട് എന്നത് ആകസ്മികമാവാം, പ്രണബ് മുഖർജിയായിരുന്നു പ്രധാനമന്ത്രി പദവിക്ക് ഏറ്റവും അനുയോജ്യനെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

എന്നിരുന്നാലും, പിന്തിരിഞ്ഞു നോക്കുമ്പോൾ, മൻ‌മോഹൻ സിംഗ് തന്നെയായിരുന്നു പ്രധാനമന്ത്രി പദത്തിനുള്ള ശരിയായ തിരഞ്ഞെടുപ്പെന്ന് നമുക്ക് പറയാനാവും. വ്യക്തിപ്രഭാവം, ബഹുജന അടിത്തറ, ശക്തനായ നേതാവിന്റെ പ്രതിച്ഛായ, രാഷ്ട്രീയ മിടുക്ക് തുടങ്ങി അദ്ദേഹത്തിന് ഇല്ലാത്തതായി തോന്നുന്ന സ്വഭാവവിശേഷങ്ങൾ മറ്റൊരു തരത്തില്‍  അദ്ദേഹത്തിന് നേട്ടത്തിനായി പ്രവർത്തിച്ചു എന്നുവേണം കരുതാൻ. ചരിത്രം പരിശോധിച്ചാൽ ദുർബലരായ നേതാക്കൾ ഭരിക്കുന്ന ഭരണകൂടങ്ങൾ ഏറ്റവും സുസ്ഥിരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളതായി കാണാൻ സാധിക്കും.

ദുർബലമായ സർക്കാരുകളും മികച്ച തീരുമാനങ്ങളും

മണ്ഡൽ കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നതിനും സർക്കാർ ജോലികളിൽ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) സംവരണം ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും കടുത്ത തീരുമാനമെടുത്തത് താരതമ്യേന ദുർബലമായ വി.പി സിംഗ് സർക്കാരായിരുന്നു. എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാർ ഓഹരി വിറ്റഴിക്കൽ പ്രക്രിയ ആരംഭിക്കുന്നതിനും വ്യക്തിഗത ആദായനികുതി നിരക്കുകൾ ഗണ്യമായി കുറച്ച സ്വപ്‌ന ബജറ്റിനും പേരുകേട്ടതാണ്. അക്കാലത്തെ കോൺഗ്രസ് സർക്കാരുകളിൽ ഏറ്റവും ദുർബലമായി കരുതപ്പെടുന്ന പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ, വഴികാട്ടിയായ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചുകൊണ്ട് മാതൃകാപരമായ മാറ്റം വരുത്തിയെന്ന ബഹുമതിക്ക് അർഹമാണ്. രണ്ട് ഡസനിലധികം സഖ്യകക്ഷികളുടെ പിന്തുണ ഉണ്ടായിട്ടും അടൽ ബിഹാരി വാജ്‌പേയി സർക്കാർ ധീരമായ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള സർക്കാരായി കരുതപ്പെട്ടിരുന്നില്ല, എന്നാൽ ഗോൾഡൻ ക്വാർഡിലാറ്ററൽ പദ്ധതിയും പൊഖ്‌റാൻ ആണവപരീക്ഷണവും ഈ സർക്കാർ ആണ് നടപ്പിലാക്കിയത്.

സാമ്പത്തിക രംഗത്തെ മികച്ച പ്രകടനത്തിന് പുറമെ വിവരാവകാശ നിയമത്തിനും (ആർ‌.ടി‌.ഐ) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും (എം‌എൻ‌ആർ‌ഇ‌ജി‌എസ്) പേരുകേട്ടതാണ്, ആദ്യ മൻ‌മോഹൻ സിംഗ് സർക്കാരിന്റെ കാലയളവ്.

ശക്തമായ സർക്കാരുകൾ; നിരാശ നൽകിയ തീരുമാനങ്ങൾ

ശക്തമായതെന്ന് പൊതുവെ വിളിക്കപ്പെടുന്ന സർക്കാരുകളുടെ പ്രകടനങ്ങൾ എന്നാൽ അത്രകണ്ട് ശ്രദ്ധേയമായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. 1970 കളിലെ ഇന്ദിരാഗാന്ധി ഭരണകൂടം മറ്റെന്തിനെക്കാളും അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ചതിനും അതിന്റെ പരിണിതഫലങ്ങളുടെയും പേരിലാണ് ഓർമ്മിക്കപ്പെടുന്നത്.

രാജീവ് ഗാന്ധി ഭരണകൂടം കുപ്രസിദ്ധമായ ഷാ ബാനോ കേസുമായും അയോദ്ധ്യയിലെ തർക്കത്തിന് ഹേതുവായതിന്റെ പേരിലുമാണ് അറിയപ്പെടുന്നത്. ശക്തമായ സർക്കാരുകൾ പ്രതീക്ഷകൾക്ക് അനുസൃതമായ ഭരണം കാഴ്ച വെയ്ക്കാത്തതിന് മറ്റ് ഉദാഹരണങ്ങളുമുണ്ട്.

ഒരു ദുർബലനായ നേതാവ് ഭരണനേട്ടങ്ങളിലൂടെ ആശ്ചര്യപ്പെടുത്തുന്ന പാരമ്പര്യമാണ് മൻ‌മോഹൻ സിംഗിനുള്ളത്‌. വർഷങ്ങളോളം കോൺഗ്രസ് സർക്കാരിന്റെ ഭാഗമായി, വ്യത്യസ്ത പദവികളിൽ ഇരുന്നിട്ടുള്ളതിനാൽ തന്നെ ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത് സമവായ രൂപീകരണം എന്ന ‘കല’യാണെന്ന് മറ്റാരെക്കാളും അദ്ദേഹത്തിന് അറിയാമായിരുന്നു. മര്യാദയോടെ ഉള്ളതും ഭീഷണിപ്പെടുത്താത്തതുമായ അദ്ദേഹത്തിന്റെ പെരുമാറ്റം ഇതിന് അനുയോജ്യമായിരുന്നു.

മറ്റുള്ളവരെ സമവായത്തിൽ എത്തിക്കാൻ നിങ്ങൾക്ക് വ്യക്തിപ്രഭാവത്തിന്റെ ആവശ്യമില്ല. മര്യാദയുള്ള സമീപനം, നിങ്ങളുടെ പ്രവൃത്തികളോടുള്ള വിമർശനങ്ങൾ സ്വീകരിക്കാനുള്ള കഴിവ്, അധികാരവും ഉത്തരവാദിത്വവും പങ്കിടാനുള്ള മനോഭാവം എന്നിവയാണ് അതിനു വേണ്ടത്. ഈ ഗുണങ്ങൾ അദ്ദേഹത്തിന് ധാരാളം ഉണ്ടായിരുന്നു.

മൻ‌മോഹൻ സിംഗ്: സമവായങ്ങളുടെ നേതാവ്

മൻ‌മോഹൻ സിംഗിന് അവശ്യ സാഹചര്യങ്ങളിൽ ഉറച്ച നിലപാടുകൾ എടുക്കാൻ കഴിഞ്ഞിരുന്നു (യു.എസുമായുള്ള ആണവ കരാർ അത്തരമൊരു ഉദാഹരണമായിരുന്നു), ഭിന്നാഭിപ്രായങ്ങൾ സ്വീകരിക്കേണ്ടിയിരുന്നപ്പോൾ അദ്ദേഹം അതും ചെയ്തിരുന്നു (പണപ്പെരുപ്പ പ്രത്യാഘാതങ്ങളെ കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും എം‌എസ്‌പി വർദ്ധനയ്ക്ക് വേണ്ടി ആവർത്തിച്ചുള്ള അഭ്യര്‍ത്ഥനകൾക്ക് അദ്ദേഹം വഴങ്ങിയിരുന്നു), സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തീരുമാനങ്ങളിൽ അദ്ദേഹം അയവു വരുത്തിയിരുന്നു (സ്വതന്ത്ര കമ്പോള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആശയവുമായി അനുഭാവം പുലർത്തുമ്പോൾ തന്നെ എം‌എൻ‌ആർ‌ഇ‌ജി‌എസ് പോലുള്ള ക്ഷേമപദ്ധതികളോടുള്ള അദ്ദേഹത്തിന്റെ സമീപനവും ഒരു ഉദാഹരണമാണ്).

മൻ‌മോഹൻ സിംഗ് ഭരണകൂടം കളങ്കമില്ലാതെ തുടർന്നുവെന്നോ പത്ത് വർഷക്കാലം അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ നേട്ടങ്ങൾ ആവർത്തിച്ചു എന്നോ അല്ല ഇത് സൂചിപ്പിക്കുന്നത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മോശമായ അഴിമതികളിൽ ചിലതിന് അദ്ദേഹത്തിന്റെ ഭരണകൂടം നേതൃത്വം നൽകി എന്ന് ആരോപിക്കപ്പെടുന്നു. ഇന്നുവരെ അദ്ദേഹത്തിന്റെ വ്യക്തിപരമായ സത്യസന്ധതയെ കുറിച്ച് ആർക്കും സംശയം ഇല്ലെങ്കിലും അഴിമതിക്കാർക്കെതിരെ നിർണായക നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തിനു വിധേയനാണ് മുൻ പ്രധാനമന്ത്രി. കുറഞ്ഞപക്ഷം പൊതു ബോധത്തിലേക്ക് ആ ധാരണ മുദ്രണം ചെയ്യപ്പെട്ടു. പിഴവുകളുടെ പേരിൽ മാത്രമായി മൻ‌മോഹൻ സിംഗ് ‘വർഷങ്ങൾ’ ഓർമ്മിക്കുന്നത് ശരിയാണോ? നിരവധി സംഭാവനകൾ രാജ്യത്തിന് നൽകിയ ഒരു മനുഷ്യനോട് ചെയ്യുന്ന അന്യായമായിരിക്കും അത്.

(മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, ക്വിന്റ് പുനഃ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ)