“അഹങ്കാരത്തിന്റെ രാഷ്ട്രീയത്തിന് കേരളം പറഞ്ഞ ജനാധിപത്യ വിധി, “മറ്റാരുണ്ട്?” എന്ന ചോദ്യത്തിന് ജനങ്ങളുടെ മറുപടി — “ഉണ്ട്, ഞങ്ങളുണ്ട്.”

കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ സംഭവം മാത്രമല്ല; അത് ഒരു സാമൂഹിക മനശ്ശാസ്ത്രത്തിന്റെ, ഒരു ദീർഘകാല രാഷ്ട്രീയ അനുഭവത്തിന്റെ, ഒരു അടിത്തറയിൽ നിന്ന് ഉയർന്ന നിശ്ശബ്ദ കലാപത്തിന്റെ പൊട്ടിത്തെറിയാണ്. ഈ പൊട്ടിത്തെറി ഒരു ദിവസത്തിൽ ഉണ്ടായതല്ല. അത് വർഷങ്ങളായി അടിഞ്ഞുകൂടിയ അനുഭവങ്ങളുടെ, അവഗണനകളുടെ, വിശ്വാസ നഷ്ടങ്ങളുടെ, അഹങ്കാരങ്ങളുടെ ശേഖരമാണ്. ജനങ്ങൾ പലപ്പോഴും സംസാരിക്കാറില്ല; അവർ എഴുതാറില്ല; അവർ സിദ്ധാന്തങ്ങൾ നിർമിക്കാറില്ല. പക്ഷേ അവർ ഓർക്കുന്നു, താരതമ്യം ചെയ്യുന്നു, ഒടുവിൽ വിധിക്കുന്നു. ഈ വിധിയാണ് ഈ തിരഞ്ഞെടുപ്പ്. പുതിയ തിരഞ്ഞെടുപ്പ് ഫലം ഒരു സാധാരണ രാഷ്ട്രീയ മാറ്റമല്ല; അത് ഒരു ദീർഘകാല സാമൂഹിക മനശ്ശാസ്ത്രത്തിന്റെ പൊട്ടിത്തെറിയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പലപ്പോഴും അക്കങ്ങളായി വായിക്കപ്പെടുന്നു എത്ര സീറ്റുകൾ, എത്ര വോട്ടുകൾ, എത്ര ശതമാനം സ്വിംഗ്. പക്ഷേ ചില തിരഞ്ഞെടുപ്പുകൾ അക്കങ്ങളിലല്ല, അർത്ഥത്തിലാണ് വായിക്കേണ്ടത്. ഈ തിരഞ്ഞെടുപ്പ് അത്തരത്തിലൊന്നാണ്. ഇത് ഒരു ഭരണകൂടത്തിന്റെ തോൽവിയേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ചോദ്യം ചെയ്യലാണ്.കിറ്റും സാരിയും പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കാമെന്ന ധാർഷ്ട്യത്തിന് കേരളം നൽകിയ മറുപടി തീക്ഷ്ണമാണ്. ജനങ്ങളെ താഴ്ത്തി കാണുന്ന ഭാഷയും, ചോദ്യങ്ങൾക്കുള്ള മറുപടി ഒഴിവാക്കുന്ന സമീപനവും, അധികാരത്തിന്റെ ഉയരത്തിൽ നിന്ന് താഴേക്ക് നോക്കുന്ന ഒരു രാഷ്ട്രീയ ശൈലിയും ഇതെല്ലാം ചേർന്ന് രൂപപ്പെട്ട അഹങ്കാരത്തിന്‍റെ മറുപടിയാണ് ഈ ഫലം. “വീട്ടിൽ പോയി ചോദിക്ക്” എന്ന ഒരു വാചകം തന്നെ ജനാധിപത്യത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നതാണ്. ആ വേദന വോട്ടായി മാറുമ്പോൾ, അത് ഒരു വ്യക്തിയെ മാത്രമല്ല, ഒരു രാഷ്ട്രീയ രീതിയെ തന്നെ ശിക്ഷിക്കും.

കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം നിലനിന്ന ഒരു വലിയ ഭ്രമം ഉണ്ടായിരുന്നു “കോട്ടകൾ” എന്ന ഭ്രമം. ചില മണ്ഡലങ്ങൾ, ചില നേതാക്കൾ, ചില പാർട്ടികൾ ഇവരെ തോൽപ്പിക്കാനാകില്ല എന്നൊരു വിശ്വാസം. എന്നാൽ ഈ തിരഞ്ഞെടുപ്പ് തെളിയിച്ചത്, കോട്ടകൾ യാഥാർത്ഥ്യത്തിൽ ഇല്ല; അവ വിശ്വാസത്തിന്റെ മേൽ നിർമ്മിച്ച ധാരണകൾ മാത്രമാണ്. ധർമ്മടത്തിൽ പിണറായി വിജയൻ നേരിട്ട അടിത്തറയിലെ ഇളക്കം ഈ സത്യത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു. ഒരു നേതാവിന്റെ ശക്തി എത്രയുണ്ടായാലും, അത് അടിത്തറയിൽ നിന്നാണ് വരുന്നത്. ആ അടിത്തറയിൽ അസ്വസ്ഥത വളരുമ്പോൾ, അത് ഒരുദിവസം പുറത്തുവരും. അത് വ്യക്തിപരമായ തോൽവി അല്ല; അത് ഒരു ബന്ധത്തിന്റെ തകർച്ചയാണ്.

ഈ തകർച്ച പെട്ടെന്നുള്ളതല്ല. അത് ഒരു ക്രമിക പ്രക്രിയയാണ് — loyalty മുതൽ fatigue വരെ നീളുന്ന ഒരു മനശ്ശാസ്ത്രപരമായ യാത്ര. ആദ്യം വിശ്വാസം ഉണ്ടാകും, പിന്നീട് അത് ഒരു പതിവായി മാറും, ഒടുവിൽ അത് മടുത്തുപോകലായി മാറും. ഒരു പാർട്ടി ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ, അത് ജനങ്ങൾക്ക് സ്വാഭാവികമായി തോന്നാൻ തുടങ്ങും. പുതിയ ഉണർവ്വില്ലാതെ തുടരുന്ന രാഷ്ട്രീയം ഒടുവിൽ ഒരു മാനസിക ക്ഷീണത്തിലേക്ക് നയിക്കും. ധർമ്മടത്തിൽ ഈ fatigue വ്യക്തമായിരുന്നു. ജനങ്ങൾ വെറുത്തില്ല; പക്ഷേ അവർ ആവേശത്തോടെ ചേർന്നുമില്ല. ഈ അവസ്ഥയാണ് ഏറ്റവും അപകടകരമായത്.തൃശ്ശൂരിൽ നിന്നുയർന്ന കഥകൾ ഈ തിരഞ്ഞെടുപ്പിന്റെ ആത്മാവാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ മായ്ച്ചുപോയപ്പോൾ, അത് തിരികെ പിടിക്കാൻ ഓടുന്നവരുടെ കഥ. BLO-യുടെ പിന്നാലെ കാത്തുനിൽക്കുന്ന മനുഷ്യരുടെ ക്ഷമ. അക്ഷയ കേന്ദ്രങ്ങളുടെ മുന്നിൽ നിൽക്കുന്ന ചെറിയ പ്രതീക്ഷകൾ. ഈ ചെറിയ സംഭവങ്ങൾ ചേർന്നാണ് വലിയ രാഷ്ട്രീയ ഫലങ്ങൾ ഉണ്ടാകുന്നത്. ജനാധിപത്യം വലിയ വേദികളിൽ മാത്രം നടക്കുന്നില്ല; അത് ഇത്തരം ചെറിയ ഇടങ്ങളിൽ ജീവിക്കുന്നു.
ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചുരുക്കം “ഭരണവിരുദ്ധ വികാരം” എന്നൊരു വാക്കിൽ ഒതുക്കുന്നത് ഒരു ലഘൂകരണമാണ്. ഇത് അതിനേക്കാൾ കൂടുതൽ ആഴമുള്ളതാണ്. ഇത് അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വലിയ ചോദ്യമാണ്. ഒരു സർക്കാർ പത്ത് വർഷം അധികാരത്തിൽ തുടരുമ്പോൾ, അത് ഒരു സ്വാഭാവികമായ ആത്മവിശ്വാസം വളർത്തും. പക്ഷേ ആ ആത്മവിശ്വാസം എപ്പോഴാണ് അഹങ്കാരമായി മാറുന്നത് എന്നത് തിരിച്ചറിയാൻ കഴിയാത്തപ്പോൾ, അതാണ് അതിന്റെ വീഴ്ചയുടെ തുടക്കം.

“മറ്റാരുണ്ട്?” എന്ന ചോദ്യം രാഷ്ട്രീയത്തിൽ ഒരു അപകടകരമായ വാചകമാണ്. അത് ഒരു ചോദ്യം പോലെ കേൾക്കുമ്പോഴും, അതിൽ ഒളിഞ്ഞിരിക്കുന്നത് ഒരു അവകാശവാദമാണ് — “ഞങ്ങളല്ലാതെ മറ്റാരുമില്ല” എന്നത്. ജനാധിപത്യത്തിൽ ഈ വാചകം സ്വീകാര്യമല്ല. ജനങ്ങൾ അതിന് നൽകിയ മറുപടി അത്രമേൽ ലളിതമായിരുന്നു: “ഉണ്ട്.”
അതായത് — ജനാധിപത്യം ഒരിക്കലും ശൂന്യമാകുന്നില്ല.

അതേ സമയം, കേരളം ഒരൊറ്റ തരംഗത്തിൽ ചലിക്കുന്നില്ല എന്ന സത്യവും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. നേമം പോലുള്ള മണ്ഡലങ്ങളിൽ കണ്ട സ്ഥിരത, രാഷ്ട്രീയ പ്രതികരണങ്ങളുടെ വൈവിധ്യത്തെ ഓർമ്മിപ്പിക്കുന്നു. ചിലിടങ്ങളിൽ മാറ്റം, ചിലിടങ്ങളിൽ continuity — ഇത് ഒരു simple wave അല്ല; ഒരു complex political reconfiguration ആണ്. ഇതിൽ വ്യക്തിയുടെ സ്വാധീനവും, പ്രാദേശിക രാഷ്ട്രീയവും, സാമൂഹിക ഘടനകളും ചേർന്ന് പ്രവർത്തിക്കുന്നു.

ഈ മുഴുവൻ മാറ്റത്തിന്റെ ഏറ്റവും ആഴത്തിലുള്ള കേന്ദ്രം തെക്കൻ കേരളമാണ് — തിരുവനന്തപുരം, കൊല്ലം. ഇവിടെ സംഭവിച്ചത് ഒരു ലളിതമായ വോട്ട് മാറ്റമല്ല; അത് ഒരു epistemic contempt-ന്റെ പ്രതികരണമാണ്. ഇവിടെ ഒരു “epistemic contempt” ഉണ്ട് — അതായത്, ഗ്രാമങ്ങളുടെ അറിവിനെയും അനുഭവങ്ങളെയും അവഗണിക്കുന്ന ഒരു ബൗദ്ധിക പുച്ഛം. നഗരങ്ങളിൽ ഇരുന്ന് നയങ്ങൾ ഉണ്ടാക്കുന്നവർ, ഗ്രാമങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിച്ചില്ല. അവർക്ക് ഗ്രാമങ്ങൾ ഒരു രാഷ്ട്രീയ മാപ്പിലെ പ്രദേശങ്ങൾ മാത്രമായിരുന്നു — ജീവിക്കുന്ന സമൂഹങ്ങൾ അല്ല.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവങ്ങളെ, അവരുടെ അറിവിനെ, അവരുടെ പ്രശ്നങ്ങളെ രാഷ്ട്രീയമായി ഗൗരവമായി കാണാത്ത ഒരു സമീപനം വർഷങ്ങളായി രൂപപ്പെട്ടു. നഗരകേന്ദ്രികൃത നയങ്ങൾ, നഗരത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന രാഷ്ട്രീയം, ഗ്രാമങ്ങളെ data points ആയി മാത്രം കാണുന്ന സമീപനം ഇതെല്ലാം ചേർന്ന് ഒരു ബൗദ്ധിക പുച്ഛം സൃഷ്ടിച്ചു. ജനങ്ങൾ അത് തിരിച്ചറിഞ്ഞു. അവരുടെ മറുപടി വോട്ടായിരുന്നു.ഇത് ഒരു ഭരണപരമായ പിഴവ് മാത്രമല്ല ഇത് ഒരു മൂല്യപരമായ പരാജയം ആണ്.

ഈ അവഗണനയുടെ ഫലമായി ജനങ്ങൾ പുതിയ വഴികൾ തേടി. അതാണ് ഭാരതീയ ജനത പാർട്ടിയ്ക്ക് ലഭിച്ച inroads. ഇത് ഒരു ആശയവാദത്തിന്റെ വിജയം മാത്രം അല്ല ഇത് മറ്റുള്ളവരുടെ പരാജയത്തിന്റെ ഫലമാണ്. കേൾക്കാത്തവർക്ക് പകരം കേൾക്കുന്നവരെ ജനങ്ങൾ തേടും അവർ ആരായാലും.ഈ ശൂന്യതകളിലാണ് ഭാരതീയ ജനത പാർട്ടി പോലുള്ള ശക്തികൾക്ക് ഇടം ലഭിക്കുന്നത്. അവരുടെ മുന്നേറ്റം ആശയവിജയം മാത്രമല്ല; അത് മറ്റു പാർട്ടികളുടെ പരാജയം സൃഷ്ടിച്ച ഇടം നിറയ്ക്കലാണ്. രാഷ്ട്രീയത്തിൽ ശൂന്യതകൾ നിലനിൽക്കില്ല. ആരെങ്കിലും അത് നിറക്കും. പക്ഷേ ഇത് ഒരു സ്ഥിര അടിത്തറയല്ല; ഇത് ഒരു മുന്നറിയിപ്പാണ്.ഭാരതീയ ജനത പാർട്ടിയുടെ മുന്നേറ്റം പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ ഒരു രാഷ്ട്രീയ സിഗ്നൽ ആണ്. മൂന്ന് സീറ്റുകൾ ചെറിയതായി തോന്നാം, പക്ഷേ അത് ഒരു structural shift ആണ്.
പക്ഷേ, ഈ വളർച്ചയെ ശരിയായി വായിക്കണം. ഇത് ഒരു ശക്തമായ ആശയവിജയം അല്ല. ഇത് വ്യതിചലന വോട്ട് (displacement vote) ആണ് മറ്റു പാർട്ടികളോട് ഉള്ള അസന്തോഷത്തിന്റെ ഫലം.

BJPയുടെ കേരളത്തിലെ പരിമിതി വ്യക്തമാണ്:
ഒരു ദീർഘകാല സാമൂഹിക അടിത്തറയുടെ അഭാവം
പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളോട് ഉള്ള disconnect
ആശയപരമായ ഒരു ഏകമുഖത

കേരളത്തിൽ, മതാധിഷ്ഠിത ധ്രുവീകരണം മാത്രം ഒരു സ്ഥിരമായ രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കാൻ മതിയാകില്ല. ഇവിടെ രാഷ്ട്രീയം കൂടുതൽ സങ്കീർണ്ണമാണ് അത് സാമൂഹിക നീതി, ക്ഷേമം, പ്രാദേശിക ബന്ധം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
അതുകൊണ്ട് BJPയുടെ മുന്നേറ്റം ഒരു മുന്നറിയിപ്പാണ് പക്ഷേ അത് ഒരു ഉറച്ച അടിത്തറയല്ല.
ഇടതുപക്ഷത്തിന്റെ തകർച്ച ഈ മുഴുവൻ പശ്ചാത്തലത്തിൽ വായിക്കണം. ഒരിക്കൽ ഒരു ജീവിക്കുന്ന പ്രസ്ഥാനം ആയിരുന്ന രാഷ്ട്രീയം പതുക്കെ ഒരു സ്ഥാപനമായി മാറി. ഇത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്, പക്ഷേ അതിന്റെ അപകടം ആത്മാവിനെ നഷ്ടപ്പെടുത്തുക എന്നതാണ്. ചലനം ഘടനയായി മാറുമ്പോൾ, ബന്ധം നിയന്ത്രണമായി മാറുമ്പോൾ, ശബ്ദം പ്രോട്ടോക്കോളായി മാറുമ്പോൾ രാഷ്ട്രീയം തന്റെ അടിത്തറയിൽ നിന്ന് അകന്നു ഇടതുപക്ഷത്തിന്റെ തകർച്ച ഇതിന്റെ കേന്ദ്രത്തിലാണ്. വർഷങ്ങളായി ശക്തമായ ഘടനയുണ്ടായിരുന്ന ഒരു പ്രസ്ഥാനം, പതുക്കെ തന്റെ തന്നെ അടിത്തറയിൽ നിന്ന് അകന്നു. പാർട്ടി ഒരു മെഷീനായി മാറി ഒരു ജീവിക്കുന്ന സമൂഹമല്ല. അണികളുടെ ശബ്ദം കേൾക്കാത്ത നേതൃത്വം, വിമർശനങ്ങളെ ശത്രുതയായി കാണുന്ന സംസ്കാരം, അധികാരത്തിന്റെ സൗകര്യത്തിൽ വളർന്ന അഹങ്കാരം ഇതെല്ലാം ചേർന്നാണ് ഈ തകർച്ച.പോകുന്നു. പാർട്ടി സ്വതന്ത്രരായിരുന്ന പാർട്ടി വിട്ടുമാറിയിട്ടു പോലും കെ.ടി. ജലീൽ, പി.കെ. ശശി, പി.വി. അൻവർ തുടങ്ങിയവരുടെ പരാജയം വ്യക്തിപരമല്ല; അത് ഒരു ഘടനയുടെ തകർച്ചയാണ്. അതേ സമയംപാർട്ടി അംഗങ്ങൾ ആയിരുന്ന ജി സുധാകരൻ , കുഞ്ഞി കൃഷ്‌ണൻ , ടി.കെഗോവിന്ദൻ എന്നിവരുടെ വിജയം പാർട്ടിഅണികളുടെ തിരുത്തൽ നയപ്രഖ്യാപനമായി കാണാം

ഇവിടെ ഒരു പ്രധാന ദ്വന്ദ്വം ഉണ്ട് performance vs perception. ഒരു സർക്കാർ പ്രവർത്തിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം. പക്ഷേ അത് എങ്ങനെ അനുഭവപ്പെടുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. വികസനവും ക്ഷേമപദ്ധതികളും ഉണ്ടായിരിക്കാം, പക്ഷേ ജനങ്ങളുടെ അനുഭവത്തിൽ അത് പ്രതിഫലിക്കാത്തപ്പോൾ, രാഷ്ട്രീയമായി അത് വിലകുറയും. പ്രതിസന്ധികളിൽ ശക്തമായ നേതൃത്വം നൽകുന്നത് നിർണായകമാണ്, പക്ഷേ ദിവസേനയുള്ള ഭരണത്തിന്റെ അനുഭവമാണ് വോട്ടിനെ നിർണയിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ, പ്രാദേശിക ആവശ്യങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ ഇവയാണ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ അടിത്തറ.

ഈ തിരഞ്ഞെടുപ്പിൽ മറ്റൊരു ശ്രദ്ധേയമായ ഘടകം വനിതാ സ്ഥാനാർത്ഥികളുടെ പ്രകടനമാണ്. CPMയുടെ വനിതാ സ്ഥാനാർത്ഥികൾ പരാജയപ്പെടുമ്പോൾ, UDFയുടെ വനിതാ സ്ഥാനാർത്ഥികൾ വിജയിക്കുന്നു. ഇത് ഒരു ലളിതമായ gender narrative അല്ല. ഇത് credibility politics ആണ്. ആരാണ് approachable, ആരാണ് വിശ്വസിക്കാവുന്നത് — ജനങ്ങൾ അതാണ് വിലയിരുത്തിയത്.

അതുപോലെ തന്നെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്യുടെ വിജയം മറ്റൊരു സത്യത്തെ തെളിയിക്കുന്നു. ശക്തമായ സാമൂഹിക അടിത്തറയും സ്ഥിരമായ ബന്ധവുമുള്ള രാഷ്ട്രീയം നിലനിൽക്കും. ഇത് identity politics മാത്രമല്ല; trust politics ആണ്. ഒരു സമൂഹവുമായി ദീർഘകാലം ബന്ധം പുലർത്തുന്ന പാർട്ടികൾ, മാറ്റങ്ങളിലൂടെ പോലും നിലനിൽക്കും.

ഇതിനൊപ്പം കേരള കോൺഗ്രസ് (മാണി)യുടെ പരാജയവും ട്വന്റി20 പാർട്ടിയുടെ തകർച്ചയും ചേർന്ന് ഒരു വലിയ സത്യം തുറന്നു കാണിക്കുന്നു — പഴയ രാഷ്ട്രീയ ഫോർമുലകൾ ഇനി പ്രവർത്തിക്കുന്നില്ല. സമുദായം മാത്രം മതിയാകുന്നില്ല; വികസനം മാത്രം മതിയാകുന്നില്ല. ജനങ്ങൾ അന്വേഷിക്കുന്നത് വിശ്വാസമാണ്.

ഈ പശ്ചാത്തലത്തിൽ UDFയുടെ വിജയം ഒരു അവസരമാണ്. വി. ഡി. സതീശൻ പോലുള്ള നേതാക്കൾ ജനങ്ങളുടെ മനോഭാവം തിരിച്ചറിഞ്ഞു. പക്ഷേ ഇത് ഒരു സ്ഥിര വിജയം അല്ല. ഇത് ഒരു പരീക്ഷണമാണ്. ജനങ്ങൾ ഇപ്പോൾ കൂടുതൽ ബോധവാന്മാരാണ്. അവർ മാറ്റം മാത്രം ആഗ്രഹിക്കുന്നില്ല; അവർ ഗുണമേന്മയുള്ള മാറ്റം ആഗ്രഹിക്കുന്നു.ഈ മാറ്റത്തിന്റെ രാഷ്ട്രീയ നാഡി കൃത്യമായി തിരിച്ചറിഞ്ഞത് വി. ഡി. സതീശൻ ആണ്. “നൂറ് സീറ്റ്” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പലർക്കും അതിശയമായി തോന്നിയെങ്കിലും, അത് ഒരു രാഷ്ട്രീയ വായനയായിരുന്നു. സർവേകളുടെ ഡാറ്റയേക്കാൾ പ്രധാനപ്പെട്ടത് മനുഷ്യരുടെ മനോഭാവമാണ്. ഗ്രാമങ്ങളിലെ ചെറിയ യോഗങ്ങളിൽ നിന്നുയർന്ന ശബ്ദം, വീടുകളിലെ സംഭാഷണങ്ങളിൽ രൂപപ്പെട്ട അസ്വസ്ഥത, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ — ഇവയൊക്കെയാണ് ഒരു വലിയ തരംഗത്തിന്റെ സൂചനകൾ.

രാഷ്ട്രീയത്തിൽ ഏറ്റവും വലിയ പിഴവ് “നിശ്ശബ്ദതയെ അനുമതിയായി വായിക്കുക” എന്നതാണ്. ജനങ്ങൾ പ്രതികരിക്കാത്തത് അവർ സമ്മതിക്കുന്നു എന്നർത്ഥമല്ല. പലപ്പോഴും അത് അവർ നിരീക്ഷിക്കുന്നു എന്നർത്ഥമാണ്. ശരിയായ സമയത്ത് അവർ പ്രതികരിക്കും. ഈ തിരഞ്ഞെടുപ്പ് അതിന്റെ തെളിവാണ്.2021ലെ പരാജയത്തിന് ശേഷം കോൺഗ്രസിന് മുന്നിൽ ഒരു നിർണായക ഘട്ടമുണ്ടായിരുന്നു. അടിത്തട്ടിൽ നിന്ന് പുനർനിർമ്മിക്കപ്പെടുക, അല്ലെങ്കിൽ പതുക്കെ അപ്രത്യക്ഷമാകുക. കേരളത്തിൽ കോൺഗ്രസ് ആദ്യ വഴിയാണ് തിരഞ്ഞെടുത്തത്. ഇത് ഒരു സാധാരണ സംഘടനാ മാറ്റമല്ല — അത് ഒരു ആഴത്തിലുള്ള പരിവർത്തനമാണ്. ഒരു “മജ്ജ മാറ്റിവയ്ക്കൽ” പോലെ, പഴയ ശീലങ്ങൾ മാറ്റി പുതിയ ഊർജ്ജം കൊണ്ടുവന്ന ഒരു പ്രക്രിയ.

പുതിയ നേതൃനിര യുവത്വവും പുതുമയും ചേർന്ന ഒരു രാഷ്ട്രീയ ഊർജ്ജം പാർട്ടിയെ വീണ്ടും സജീവമാക്കി. അവർ നടത്തിയ പോരാട്ടം അധികാരത്തിനായിരുന്നില്ല; അംഗീകാരത്തിനായിരുന്നു. അതാണ് അവരുടെ വിശ്വാസ്യതയുടെ അടിസ്ഥാനം. ജനങ്ങൾ അത് തിരിച്ചറിഞ്ഞു.

ഈ പുനർനിർമാണത്തിന് ആശയപരമായ ദിശ നൽകിയിരിക്കുന്നത് രാഹുൽ ഗാന്ധി ആണ്. മതേതരത്വവും സാമൂഹ്യ നീതിയും കേന്ദ്രീകരിച്ച ഒരു രാഷ്ട്രീയ ചിന്തയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമം കേരളത്തിൽ വ്യക്തമായ ഫലമായി. അതിനൊപ്പം സംഘടനാ ശക്തി നൽകിയതിൽ കെ. സി. വേണുഗോപാൽ പോലുള്ള നേതാക്കളുടെ പങ്ക് നിർണായകമാണ്.
ഇടതുപക്ഷത്തിന് കേരള ഭരണം നഷ്ടമായിരിക്കുന്നു എന്നത് ഒരു സാധാരണ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല; അത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1977 മുതൽ തുടർച്ചയായി ഏതെങ്കിലും സംസ്ഥാനത്ത് ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന ഒരു ദീർഘകാല രാഷ്ട്രീയ അധ്യായം ഇതോടെ അവസാനിക്കുന്നു. പശ്ചിമ ബംഗാളിൽ 2011 വരെ, തൃപുരയിൽ 2018 വരെ, കേരളത്തിൽ 2026 വരെ ഈ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ആശയശക്തിയായി നിലകൊണ്ടത്. ഇന്ന്, ആ ശക്തി ഭരണത്തിലില്ലാത്ത ഒരു അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇത് ഒരു പാർട്ടിയുടെ തോൽവി മാത്രമല്ല; ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ചോദ്യം കൂടിയാണ്.ഇടതുപക്ഷം ചരിത്രത്തിലേക്ക് ചുരുങ്ങുമോ, അല്ലെങ്കിൽ പുതിയൊരു രൂപത്തിൽ തിരിച്ചുവരുമോ? ഈ ചോദ്യം ഉന്നയിക്കുന്നത് രാഷ്ട്രീയ എതിരാളികൾ മാത്രമല്ല; ഇടതുപക്ഷത്തിന്റെ ഉള്ളിലെവർ തന്നെ ഈ ചോദ്യം ചോദിക്കേണ്ട അവസ്ഥയിലാണ്. കാരണം, ഈ പരാജയം ഒരു താൽക്കാലിക രാഷ്ട്രീയ പിഴവിന്റെ ഫലം മാത്രമല്ല; അത് ഒരു ദീർഘകാല structural drift-ന്റെ പര്യവസാനമാണ്.കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രം 1957 മുതൽ തുടങ്ങുന്ന ഒരു ഗൗരവമേറിയ സാമൂഹ്യ-രാഷ്ട്രീയ പ്രക്രിയയാണ്. അത് വെറും തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന രാഷ്ട്രീയമല്ലായിരുന്നു; അത് ജനമനസ്സിനെ തിരിച്ചറിയുകയും അതിനെ രാഷ്ട്രീയമായി രൂപപ്പെടുത്തുകയും ചെയ്ത ഒരു പ്രസ്ഥാനം ആയിരുന്നു. കർഷകരുടെ അസ്വസ്ഥത, തൊഴിലാളികളുടെ അവകാശങ്ങൾ, സാമൂഹിക നീതിയുടെ ആവശ്യങ്ങൾ ഇവയെല്ലാം രാഷ്ട്രീയ അജണ്ടകളാക്കി മാറ്റാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അതാണ് അവരുടെ ശക്തി.

പക്ഷേ ഇന്നത്തെ യാഥാർത്ഥ്യം വേറെയാണ്. ഈ തിരഞ്ഞെടുപ്പ് ഒരു സത്യം തുറന്നു കാണിക്കുന്നു: ജനമനസ്സിന്റെ താപം തിരിച്ചറിയാനുള്ള ആ ശേഷി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിൽ കണ്ണൂരിൽ പോലും പാർട്ടിയുടെ ഏറ്റവും ഉറച്ച മണ്ണിൽ പോലും ഈ disconnect പ്രകടമായി. ഇത് ഒരു ചെറിയ രാഷ്ട്രീയ പിഴവ് അല്ല; ഇത് ഒരു deeper epistemic failure ആണ്.ഒരു കാലത്ത് പോസ്റ്ററുകളിൽ നിറഞ്ഞുനിന്നിരുന്ന പി. കൃഷ്ണപിള്ള, എ. കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട് പോലുള്ള നേതാക്കളുടെ അഭാവം ഒരു സാങ്കേതിക തീരുമാനമല്ല; അത് ഒരു രാഷ്ട്രീയ സന്ദേശമാണ്. പ്രസ്ഥാനം വ്യക്തികളിലേക്ക് ചുരുങ്ങുമ്പോൾ, അത് തന്റെ തന്നെ ആന്തരിക ഊർജ്ജം നഷ്ടപ്പെടുത്തുന്നു. ഒരുകാലത്ത് collective leadership ആയിരുന്നത് centralized authority ആയി മാറുമ്പോൾ, അത് ജനങ്ങളുമായുള്ള ബന്ധത്തെ ദുർബലമാക്കും.ഈ തിരഞ്ഞെടുപ്പിൽ കാണപ്പെട്ട മറ്റൊരു പ്രധാന സത്യം, ഇടതുപക്ഷം തന്റെ സ്വന്തം രാഷ്ട്രീയ ഭാഷ പോലും നഷ്ടപ്പെടുത്തി എന്നതാണ്. മുമ്പ് അവർ സംസാരിച്ചിരുന്നത് ജനങ്ങളുടെ ഭാഷയിലായിരുന്നു; ഇന്ന് അവർ സംസാരിക്കുന്നത് ഭരണത്തിന്റെ ഭാഷയിലാണ്. ഈ മാറ്റം വളരെ സൂക്ഷ്മമായാണ് സംഭവിച്ചത്, പക്ഷേ അതിന്റെ ആഘാതം വളരെ വലിയതാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു. അവർ പ്രതികരിച്ചു.

ഭരണമാറ്റം കേരളത്തിന് നല്ലതാണ് എന്നത് നിഷേധിക്കാനാവില്ല. ഒരു ജനാധിപത്യത്തിൽ അധികാരം മാറുന്നത് അതിന്റെ ആരോഗ്യത്തിന്റെ അടയാളമാണ്. പക്ഷേ ഈ മാറ്റത്തിന്റെ ആഴം മനസ്സിലാക്കാതെ, അതിനെ ഒരു സാധാരണ anti-incumbency ആയി കാണുന്നത് അപകടകരമാണ്. ഇത് anti-incumbency അല്ല; ഇത് anti-arrogance ആണ്, anti-distance ആണ്, anti-disconnect ആണ്.
ഇത്ര കുറച്ചു സീറ്റുകളുമായി പ്രതിപക്ഷ നിരയിൽ ഇരിക്കേണ്ടി വന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇടതുപക്ഷം സത്യസന്ധമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇത് ഒരു tactical failure അല്ല; ഇത് ഒരു structural failure ആണ്. തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയവർ, പരസ്യങ്ങളിൽ മുന്നിൽ നിന്നവർ, വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ തയ്യാറായിരുന്നവർ അവർ പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതാണ്. രാഷ്ട്രീയത്തിൽ accountability selective ആകാൻ പാടില്ല.

ഇവിടെ മറ്റൊരു ഗൗരവമുള്ള വിഷയമുണ്ട്. കേരളം “വർഗീയ ശക്തികൾക്ക് വഴങ്ങില്ല” എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ഇടതുപക്ഷം, ഇന്ന് പ്രതിപക്ഷ നിരയിൽ ഹിന്ദുത്വ രാഷ്ട്രീയ പ്രതിനിധികളോടൊപ്പം ഇരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. ഇത് വെറും രാഷ്ട്രീയ irony അല്ല; ഇത് ഒരു strategic failure ആണ്. ശൂന്യതകൾ സൃഷ്ടിക്കുമ്പോൾ, അവ നിറയ്ക്കാൻ ആരെങ്കിലും വരും അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന നിയമമാണ്.
ഇടതുപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളി ഇപ്പോൾ ഇരട്ടിയാണ്. ഒന്നാമത്, അവർ സ്വന്തം അടിത്തറ പുനർനിർമ്മിക്കണം. രണ്ടാമത്, അവർ ഒരു വലിയ ദേശീയ രാഷ്ട്രീയ യാഥാർത്ഥ്യത്തോട് പ്രതികരിക്കണം. ഇന്ത്യയിലെ രാഷ്ട്രീയ പരിസരം മാറിയിരിക്കുന്നു. മതേതര രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നാം. ഈ സാഹചര്യത്തിൽ, കോൺഗ്രസിനോടുള്ള ബന്ധം പുനർവിചിന്തിക്കേണ്ടത് ഒരു ideological betrayal അല്ല; അത് ഒരു political necessity ആണ്.രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിലേക്ക് മാത്രം ചുരുങ്ങുമ്പോൾ, അത് തന്റെ തന്നെ ആഴം നഷ്ടപ്പെടുത്തും. ഇടതുപക്ഷം വീണ്ടും ഒരു പ്രസ്ഥാനമായി മാറണം ഒരു election machine ആയി അല്ല. അതിന് ground-level engagement ആവശ്യമാണ്, ജനങ്ങളുമായുള്ള direct ബന്ധം ആവശ്യമാണ്, വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പ് ആവശ്യമാണ്.2031 ലെ നിയമസഭയെക്കുറിച്ച് ഇന്ന് തന്നെ ചിന്തിക്കേണ്ട സമയം ഇതാണ്. ഹിന്ദുത്വ ശക്തികൾക്ക് കൂടുതൽ ഇടം ലഭിക്കാതിരിക്കണമെങ്കിൽ, ഇന്നുതന്നെ ഒരു പുതിയ രാഷ്ട്രീയ സംവാദം ആരംഭിക്കണം. ഇത് tactical alliances-ന്റെ കാര്യമല്ല; ഇത് democratic survival-ന്റെ കാര്യമാണ. ഇടതുസംസ്കാരം കേരളത്തിൽ നിലനിൽക്കണമെങ്കിൽ, അത് ഒരു nostalgia ആയി മാത്രം നിലനിൽക്കാൻ പാടില്ല. അത് ഒരു ജീവിക്കുന്ന രാഷ്ട്രീയമായി തുടരേണ്ടതാണ്. അതിന് വേണ്ടത് ആത്മപരിശോധനയാണ്, വിനയമാണ്, മാറ്റത്തിനുള്ള ധൈര്യമാണ്.ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. അത് പുനർരചിക്കപ്പെടുന്നു. ഇടതുപക്ഷത്തിന് ഇന്നും ഒരു അവസരം ഉണ്ട് പക്ഷേ അത് സ്വാഭാവികമായി ലഭിക്കുന്ന അവസരം അല്ല; അത് അവർ സൃഷ്ടിക്കേണ്ടതാണ്.കേരളം തന്റെ വിധി പറഞ്ഞുകഴിഞ്ഞു.

ഇപ്പോൾ തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണ്.
അവർ ചരിത്രത്തിലേക്ക് ചുരുങ്ങുമോ, അല്ലെങ്കിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കുമോ അതാണ് അവരുടെ മുന്നിലുള്ള യഥാർത്ഥ ചോദ്യം.
ഈ മുഴുവൻ തിരഞ്ഞെടുപ്പിന്റെ ആഴത്തിലുള്ള അർത്ഥം ഒരു വാചകത്തിൽ ചുരുക്കാം ടി.കെ. ഗോവിന്ദന്റെ നിരീക്ഷണം: “അണികൾ നേതാക്കളെ നയിക്കുന്നു.” ഇത് ഒരു മുദ്രാവാക്യം അല്ല; ഒരു രാഷ്ട്രീയ വിപ്ലവമാണ്. മുമ്പ് പാർട്ടികൾ വോട്ടർമാരെ നിയന്ത്രിച്ചിരുന്നെങ്കിൽ, ഇന്ന് വോട്ടർമാരാണ് പാർട്ടികളെ നിർണയിക്കുന്നത്. ഇത് ഒരു populist shift മാത്രമല്ല; ഇത് ഒരു democratic deepening ആണ്.

കേരളം ഇന്ന് ഒരു പുതിയ രാഷ്ട്രീയ വ്യാകരണം എഴുതിയിരിക്കുന്നു. അതിൽ അധികാരം ഇനി സ്ഥിരമല്ല. വിശ്വാസം നിർണായകമാണ്. അടിത്തറയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്രം. നേതാക്കൾക്ക് ഇനി അപ്രാജിതത്വമില്ല. പാർട്ടി കോട്ടകൾ ഇനി സുരക്ഷിതമല്ല. ജനങ്ങൾ ഇനി അനുയായികൾ അല്ല അവർ നിർണായകർ ആണ്.

ഈ തിരഞ്ഞെടുപ്പ് ഒരു അവസാനമല്ല; അത് ഒരു തുടക്കമാണ്. ഒരു പുതിയ രാഷ്ട്രീയ ഘട്ടത്തിന്റെ തുടക്കം. ഇവിടെ ഓരോ പാർട്ടിക്കും ഒരു പാഠമുണ്ട്. കേൾക്കുക, ബന്ധപ്പെടുക, വിശ്വാസം പുനർനിർമ്മിക്കുക. അല്ലെങ്കിൽ, ഈ നിശ്ശബ്ദ കലാപം വീണ്ടും ആവർത്തിക്കും.

കേരളം പറഞ്ഞത് വളരെ ലളിതമാണ്:
“ഞങ്ങളെ കാണുക. ഞങ്ങളെ കേൾക്കുക. അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ മാറ്റും.”