ജാതി രാഷ്ട്രീയത്തിനെതിരായ ജനകീയ പോരാട്ടം തുടരും

വെങ്കിടേഷ് രാമകൃഷ്ണന്‍ ജിഗ്നേഷ് മെവാനിയുമായി നടത്തിയ അഭിമുഖം

ഒരു മിന്നല്‍പിണര്‍ കണക്കെ ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന്, ദളിതരുടെയും ഭൂരഹിതരുടെയും അടിസ്ഥാന പ്രശ്‌നനങ്ങള്‍ സവിശേഷമായ രീതിയില്‍ ദേശ ശ്രദ്ധയിലേക്ക് കൊണ്ട് വന്ന യുവ നേതാവ് ജിഗ്നേഷ് മേവാനി. മൂന്നു പതിറ്റാണ്ടിലേറെയായി ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും അതിലൂടെ ഇന്ത്യന്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ജീവിതാവസ്ഥകള്‍ ലോകത്തിനു മുന്നില്‍ തുറന്നു വെക്കുകയും ചെയ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. ഒരു വൈകുന്നേരം ഇരുവരും പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ കണ്ടുമുട്ടുന്നു, സംസാരിക്കുന്നു. മേവാനിയുടെ ദളിത് പക്ഷ ഭൂപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലെ ഒരു സമരത്തെ ഗുജറാത്തില്‍ ബനസ്‌കാണ്ടയിലെ ദളിതരുടെ വിജയകരമായ ആസാദി കൂച്ച് സമരം ആസ്പദമാക്കി തുടങ്ങിയ ആ സംസാരം പിന്നീട് കൂടുതല്‍ വിശാലമായ, സവിശേഷമായ തലങ്ങളിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ അപഗ്രഥനത്തിന്റെയും സാധ്യതാ വിശകലനങ്ങളുടെയും മൂര്‍ത്തവും നിമഗ്‌നവുമായ തലങ്ങളിലേക്ക്. ഭൂപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച, നവ ഇടതുപക്ഷത്തിന്റെ ഭാവി രൂപങ്ങള്‍, ഒരേ സമയം കുടിലതയുടെയും വിചിത്രവും വക്രവുമായ ക്രിയാത്മകതയുടെയും പ്രതിഫലനമാവുന്ന ഭരണകൂട തന്ത്രങ്ങള്‍ നേരിടുന്ന വൈയക്തിക ഭീഷണികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സ്പര്‍ശിച്ച് വൈവിധ്യപൂര്‍ണമായി വികസിച്ച ഒരു ധൈഷണിക സുഹൃദ് സംവാദം.

ജിഗ്നേഷ് മേവാനി:- ബനസ്‌കാണ്ട, പ്രളയം ഏതു നിമിഷവും വരാവുന്ന അവസ്ഥയിലുള്ള ഒരു ഗ്രാമം. അവിടെച്ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു, യാത്ര നിങ്ങളുടെ ജില്ലയില്‍ ഒത്തുചേരുമെന്നു നിങ്ങള്‍ക്കുറപ്പാണെങ്കില്‍ നമ്മള്‍ ദനേര ഉപരോധിക്കുവാന്‍ പോകുകയാണ്. ലവാര എന്നൊരു ഗ്രാമം കൂടിയുണ്ട് അവിടെ. അവിടെയെത്തിയപ്പോള്‍ അധികാരികളോട് ഞാന്‍ പറഞ്ഞു. കടലാസില്‍ ഭൂമി ദളിതര്‍ക്ക് പതിച്ചു നല്‍കിയെങ്കിലും നിങ്ങള്‍ കൈവശാവകാശം നല്‍കിയിട്ടില്ല. ദളിതുകള്‍ക്ക് ഭൂമി പതിച്ചു കൊടുത്തിട്ട് ദശകങ്ങളായിരിക്കുന്നു.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ദശകങ്ങളെന്നു പറയുമ്പോള്‍ അമ്പത് വര്‍ഷമെങ്കിലുമായിരിക്കുന്നു, അല്ലേ!

ജിഗ്നേഷ് മേവാനി:- അതെ. കലക്ടര്‍ അടക്കമുള്ള അധികാരികളുമായി എന്റെ സംഭാഷണത്തിന്റെ ഗതി ഇങ്ങനെയായിരുന്നു. ഭൂമി കടലാസില്‍ കൊടുത്തുവെങ്കിലും പക്ഷേ നിങ്ങള്‍ കൈവശാവകാശം നല്‍കിയിട്ടില്ല. ആസാദി കൂച്ച് യാത്ര അവിടെ വരുന്ന സമയത്ത് ആ ഭൂമിയിലെനിക്ക് കൃഷിയിറക്കാന്‍ സാധിക്കണം, അവിടെ എനിക്ക് കൃഷി ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് നിങ്ങളാണ് ഉറപ്പുവരുത്തേണ്ടത്, 2017 ജൂലൈ 18ന് ഞാന്‍ ചെല്ലുമ്പോള്‍ പക്ഷേ കാര്യങ്ങളൊന്നും അങ്ങനെയായിരുന്നില്ല. അതെടുത്തു കാണിച്ചപ്പോള്‍ അധികാരികളുടെ ഭാഷ്യം ഞങ്ങള്‍ക്കും ഇവിടെ ദളിതര്‍ക്കും കൃഷിയിറക്കാന്‍ സാധിക്കണം എന്ന് തന്നെയായിരുന്നു. അവരും ആത്മാര്‍ത്ഥമായി അങ്ങനെ ആഗ്രഹിച്ചിരുന്നുവത്രെ. പക്ഷേ ആ ആഗ്രഹം നടക്കാന്‍ കുറച്ച് വൈകിപ്പോയേക്കാം. അതായത് ജൂലൈ 22നും 24നുംമൊക്കെയാകാം. അപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങനെയെങ്കില്‍ ഞങ്ങള്‍ 18നോ 20നോ 22നോ 24നോ ഒക്കെ റോഡ് ഉപരോധിക്കും. നിങ്ങളുടെ ഔദ്യോഗിക നടപടികള്‍ക്ക് കൃത്യത ഇല്ലെങ്കില്‍ ഞങ്ങളുടെ സമര ഉപരോധനത്തിനും മുന്‍ നിശ്ചയിച്ച രൂപം ഉണ്ടാവില്ല. പെട്ടെന്ന് ഒരു ഗോറില്ലാ ആക്ഷന്‍ പോലെ ഞങ്ങള്‍ ഉപരോധിക്കും. ജയ് ഭീം! പിന്നെ എന്റെ വാക്കുകള്‍ കര്‍ക്കശമായിരുന്നു. എന്തുവേണം എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. അധികാരികളോട് അങ്ങനെ അവസാന വാക്ക് പറഞ്ഞു ഞാന്‍ നേരെ പോയത് രണ്ട് പൊതുയോഗങ്ങളിലേക്കായിരുന്നു. അധികാരികളുമായുള്ള കൂടിക്കാഴ്ച എന്നില്‍ ഒരുതരം ദേഷ്യവും ഭ്രാന്തും ഉണര്‍ത്തിവിട്ടിരുന്നു. ഞാനവിടെ പൊട്ടിത്തെറിച്ചു. ഞാന്‍ പറഞ്ഞു. പൊളിച്ചു കളയുമെല്ലാം, നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്ക്. എന്ത് കേസ് കൊടുക്കണമെങ്കിലും കൊടുത്തോ പക്ഷേ ഞാന്‍ പതിനായിരം പേരെയെങ്കിലും കൂട്ടി റോഡ് ഉപരോധിച്ചിരിക്കും. നാലഞ്ചു എഫ്.ഐ.ആര്‍ ഇപ്പോള്‍ത്തന്നെ ഉണ്ട് ഒരെണ്ണം കൂടി ഇരിക്കട്ടെ.

അന്ന് ഒരിത്തിരി അധികം സാഹസികത തന്നെ ഞങ്ങളവിടെ കാണിച്ചു. പിറ്റേന്ന്, ഉപരോധനത്തിന്റെ ദിവസം, വന്‍ ജനാവലി തന്നെ അവിടെ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഒരു കൊല്ലക്കാലമായി ഞാന്‍ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, എവിടെ ചെന്നാലും അവിടെല്ലാം ഐബിക്കാരുണ്ടാക്കുമെന്ന് എനിക്കുതന്നെ അറിയാം. ഈ ദിവസങ്ങളിലതൊക്കെ സാധാരണമാണ്. അവരുറപ്പായും റിപ്പോര്‍ട്ടുചെയ്യുന്നുണ്ടാകും. പ്രശ്നമുണ്ടാകുമെന്ന കാര്യം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പതിനേഴാം തിയതി പൊലീസ് ഇന്‍സ്പെക്ടര്‍ എന്നെ തേടി വരുന്നു, പിടിച്ചുകൊണ്ട് പോകുന്നു. എസ്പിയും ജില്ലാ കലക്ടറും വ്യക്തിപരമായിത്തന്നെ താത്പര്യം കാട്ടിയിട്ടുണ്ട് യഥാര്‍ത്ഥ കൈവശാവകാശം നല്‍കിയിട്ടുണ്ട്, നല്‍കിക്കൊണ്ടിരിക്കുകയാണ് എന്നൊക്കെയായിരുന്നു അവരുടെ ഭാഷ്യം.

അതിങ്ങനെ തുടര്‍ന്നു. നിങ്ങള്‍ ഭൂമി അനുവദിച്ചുകിട്ടിയിട്ടുള്ളവരോടു സംസാരിച്ചു സ്ഥിരീകരിച്ചോളൂ. പക്ഷെ നാളെ റോഡുകള്‍ ഉപരോധിക്കരുത്. നിങ്ങള്‍ക്കെതിരെ കേസെടുക്കേണ്ടി വരും, ഞങ്ങളും പ്രശ്നത്തിലാകും. നിങ്ങള്‍ കൈവശാവകാശം നല്‍കാന്‍ തയ്യാറാണെങ്കില്‍ എനിക്കെന്തു പ്രശ്നമെന്നായി ഞാനും. പിന്നെ ഉപരോധനത്തിന് എനിക്കൊരു കാരണവും ഇല്ലല്ലോ, റോഡുപരോധിച്ചിട്ട് എനിക്കെന്താണ് നേടാനുള്ളത്? എനിക്കും മറ്റു പലര്‍ക്കും എതിരെ ഉണ്ടാകാന്‍ പോകുന്നൊരു എഫ്‌ഐആര്‍ അല്ലാതെ! നിങ്ങളുടെ സര്‍ക്കാര്‍ ഉറപ്പായും എനിക്കെതിരെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കും. ഈ സംഭാഷണങ്ങള്‍ക്ക് ശേഷം രാത്രിയില്‍ ഉദ്യോഗസ്ഥന്‍ രണ്ടാമതും വന്നുകണ്ടു. ഒരെഴുത്ത് കാണിച്ചു. നിങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് കൈവശാവകാശം കിട്ടിയവര്‍ അത് കിട്ടിയെന്ന് സ്ഥിരീകരിക്കുന്ന എഴുത്താണിതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ വളരെ നന്നായി എന്ന് ഞാനും. ഈ കൈവശാവകാശ സ്ഥിരീകരണം ആഘോഷിക്കാന്‍ ഒരു പൊതുയോഗം നടത്തുമെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ശരിക്കും യഥാര്‍ത്ഥ കൈവശാവകാശം കൊടുത്തിരുന്നോ? ഇത് ജൂലൈ പതിനേഴിനല്ലേ സംഭവിക്കുന്നത്.

ജിഗ്നേഷ് മേവാനി:- പതിനെട്ടാം തിയ്യതിയാണ് യാത്രയുടെ അവസാന ദിവസം. പതിനേഴിന് രാത്രി പതിനൊന്നു മണിക്കാണ് ഇതെല്ലാം അവര്‍ പറയുന്നത്. അടുത്ത ദിവസം പൊതുയോഗം ആരംഭിച്ചു, പ്രസംഗങ്ങള്‍ ഉണ്ടായി, ജനങ്ങളെമ്പാടും വന്ന് ഇരിപ്പുണ്ടായിരുന്നു. ഒരു മൂവായിരം നാലായിരം പേരെങ്കിലും ഉണ്ട്. നല്ല മഴപെയ്തിട്ടും തമ്പിനകത്ത് നിറയെ ആള്‍ക്കാരുണ്ടായിരുന്നു. ഇടക്ക് ഞാനൊന്നു മൂത്രമൊഴിക്കാന്‍ പോയി. അപ്പോള്‍ കൈവശാവകാശം കിട്ടിയ ഒരാള്‍ എന്റെയടുത്തു വന്നു പറഞ്ഞു, “നോക്കൂ ഒരു പ്രശ്നമുണ്ട്. അവര്‍ ഇന്നലെ വൈകീട്ടു വന്ന് കൈവശാവകാശം തന്നു ഇന്നത് തിരിച്ചു വാങ്ങിക്കൊണ്ടുപോയി.” അയാളൊരു ദളിതനാണ്, ഭൂരഹിതന്‍. ആ നിമിഷം എനിക്ക് മനസ്സിലായി ആ കള്ളകളി തുടരുകയാണെന്ന്. ഞാന്‍ നിശ്ചയിച്ചു, കൈവശാവകാശം തിരിച്ചു വാങ്ങണം. അവിടെ തിരിച്ചു പോകണം. ഞാന്‍ പറഞ്ഞു, ” സമരം തുടര്‍ന്നില്ലെങ്കില്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല അവര്‍ കൊന്നു കളയത്തേ ഉള്ളൂ.”
ഞാന്‍ സ്റ്റേജില്‍ തിരിച്ചു കയറി മൈക്കിനടുത്തു ചെന്നു പറഞ്ഞു. ” എന്നെയിവിടെ നിങ്ങള്‍ പൂമാലയണിയിച്ചു, വാനോളം പുകഴ്ത്തി, ജിഗ്‌നേഷ് ഭായ് ദേശീയ നേതാവാണ് മോദിയെപോലെ ഇതുചെയ്യാനും അതുചെയ്യാനും കെല്‍പ്പുള്ളവനാണ് അങ്ങനങ്ങനെ, ഷാളു പുതപ്പിച്ചു, ഞാനതുവാങ്ങി പുതക്കുകയും ചെയ്തു, എമ്പാടും സെല്‍ഫി നിങ്ങള്‍ എടുത്തു. ഇനിയും എടുപ്പിക്കുമായിരിക്കും. എല്ലാം നന്നായിരുന്നു. പക്ഷേ കൈവശാവകാശം മാത്രം കിട്ടിയില്ല.” അപ്പോ, അവര്‍ ചോദിച്ചു നിങ്ങളെന്താണുദ്ദേശിക്കുന്നത്? ഞാനിവിടെ കൈയടി വാങ്ങിക്കാനും പുകഴ്ത്തലുകള്‍ കേള്‍ക്കാനും ഷാളും മാലയും വാങ്ങിയിടാനുമൊന്നുമല്ല വന്നത്. പ്രത്യക്ഷ ഫലങ്ങളെന്തെങ്കിലും ഉണ്ടാകണമല്ലോ.

പിന്നെ അവര്‍ പറഞ്ഞു, അവകാശം കിട്ടിയവരിവിടെ ഉണ്ട്. അതെല്ലാം തിരിച്ചുവാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്? മേല്‍ജാതിക്കാരില്‍ നിന്നും ഉഗ്രപ്രതികരണങ്ങള്‍ അവര്‍ ഭയപ്പെടുന്നുണ്ടോ.

ഞാന്‍ പറഞ്ഞു, ഇപ്പോ തന്നെ ഇതിനെതിരെ കേസു രേഖപ്പെടുത്തണം. അങ്ങനെ ചെയ്തതിന്റെ എഫ്‌ഐആര്‍ കോപ്പി ഇവിടെ എന്റെ കൈയില്‍ വെച്ചുതരുന്നത് വരെ ഈ സ്റ്റേജുവിട്ടു ഞാന്‍ പോകുന്ന പ്രശ്‌നമില്ല. അതിനൊപ്പം തന്നെ കൈവശാവകാശത്തിന് അര്‍ഹതപെട്ടവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നുള്ള ഓര്‍ഡറും വേണം.
നാല്‍പതു മിനിറ്റിനകം എല്ലാ കേസും രജിസ്റ്റര്‍ ചെയ്തു(ചിരിക്കുന്നു). എഎസ് സി എസ് ടി പീഡനവിരുദ്ധ നിയമവും ഐപിസി യും എല്ലാം എല്ലാം ചേര്‍ത്തു തന്നെ. അതിനു പുറമെ പൊലീസ് സംരക്ഷണത്തിനുള്ള ഓര്‍ഡറിന്റെ കോപ്പിയും. എന്നിട്ടേ ഞങ്ങള്‍ അവസാനിപ്പിച്ചുള്ളൂ.
അവിടന്ന് പിന്നെ നേരെ ലവാര ഗ്രാമത്തിലേക്ക് പോയി. നീലക്കൊടിയുയര്‍ത്തി. ഭൂഅവകാശം കിട്ടിയെന്നു പ്രഖ്യാപിച്ചു.

വെങ്കിടേഷ് രാമകൃഷ്ണന്‍:- അതൊരു ഫന്റാസ്റ്റിക് സംഭവമായിപ്പോയി. ഒരുപക്ഷേ മോദിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതു നടക്കുമായിരുന്നുവെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

ജിഗ്നേഷ് മേവാനി:- തീര്‍ച്ചയായും. യാത്രയെ അയാള്‍ അടുത്ത് വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറയുന്നത് അതാണ്, ഭൂവുടമസ്ഥത കയ്യില്‍ വരുന്നില്ലെങ്കില്‍ ” ആസാദി കൂച്ചി”ന്റെ അര്‍ത്ഥമെന്താണ്? ഒരു വാദത്തിനുവേണ്ടിയെങ്കിലും ആലോചിച്ചു നോക്കൂ, നമുക്ക് കൈവശാവകാശം നേടിയെടുക്കാന്‍ പറ്റിയില്ലായിരുന്നെങ്കിലോ.

വെങ്കിടേഷ് രാമകൃഷ്ണന്‍:- അതിനെ മറ്റു രീതിയിലും കാണാമെന്ന് ഞാന്‍ കരുതുന്നു. യാത്രയിലുടനീളം നിങ്ങളുടെ പ്രസ്ഥാനം തങ്ങളിലേക്കടുപ്പിച്ച ജനസഞ്ചയം എത്രയെത്രയാണ്. അന്‍പതിനായിരം ഗ്രാമവാസികള്‍. അവരുടെ പ്രതികരണം, അവര്‍ ” ആസാദി കൂച്ചി”നെ സ്വീകരിച്ച രീതി, ഊന സമരത്തിലേതുപോലെ പോലെ യാതൊരു വൈകാരികതകളുമില്ലാതിരുന്നിട്ടും ഒരു വര്‍ഷത്തിനു ശേഷവും ഇതുണ്ടാക്കിയ ചലനങ്ങള്‍. ജനങ്ങള്‍ ഇറങ്ങിവരാന്‍ തുടങ്ങി, അണിചേരാന്‍, നിങ്ങളെ ശ്രവിക്കാന്‍, ഭൗതികമായ വിഷയങ്ങളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി, ഭൂസമരത്തില്‍ പങ്കാളിത്തമുറപ്പാക്കി. അതൊരു വലിയകാര്യം തന്നെയാണ്. പക്ഷേ ഈ സമരത്തിനും അതുണ്ടാക്കിയ വിശാലമായ ജനപങ്കാളിത്തത്തിനും അതിലൂടെ കൈവരിച്ച ചെറിയ, വലിയ നേട്ടങ്ങള്‍ക്കുമപ്പുറം ചില അടിസ്ഥാനപരമായ പരിമിതികളുണ്ട്. രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടതാണ് ഈ പരിമിതികള്‍. നിങ്ങള്‍ കരുതുന്നുണ്ടോ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കകത്ത് ഒരുതരം രാഷ്ട്രീയഅധികാരവും നേടാതെ ഇങ്ങനെ പോകുന്നതാണ് ഉദാത്ത മാതൃക എന്ന്? ഭൂപരിഷ്‌കരണം എന്ന പ്രശ്‌നത്തിലേക്കു തന്നെ വരട്ടെ.

വര്‍ഷങ്ങളായി ദേശീയരാഷ്ട്രീയം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍, ഭൂരഹിതരോട് ആഭിമുഖ്യം കാട്ടി ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ ഭരണകൂടം തങ്ങളുടെ ശക്തി ഉപയോഗിച്ച ഏക സ്ഥലം ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നിലനിന്ന ബംഗാള്‍ ആണ്. എന്നാണെന്റെ അഭിപ്രായം. കേരളത്തില്‍ ശക്തമായ പ്രതിരോധമൊന്നും സൃഷ്ടിച്ചല്ല ഭൂപരിഷ്‌കരണം നടപ്പാക്കപ്പെട്ടത്. എന്നാല്‍ ബംഗാളില്‍ അന്ന് (1977 87 ഓപ്പറേഷന്‍ ബര്‍ഗ കാലം) ഇപ്പോള്‍ ഗുജറാത്തില്‍ നിങ്ങള്‍ കാണുന്ന പോലത്തെ ഒരവസ്ഥയാണുണ്ടായിരുന്നത്. കൈവശാവകാശം കടലാസില്‍ നല്‍കിയിരുന്നു അതും ഒരു ദിവസത്തിന്. പിറ്റേന്ന് ജമീന്ദാര്‍ വന്ന് ഓടിച്ചുവിടും. കഴിഞ്ഞ മുപ്പതുകൊല്ലക്കാലമായി ബംഗാളിലെ രാഷ്ട്രീയത്തോടു ഞാന്‍ സംവദിക്കുന്നതുകൊണ്ട് അറിയാവുന്നതാണിത്.

1987ല്‍ ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ ബംഗാളില്‍ ചുമതലയിലുണ്ടായിരുന്നവര്‍ പറയുമായിരുന്നു ജമീന്ദാര്‍മാര്‍ വന്ന് ഭൂമി തിരിച്ചുപിടിക്കുന്നതൊരു സ്ഥിരം കാഴ്ച്ചയായിരുന്നുവെന്ന്. ദളിതന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ അവര്‍ ഇവരെ കോടതിയില്‍ പോയി കേസ് പറയാന്‍ പറഞ്ഞു അയക്കും. ഇതൊരു സിവില്‍ കേസാണ്, നിങ്ങളുടെ മരണം വരെക്കും വേണമെങ്കില്‍ നീണ്ടുപോകാം.ജ്യോതിബസു ഇതിനെ പറ്റി അറിഞ്ഞ ഉടനെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കുമായി ബ്ലാങ്കറ്റ് ഉത്തരവ് നല്‍കി. എന്നുവെച്ചാല്‍ ഒരു കാരണവശാലും ലംഘിക്കാനോ മാറ്റിമറിക്കാനോ പറ്റാത്ത ഉത്തരവ്. മേലില്‍ ജമീന്ദാര്‍മാരില്‍ നിന്നും പിടിച്ചെടുത്ത് ഭൂരഹിതനു കൊടുത്ത ഭൂമിയില്‍ തിരിച്ചു കയറാനുള്ള അധികാരം ജമീന്ദാര്‍ക്കുണ്ടായിരിക്കുന്നതല്ല. അയാള്‍ ഗുണ്ടകളുമായി വന്നാല്‍ പൊലീസ് തല്ലി ഓടിക്കണം. അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വരികയാണെങ്കില്‍ അവരോട് കോടതിയില്‍ പോകാന്‍ പറഞ്ഞേക്കുക. ജമീന്ദാര്‍മാരും അവരുടെ പൊലീസ് പണിയാളുകളും കുടികിടപ്പുകാര്‍ക്കെതിരെ പ്രയോഗിച്ച അതേ അടവ് ഇടതുപക്ഷ ഭരണം ജമീന്ദാര്‍ക്ക് എതിരെ, കുടികിടപ്പുകാരനുവേണ്ടി തിരിച്ചുപയോഗിക്കുന്ന കാഴ്ചയാണത് ആയിരക്കണക്കിന് ബംഗാള്‍ ഗ്രാമങ്ങളില്‍ സൃഷ്ടിച്ചത്. അങ്ങനെയാണ് ഓപ്പറേഷന്‍ ബര്‍ഗ വിജയത്തിലെത്തുന്നത്; ഭരണകൂടത്തിന്റെ പതിവ് അഭ്യാസങ്ങളെ കീഴ്‌മേല്‍ മറച്ചിട്ടുകൊണ്ട്.

ജിഗ്നേഷ് മേവാനി:- നിങ്ങള്‍ പറഞ്ഞുവരുന്നതെനിക്കു മനസ്സിലാകുന്നുണ്ട്. ഇതു തന്നെയാണ് രാഷ്ട്രീയ അധികാരത്തിനു ചെയ്യാന്‍ സാധിക്കുന്നത്. ഞാനിത് മുഴുവനായി മനസ്സിലാക്കുന്നു. നിങ്ങള്‍ പറഞ്ഞതു പോലെത്തന്നെയാണ് കാര്യങ്ങള്‍. ഇത്തരം ഫാഷിസ്റ്റ് ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഭൂമിയെല്ലാം തട്ടിപ്പറിക്കപ്പെടുകയേ ഉള്ളൂ. ഇതിനെയൊരു നല്ല മാതൃകയാക്കിയെടുക്കാനാകില്ല. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഒടുക്കത്തില്‍ നല്ലൊരു മാതൃക അല്ലെങ്കില്‍ നല്ലതു തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകാനാണ്. ബലപ്രയോഗങ്ങളും രക്തച്ചൊരിച്ചിലുമില്ലാതെ ഭൂപരിഷ്‌കരണം ഇന്ത്യയില്‍ പൂര്‍ണമായി നടപ്പാക്കാനാകുകയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജനാധിപത്യ സമരങ്ങള്‍ക്ക് ഏറിയും കുറഞ്ഞുമുള്ള വിജയങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ഭൂമിയോടുള്ള താല്‍പര്യവും അവകാശവും ഇന്ത്യക്കാരന്റെ പ്രത്യേച്ച് ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ രക്തത്തതില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. അത് അത്ര എളുപ്പത്തില്‍ കഴുകിക്കളയാനാവില്ല. ആത്യന്തികമായി കീഴാളര്‍ക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്യുന്നത് രക്തച്ചൊരിച്ചിലിലൂടെ തന്നെയാകുമെന്നാണ് എന്റെ ഒരു തോന്നല്‍. ഇക്കാര്യത്തില്‍ കോടതിയോ പൊലീസോ അധികാരികളോ ഒന്നും ഒരു പരിധിക്കപ്പുറം എന്നെ സഹായിക്കാന്‍പോകുന്നില്ല, അത്രക്കുണ്ട് ഇന്ത്യന്‍ അധികാരവ്യവസ്ഥയില്‍ ഫ്യൂഡല്‍ശക്തികളുടെ പിടിപാട്. എങ്കിലും ഈ ചെറിയ ചെറിയ ജനാധിപത്യപരമായ സംഘര്‍ഷങ്ങളും നടത്തികൊണ്ടിരിക്കുക തന്നെ വേണം.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ഈ രാജ്യത്തെ ആഗോളവത്കൃത ഇടങ്ങളിലുണ്ടാകുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ മുന്നേറ്റത്തെപ്പറ്റിയുള്ള പഠനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നതെന്നറിയില്ല. ദേശമുടനീളം ഭൂമി എന്ന പ്രശ്നത്തിലധിഷ്ഠിതമായി നൂറു കണക്കിന് ചെറിയ ചെറിയ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ആന്റണി പി ഡികോസ്റ്റയും അചിന്‍ ചക്രവര്‍ത്തിയും നടത്തിയ പഠനം പ്രധാനമാണ്. അവര്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യന്‍ മുതലാളിത്തത്തിന്റെ പോലും വികാസത്തിന്റെ കേന്ദ്ര ചോദ്യമായി നില്‍കാന്‍ പോകുന്നത് ഭൂമി എന്ന പ്രശ്നമായിരിക്കുമെന്നാണ്. മോദിയുടെ ഭരണകാലഘട്ടത്തില്‍ അതിഭീകരമായ തോതില്‍ നടക്കുന്നതും മുമ്പ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് നടന്നിരുന്നതുമായ കാര്‍ഷിക ഭൂമി പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കു തോന്നുന്നത് ചെയ്യാന്‍ വിട്ടുകൊടുക്കുന്ന പരിപാടിക്കെതിരെ ദേശമൊട്ടുക്കും യാതൊരു ഏകോപനവുമില്ലാതെ ഉയര്‍ന്നുവരുന്ന ചെറു ചെറു സമരങ്ങള്‍ വലിയൊരു പ്രസ്ഥാനമായി മാറി ഇവിടത്തെ മുതലാളിത്തവിരുദ്ധ സമരത്തിന്റെ കേന്ദ്രമായി വര്‍ത്തിക്കുമെന്നാണ്. ഇതിനൊപ്പം ഒരു കാര്യം കൂടി അവര്‍ പറയുന്നുണ്ട്, ഈ സമരങ്ങളെയെല്ലാം ഏകോപിപ്പിച്ച് രാഷ്ട്രീയശക്തിയാക്കി നയിക്കാന്‍ ഇന്ത്യക്ക് ഒരു പുത്തന്‍ ഇടതുപക്ഷത്തിന്റെ ആവശ്യകതയുണ്ടെന്നതാണത്. ഇത്തരമൊരാശയത്തെപ്പറ്റി താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

ജിഗ്നേഷ് മേവാനി:- ഞാനതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇടതിനാലല്ലാതെ അല്ലെങ്കില്‍ ഇടതിന്റെ അഭാവത്തില്‍ ഈ ഭൂസമരങ്ങളെല്ലാം ഒരു വിശാല രാഷ്ട്രീയവേദിയില്‍ ഒന്നിക്കുന്ന അവസരത്തില്‍ അതിലൊരു വലിയ കുറവുണ്ടായിരിക്കും. അത് ഇവിടത്തെ ഭൂരഹിതരെപ്പറ്റിയുള്ള ചോദ്യമായിരിക്കും. വെറുതെ ഒരു വാദത്തിനായി ഗുജറാത്തില്‍ നടപ്പാക്കിയ എസ്‌ഐആറിന്റെ (ടുലരശമഹ കി്‌ലേൊലി േഞലഴശീി) കാര്യം എടുക്കാം. കര്‍ഷക സംഘങ്ങള്‍ ഇതിനെതിരെ സമരത്തിലാണ്. അദാനിക്കും പണത്തിനും ഇടതു നടപ്പാക്കുന്ന തീരുമാനത്തില്‍ വലിയ പങ്കുണ്ട്. കര്‍ഷകരുടെ സംഘം കര്‍ഷകരുടെ വന്‍പിന്തുണയോടെ അത് തള്ളിക്കളയുന്നതില്‍ വിജയിച്ചു. പക്ഷെ ഈ സ്ഥലമൊക്കെ കാലാകാലങ്ങളായി ഉയര്‍ന്ന ജാതിക്കാരുടെ കൈവശത്തിലിരിക്കുന്നതാണ്. ജാതിയാണല്ലോ അതിനുള്ള യോഗ്യത. ഭൂമി കൈവശത്തിലില്ലാത്തവരെക്കുറിച്ച് അപ്പോള്‍ ആരാണ് സംസാരിക്കേണ്ടത്! പ്രമുഖ ഡിറ്റര്‍ജന്റ്, കോസ്‌മെറ്റിക്, സോപ്പ് കമ്പനി ആയ നിര്‍മ്മക്കെതിരെ ഗുജറാത്തില്‍ അസാധാരണമായൊരു സമരം നടന്നിട്ടുണ്ട്, മഹുവ എന്ന സ്ഥലത്ത്. ബിജെപി എംഎല്‍എ ആയിരുന്ന ഡോ. കനു കല്‍സാരിയെ അന്ന് ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തി. അദ്ദേഹം പിന്നീട് ബിജെപിയില്‍ നിന്നും രാജിവെച്ചു, അവിടത്തെ സാധാരണക്കാരായ കൃഷിക്കാര്‍ക്കുവേണ്ടി. അവര്‍ക്കന്ന് നിര്‍മ്മയെ അവിടെന്ന് തുരുത്തിയോടിക്കാന്‍ സാധിച്ചു. നിര്‍മ്മ പോയശേഷവും പക്ഷേ ആ ഭൂമിയൊക്കെത്തന്നെ അവിടത്തെ സവര്‍ണരുടെ കയ്യില്‍ തന്നെയാണ്. ഭൂപരിഷ്‌കാര നിയമപ്രകാരം നോക്കിയാല്‍ അത് ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടേണ്ടതായിരുന്നു, അതിതുവരെക്കും നടന്നിട്ടില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് പുത്തന്‍ ഇടതുപക്ഷം ഉയര്‍ന്നു വരേണ്ടത്.

ഇന്നു നാം കാണുന്ന ഇടത് ഒന്നുകില്‍ ഭൂപരിഷ്‌കരണത്തെക്കുറിച്ചോ അല്ലെങ്കില്‍ കോര്‍പറേറ്റ് വിരുദ്ധ സമരത്തെകുറിച്ചോ സംസാരിക്കുന്നവരാണ്. പുത്തന്‍ ഇടതുപക്ഷം ഉയര്‍ന്നു വരേണ്ടത് “ആഗോള വത്കരണം വേണ്ട, ഭൂപരിഷ്‌കരണം വേണം” എന്ന മുദ്രാവാക്യത്തിലാണ്. അതോടൊപ്പം തന്നെ 5 ഏക്കര്‍ ഭൂമികിട്ടുന്നതോടെ തീരുന്നതല്ല ഈ രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധി എന്ന തിരിച്ചറിവും വേണം. കൃഷിക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, ചെറു തടയണകള്‍ ഉണ്ടാക്കണം, കാര്‍ഷിക സബ്സിഡികള്‍ വേണം, വേണം, താങ്ങു വില നിശ്ചയിക്കപ്പെടണം, അല്ലേ? ഈ ഒരു വ്യക്തതയോടെയാണ് പുതിയ ഇടതുപക്ഷം ഉയര്‍ന്നുവരേണ്ടത്. ഈ രാജ്യത്തിപ്പോഴുള്ള വലിയൊരു ഒഴിവാണത്. അതുകൊണ്ട് പുത്തന്‍ ഇടതുപക്ഷം ഉറപ്പായും രൂപപ്പെടും. മുന്‍പ് ഞാന്‍ പിന്തുണച്ചിരുന്ന ആംആദ്മി പാര്‍ട്ടി പോലുള്ള ശക്തികള്‍ക്കും ഈ ഒഴിവ് നികത്താനാകുമായിരുന്നു. അവര്‍ പക്ഷേ മതേതരത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രതിനിധികളായി ഒതുങ്ങുകയാണ്. വിപ്ലവകരമായ സാമൂഹ്യമാറ്റമൊന്നുമുണ്ടാക്കാന്‍ അവര്‍ക്കാകില്ല. ഇതര രാഷ്ട്രീയം തേടുന്ന ഒട്ടേറെ ദളിത് ഗ്രൂപ്പുകളും മുസ്ലിം ഗ്രൂപ്പുകളുമൊക്കെ അവരില്‍ നിന്നും മാറി നില്‍ക്കുന്നതും ഇക്കാരണത്താലാണ്. ഒരിടത്തുപോലും പരസ്പരം യോജിക്കാന്‍ പറ്റുന്നൊരാശയം കാണാന്‍ പറ്റാത്തതിനാലാകാം ആപ്പിനെ അവര്‍ ചീത്തവിളിക്കുന്നൊന്നുമില്ലെങ്കില്‍പോലും അവര്‍ മാറി നില്‍ക്കുകയാണ്. അപ്പോ ഈ വിടവ് വിശിഷ്യാ ഒരു നവ ഇടതുപക്ഷത്തിന് നികത്താനുള്ളതാണ്.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ആരായിരിക്കും അതിനെ നയിക്കുക?

ജിഗ്നേഷ് മേവാനി:- (ചിരിക്കുന്നു), അതിലെന്നെയങ്ങു പൂട്ടിയല്ലോ.

വെങ്കിടേഷ് രാമകൃഷ്ണന്‍:- (ചിരിക്കുന്നു)

ജിഗ്നേഷ് മേവാനി:-മുന്നോട്ടുള്ള കാലത്ത് ഒരു പരിധിവരെ ആ അടവു നികത്താന്‍ നമ്മള്‍ ശ്രമിക്കും.

വെങ്കിടേഷ് രാമകൃഷ്ണന്‍:- നടത്തിയ ഭൂസമരങ്ങളെപ്പറ്റി താങ്കള്‍ എപ്പോള്‍ സംസാരിക്കുമ്പോഴും ചൂണ്ടിക്കാട്ടുന്നതുപോലെ, അക്കാദമിക് പഠനങ്ങളും അംഗീകരിക്കുന്നത് തന്നെയാണിത്, ഭൂ പ്രശ്‌നവുമായി ബന്ധപ്പെട്ട സമരങ്ങള്‍ വരും കാലത്തെ അടിസ്ഥാനപ്രശ്‌നങ്ങളിലൊന്നായിരിക്കും. മോദി സര്‍ക്കാരിനോ മറ്റെന്തെങ്കിലും ഒന്നിനോ എതിരെയല്ല മറിച്ച് ഇന്ത്യന്‍ മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമായിരിക്കുമത്. അംബേദ്കറിസ്റ്റുകളോടും ഫെമിനിസ്റ്റുകളോടും മറ്റു സമരങ്ങളിലുള്ളവരോടും ഒക്കെ താങ്കള്‍ സ്ഥിരമായി പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം തങ്ങളുടെ ചെറു വിഭാഗീയതകളും വ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നിക്കണം എന്നുള്ളത് തന്നെയാണ്.

ജിഗ്നേഷ് മേവാനി:- (ചിരിക്കുന്നു), കനയ്യ കുമാറിന് ഒരുപക്ഷേ ഇത് സാധ്യമാക്കാനാകും.

വെങ്കിടേഷ് രാമകൃഷ്ണന്‍:- (ചിരിക്കുന്നു), അതെ അയാളും അതു തന്നെ പറയുന്നുണ്ടല്ലോ, ചെറു വിഭജനങ്ങളും വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ടൊരു വിശാലമായ വേദിയില്‍ ഒന്നിക്കുന്നതിനെപ്പറ്റി. പക്ഷേ അതിന് ഒരു പ്രത്യയശാസ്ത്ര പരിസരം കൂടി ആവശ്യമാണല്ലോ. അത്തരമൊരു പ്രത്യയശാസ്ത്ര പരിസ്ഥിതി സൃഷ്ട്ടിക്കാന്‍ നിങ്ങള്‍ക്കും കനയ്യക്കുമൊക്കെ സാധ്യമാണെന്നു വിശ്വസിക്കുന്നുണ്ടോ?

ജിഗ്നേഷ് മേവാനി:- അങ്ങനെയൊരു പ്രത്യയശാസ്ത്ര പരിസ്ഥിതി സൃഷ്ടിക്കപ്പെട്ടേക്കും. പക്ഷേ അപ്പോഴും ബാക്കി നില്‍ക്കുന്ന ചോദ്യം ഈ വിഭാഗീയ ശക്തികളെയെല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ നമുക്കു പറ്റിയേക്കുമോ എന്നുള്ളതാണ്. ( ചിരിക്കുന്നു) അതാണ് വലിയ ചോദ്യം.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ഈ സൂചന തന്നെ ധാരാളമാണ്. ചിരിച്ചുകൊണ്ടാണ് താങ്കളിതു പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഭയങ്കര ശുഭാപ്തിവിശ്വാസമുണ്ടെന്നുള്ള കാര്യം ഉറപ്പാണ്. അല്ലാത്ത പക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊന്നും നിങ്ങള്‍ ചെയ്യുമായിരുന്നില്ലല്ലോ.

ജിഗ്നേഷ് മേവാനി:- അതെ ശുഭാപ്തിവിശ്വാസം വേണ്ടത്ര ഉണ്ട്.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ഞാന്‍ നിങ്ങള്‍ക്കൊപ്പം അത്രയും സമയം ചെലവിട്ടുകഴിഞ്ഞു. ജനങ്ങള്‍ക്കൊപ്പം ശരിയായ ദിശയില്‍ സഞ്ചരിക്കുന്ന പത്രപ്രവര്‍ത്തകന് ദോഷൈകദൃക്കാകാതിരിക്കാനാകില്ല. എല്ലാ തോല്‍വികളെയും കാണാന്‍ ശ്രമിച്ച് അവര്‍ ദോഷൈകദൃക്കായിത്തീരും. പ്രത്യേകിച്ചും ആംആദ്മി പാര്‍ട്ടിയൊക്കെ വലിയ പ്രത്യാശകള്‍ സൃഷ്ട്ടിച്ചു വന്നിട്ട് തോറ്റു പോയതുപോലെ.

ജിഗ്നേഷ് മേവാനി:- ആപ്പിന്റെ തോല്‍വിയെപ്പറ്റി നിങ്ങളുടെ വീക്ഷണം എന്താണ്?

വെങ്കിടേഷ് രാമകൃഷ്ണന്‍:- ബദല്‍ രാഷ്ട്രീയത്തിന്റെ പല മുഖങ്ങള്‍ ഇന്ത്യ കണ്ടിട്ടുണ്ട്. 1989ല്‍ അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി വി.പി.സിംഗ് നയിച്ച ജന്‍മോര്‍ച്ചയും ലാലു പ്രസാദ് യാദവും മുലായംസിംഗ് യാദവും ഉത്തരേന്ത്യയില്‍ മുന്നോട്ട് നീക്കിയ പിന്നാക്ക ജാതി പ്രസ്ഥാനങ്ങളും കന്‍ഷിറാം നയിച്ച ദളിത് ശാക്തീകരണ പ്രസ്ഥാനവും പലതലങ്ങളിലും ആപ്പുമായി സാമ്യമുള്ളവയാണ്. അടിസ്ഥാനപരമായി ഇവയ്‌ക്കെല്ലാമുള്ള ശക്തി ജനങ്ങളുടെ ശാക്തീകരണ പരിവര്‍ത്തന വാഞ്ഛകളെ ഏറിയും കുറഞ്ഞുമുള്ള തോതില്‍ പ്രതിനിധാനം ചെയ്തു എന്നതാണ്. അവയ്ക്കെല്ലാം പക്ഷേ ഒരുപോലെ ഉണ്ടായിരുന്ന ബലഹീനത വ്യക്തമായ പ്രത്യയശാസ്ത്ര പദ്ധതിയോ ചട്ടക്കൂടോ ഇല്ലായിരുന്നു എന്നതാണ്. മറ്റൊരു തലത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ എല്ലാ ധാരകളും സി.പി.ഐ.എം, സി.പി.ഐ, മാവോയിസ്‌ററ് തുടങ്ങിയവ പ്രത്യയശാസ്ത്രപദ്ധതിയും ചട്ടക്കൂടുമൊക്കെ സദാ സ്വരൂപിച്ച് ഫോര്‍മുലേറ്റ് ചെയ്യുന്നവരാണ്. പക്ഷേ കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യധാരാ ഇടതുപക്ഷ സ്വാധീനവും മധ്യപൂര്‍വ ഇന്ത്യയിലെ ആദിവാസി മേഖലകളിലുള്ള മാവോയിസ്‌ററ് സ്വാധീനവും മാറ്റിനിര്‍ത്തിയാല്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കും അഭിവാഞ്ഛകള്‍ക്കുമൊപ്പം നില്‍ക്കാനുള്ള കഴിവില്ലായ്മയാണ് തെളിയിച്ചിട്ടുള്ളത്.

എനിക്ക് കാന്‍ഷി റാമുമൊക്കെയായി വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. പറ്റാവുന്നത്ര അടുത്ത ബന്ധം തന്നെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരസാധാരണ മനുഷ്യനായിരുന്നു അയാളും. അദ്ദേഹത്തിന് വളരെ വ്യത്യസ്തമായ നിരീക്ഷണങ്ങളുണ്ടായിരുന്നു. ബഹുജന പ്രസ്ഥാനത്തിലൊന്നും അയാള്‍ക്ക് വിശ്വാസം തന്നെയുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ ബാംസെഫിലൊക്കെ ( അഹഹ കിറശമ ആമരസംമൃറ അിറ ങശിീൃശ്യേ ഇീാാൗിശശേല െഎലറലൃമശേീി ആഅങഇഋഎ) ഒരുപാടുകാലം പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് തമിഴ് നന്നായിട്ടറിയാമായിരുന്നു. ഞങ്ങള്‍ തമിഴിലാണ് സംസാരിച്ചിരുന്നത്.

ജിഗ്നേഷ് മേവാനി:- അദ്ദേഹം ഇടതു വിരുദ്ധനായിരുന്നതെന്തുകൊണ്ടാണ്?

വെങ്കിടേഷ് രാമകൃഷ്ണന്‍:- ഇടതെന്തെങ്കിലും ചരിത്രസംഭവനകള്‍ നടത്തിയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അതു തന്നെ പ്രധാന പോയിന്റല്ലേ 1980കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലുമാണ് ബി.എസ്.പി.യെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കാന്‍ഷി റാമുമായി കൂടുതല്‍ അടുക്കുന്നതും. ഈ കാലമാകുമ്പോഴേക്ക് തന്നെ സി.പി.ഐ.എമ്മിനെപ്പറ്റിയുള്ള എന്റെ നിരാശതയുടെ തോത് കൂടിയിട്ടുണ്ടായിരുന്നു. കാന്‍ഷി റാമും ഞാനും മാസത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടാറുണ്ടായിരുന്നു. തെലുങ്ക് വിപ്ലവ കവിയും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സഹയാത്രികനുമായിരുന്ന ഗദ്ദര്‍ ഒരിക്കലെന്നോടു പറഞ്ഞു, നിങ്ങള്‍ ബി.എസ്.പിയെപ്പറ്റി വളരെ പോസിറ്റീവ് ആയി എഴുതുന്നതു ഞാന്‍ വായിച്ചു. പക്ഷേ എനിക്ക് ഈ പാര്‍ട്ടിയെപ്പറ്റി വലിയ സംശയങ്ങളുണ്ട്.

ഈ പാര്‍ട്ടിയെ വളര്‍ത്തുന്നത് വിശാല ഇന്ത്യന്‍ ഭരണകൂടം തന്നെയാണോ എന്നു ഞാന്‍ സംശയിക്കുന്നുണ്ട്(കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള സര്‍ക്കാറുകള്‍ മാറി മറിയുമ്പോഴും സ്ഥായിയായി മേലാള താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ- അധികാര- സമുച്ചയമാണ് ഇന്ത്യന്‍ ഭരണകൂടമെന്ന് ഗദ്ദറിന്റെ വിവക്ഷ). ഞാന്‍ ചോദിച്ചു എന്തുകൊണ്ട്? സിആര്‍സി- സിപിഎംഎല്‍ (മാവോയിസ്‌ററ്) നിന്നൊക്കെ കീഴടങ്ങുന്നവരോട് പൊലീസു പറയുന്നത് ബിഎസ്പിയില്‍ പോയി ചേരാനാണ്. അത് വളരെ വിചിത്രമല്ലേ, എന്നോടൊക്കെ ബി.എസ്.പിയില്‍ ചേരാന്‍ പറയുകയാണ്. അതുകൊണ്ട് ദളിത് വിഷയമുയര്‍ത്തിക്കൊണ്ടൊക്കെ യഥാര്‍ത്ഥത്തില്‍ ഉണ്ടായി വരാവുന്ന മുന്നേറ്റങ്ങള്‍ തടയാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒന്നാണോ ബിഎസ്പി എന്ന് ഞാന്‍ സംശയിക്കുന്നുണ്ട് എന്ന്. ഇതിന്റെയെല്ലാം ആകത്തുകയാണ് ബി.എസ്.പിയും ഇടതുപക്ഷവും തമ്മിലുള്ള വിശ്വാസ രാഹിത്യത്തിന്റെയും തരംഗദൈര്‍ഘ്യകുറവിന്റെയും കാരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഇതിനെല്ലാമപ്പുറം കീഴാള ശാക്തീകരണത്തിനും ഭൂപരിഷ്‌കരണത്തിനും സാമൂഹ്യ നീതിയിലധിഷ്ഠിതമായ പരിവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ചെറിയ വലിയ ഗ്രൂപ്പുകളും വിശാല ഐക്യത്തിനുവേണ്ടി ഒന്നുചേരേണ്ട സമയമായി എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

സിപിഎം ശരിയാണോ തെറ്റാണോ എന്ന് ഞാന്‍ പറയില്ല. തെറ്റ് എല്ലാവര്ക്കും പാട്ടും. പക്ഷേ നമുക്ക് വിഭാഗീയതക്കും വ്യത്യാസങ്ങള്‍ക്കുമപ്പുറം നില്‍ക്കുന്ന ഒരു ബ്രഹത് സഖ്യം ഇപ്പോള്‍ ആവശ്യമാണെന്നതാണ്. ബി.എസ്.പിയും ആംആദ്മി പാര്‍ട്ടിയും അഭിമുകീകരിക്കുന്ന പല പ്രശ്‌നങ്ങളും സമാനതകളുള്ളവയാണ്. അവര്‍ക്ക് പ്രത്യയശാസ്ത്ര ഘടകങ്ങളൊന്നും തന്നെയില്ല. ചെറു ഗ്രൂപ്പുകളോട് വിശാല ഐക്യത്തെപ്പറ്റി പറയുന്നതിന്റെ അടിസ്ഥാനവുമതാണ്. നിങ്ങളോടും ഞാനതു തന്നെയാണ് പറയുന്നത്. പക്ഷേ നിങ്ങളില്‍ ആശ്വാസ്യമായ ഒരു തലം ഞാന്‍ കാണുന്നുണ്ട്. ഇക്കാലമത്രയും ഉയര്‍ന്നു വന്ന പ്രസ്ഥാനങ്ങളിലെല്ലാം വെച്ച് നിങ്ങളും സഹപ്രവര്‍ത്തകരും ഉയര്‍ത്തികൊണ്ടുവരുന്ന രാഷ്ട്രീയ സംഘടനാ ഫോര്‍മുലേഷന്‍ അത്യന്തം പ്രസക്തമാണ്. കീഴാള ശാക്തീകരണവും ഭൂപരിഷ്‌കരണ പ്രസ്ഥാനവും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന, അതില്‍ സവിശേഷമായ ഊന്നല്‍ നല്‍കുന്ന ഒരേയൊരു ദളിത് പ്രസ്ഥാനം ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഉള്ളതാണെന്ന് എനിക്ക് പറയാനുമാവും. ദളിത് ശാക്തീകരണ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതുപക്ഷവുമായുള്ള ഐക്യവും സഹകരണവും നിര്‍ണായകമാണ് എന്ന് ഉറപ്പിച്ചു പറയുന്നിടത്തും ജിഗ്‌നേഷ് മേവാനിയുടെ നിലപാട് ഒരേസമയം വൃതിരിക്തവും പ്രസക്തവും ആകുന്നു. ഇന്ന് അനിവാര്യമായ അക്കാദമിക് ലോകവും സ്ഥിരീകരിക്കുന്ന, ഭൂമി എന്ന കേന്ദ്ര പ്രശ്‌നത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണ് നിങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത്. അത് പ്രധാനമാണ്. പക്ഷേ അപ്പോഴും പ്രത്യയശാസ്ത്ര ഘടകങ്ങള്‍തീരുമാനിക്കണമെന്നു ഞാന്‍ അപേഷിക്കും. എല്ലാവരെയും ഈ കേന്ദ്ര പ്രശ്‌നത്തിലേക്കടുപ്പിക്കുമെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.അതിന് എല്ലാ ആശംസകളും.

ജിഗ്നേഷ് മേവാനി:- ബാബാ സാഹേബ് അംബേദ്കറും തന്റെ പില്‍്കാലത് തിരിച്ചറിയുന്നുണ്ട്. തനിക്ക് ഭൂരഹിതരായ ദളിതരുടെ പ്രശ്‌നങ്ങള്‍ വേണ്ടത്ര അഭിമുഖീകരിക്കാനായിട്ടില്ലെന്ന്. ഇന്നും 70-75 ശതമാനം ദളിതുകള്‍ ഇവിടത്തെ നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്നവരാണ്. ഏറ്റവും കുറവ് നഗരവത്കരണമൊക്കെ സംഭവിച്ചിട്ടുള്ള ഇടങ്ങളില്‍ താമസിക്കുന്നവരാണ്. അങ്ങനെയാണ് തന്റെ വലംകയ്യായിരുന്ന ദാദാസാഹേബ് ഗൈക്വാദിനോട് ഭൂസമരം ആരംഭിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത്. 1953ല്‍ ദാദാസാഹേബ് ഗൈക്വാദ് മാറാത്താ വാഡയില്‍ ഭൂസമരം ആരംഭിക്കുകയാണ്. 1957-59ല്‍ മഹാരാഷ്ട്രയിലെ ഖാന്‍ദേശില്‍ തുടങ്ങിയ വിപുലമായ സമരത്തെത്തുടര്‍ന്ന് 1964 ആകുമ്പോഴേക്കും ഭൂപരിഷ്‌കരണം ആവശ്യപ്പെട്ട് മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേരാണ് ജയിലിലായത്. പകരംവെക്കാന്‍ മറ്റൊന്നില്ലാതെ, ചരിത്രത്തിലെ നാഴികക്കല്ലായ, കുറ്റമറ്റ ആ ദളിത് മുന്നേറ്റത്തെത്തുടര്‍ന്ന് ദളിതര്‍ക്കും ഭൂരഹിതരായിരുന്നവര്‍ക്കും അന്ന് 39 ലക്ഷം ഏക്കര്‍ (80 ലക്ഷം ബിഗ) നിലമാണ് കൈവശാവകാശം പതിച്ചുകൊടുക്കപ്പെട്ടത്. അതില്‍ത്തന്നെ 10 ശതമാനത്തിനെങ്കിലും യഥാര്‍ത്ഥത്തിലുള്ള കൈവശാവകാശം കിട്ടിയെന്നു വെച്ചാല്‍ തന്നെ, മൂന്നോ നാലോ ലക്ഷം ഏക്കര്‍ നിലമാണ്, പക്ഷേ അതുപോലും വളരെ വലിയൊരു കാര്യമാണ്.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ചുരുങ്ങിയത് ജനങ്ങള്‍ക്ക് 50,000 ഏക്കര്‍ നിലം പതിച്ചുകിട്ടിയിരുന്നു. ഇത് താങ്കള്‍ ഇന്നലത്തെ പ്രസംഗത്തിലും സൂചിപ്പിച്ചിരുന്നുവല്ലോ. ഈ വാക്യം തന്നെ പ്രധാനമാണ്. ദാദാസാഹേബ്‌ഗൈക് വാദ് ആരായാലും പ്രകീര്‍ത്തിക്കപ്പെടാതെ പോയ ഒരാളാണ്.

ജിഗ്നേഷ് മേവാനി:- ദാദാസാഹേബ് ഗൈക്വാദിനെപ്പറ്റി ആരും സംസാരിക്കുകപോലുമില്ല. കാന്‍ഷി റാമിനെപ്പറ്റി പറയും. ശരി, ദളിതര്‍ക്ക് അയാള്‍ തെറ്റുപറയാന്‍ പറ്റാത്ത ജീവിതം നല്‍കിയിട്ടുണ്ട്, അദ്ദേഹമില്ലായിരുന്നെങ്കില്‍ നിരത്തില്‍ കിടക്കേണ്ടിവന്ന ദളിതരെങ്ങനെ രാഷ്ട്രീയാധികാരത്തെപ്പറ്റിയൊക്കെ സ്വപ്നം കാണുമായിരുന്നു? ദളിതന്റെരാഷ്ട്രീയബോധത്തെ ഇത്രയധികം ഉയര്‍ത്തിയത് അദ്ദേഹമാണ്. പക്ഷേ ദാദാസാഹേബ് ഗൈക് വാദ് സമൂഹത്തിന്റെ സമൂലമായ പരിഷ്‌കരണത്തിനായി പോരാടിയവരില്‍പ്പെട്ടയാളാണ്. എനിക്ക് അത്തരമൊരു തീക്ഷ്ണതയോടെ മുന്നോട്ടുപോകാനാണ് താത്പര്യം. പക്ഷേ ഇത് ഞാന്‍ ഇവിടെ കൂട്ടിച്ചേര്‍ത്തുതന്നെയാകണം, എത്രതന്നെ ഞാന്‍ അവ്യാജം അവരുടെ ആവശ്യത്തോടു പ്രതിബദ്ധതയുള്ളവനായിരുന്നാലും എത്രതന്നെ ഭൂമി പ്രശ്‌നം എന്റെ ഹൃദയത്തിലും ആത്മാവിലും തറഞ്ഞിരിപ്പുണ്ടെങ്കിലും ഇത് ഞങ്ങള്‍ക്ക് അങ്ങേയറ്റം കഠിനമായിരിക്കും. കാരണം ഒരു ദളിത് മുന്നേറ്റമെന്ന നിലക്ക് നാം വളരെയധികം വൈകിപ്പോയിരുന്നു.

കര്‍ഷകനവകാശപ്പെട്ട കൃഷിഭൂമി വ്യവസായപ്രമുഖരുടേതായികൊണ്ടിരുന്ന കാലത്തേ നമ്മളീ ചോദ്യമുയര്‍ത്തുന്നുണ്ടായിരുന്നു. ഭൂപരിഷ്‌കരണമല്ല കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമിക്കുമേലുള്ള അധികാരമാണ് അവരുടെ അജണ്ട എന്നു നമുക്കറിയുകയും ചെയ്യാം. പക്ഷേ നമ്മളൊക്കെ ഇന്നാട്ടിലുള്ള വെറും സാധാരണക്കാര്‍ മാത്രമായി ഏതോ ഒരു മൂലയിലാണിരിക്കുന്നത്. നമ്മളൊക്കെ വല്ലാതെ വൈകിപോയിട്ടുമുണ്ട്. പക്ഷേ ഈ പോരാട്ടം തുടരുക തന്നെ വേണം. ദളിത് മുന്നേറ്റങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ ആ പ്രചോദന ഘടകങ്ങളെ തിരികെപ്പിടിക്കാനായിത്തന്നെ ഈ പോരാട്ടം തുടരേണ്ടതുണ്ട്. മേല്‍ജാതി- ഉപരി വര്‍ഗ വിഭാഗങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ത്തെറിയുവാനെന്ന അര്‍ത്ഥത്തില്‍ ഇത് അത്യന്താപേക്ഷിതമാണ്.

ഞാന്‍ ഭൂമി പ്രശ്‌നത്തെ അവരുടെ തന്നെ സങ്കല്‍പ്പങ്ങളെ പിടിച്ചെടുക്കാന്‍കൂടിയാണ് ഉപയോഗിക്കുന്നത്. അത് ദളിതരെ എന്നിലേക്കടുപ്പിക്കുമെന്നും ഈ വേദിയില്‍ സാധ്യമായ ഏതെകിലും തരം വ്യക്തിപ്രഭാവത്താല്‍ ഈ വിഷയത്തിലടക്കം ഇന്ത്യയിലെ അര്‍ത്ഥവത്തായ അനവധി സമരങ്ങളിലേക്കവരെയും ചേര്‍ത്തുപിടിച്ചു നടക്കാനാകുമെന്നുമാണ് ഞാന്‍ കരുതുന്നത്. ഇന്ന് അവര്‍ കണ്ടത് അതാണ്. പോലീസുകാരന്‍ ഫയലിന്റെ കോപ്പിയുമായി സ്റ്റേജില്‍ വരുന്നത്. ഇയാള്‍ അവര്‍ക്കായി പോരാടുന്നവനാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയക്കാരിലേക്ക് പോകുന്നത് മാറി അവര്‍ കൂടുതല്‍ എന്നോടടുക്കും.

വെങ്കിടേഷ് രാമകൃഷ്ണന്‍:- ഇത് അവസാനത്തെ ചോദ്യമല്ല. പക്ഷേ ഈ ചോദ്യത്തോടെ നമ്മളീ സംസാരം അവസാനിപ്പിക്കും. കാന്‍ഷി റാമിന്റെ ഇടതു വിരോധത്തെപ്പറ്റി താങ്കളെന്നോടു ചോദിച്ചല്ലോ, ആംആദ്മി പാര്‍ട്ടിയും അതേപോലോറി ഇടതു വിരോധം കാണിക്കുന്നുണ്ട്. അതിന്റെ കാരണമെന്താണെന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?

ജിഗ്നേഷ് മേവാനി:- ജനങ്ങള്‍ സ്വാഭാവികമായി ഒരു ഇടത് ആശയം ഉള്ളിലുള്ളവരൊന്നുമല്ല.അത് സ്വയമേവ വളര്‍ന്നു വരണം. അപ്പോള്‍ നമ്മുക്ക് പറയാം. ഒരാള്‍ ഒന്നെങ്കില്‍ ഇടതാണ് അല്ലെങ്കില്‍ അല്ല.

വെങ്കിടേഷ് രാമകൃഷ്ണന്‍:- കാന്‍ഷി റാം അത്തരത്തില്‍ ഇടതായിരുന്നില്ല.

ജിഗ്നേഷ് മേവാനി:- ആംആദ്മി പാര്‍ട്ടിയും ഇടതല്ല. ഇടതിന്റെ ഭാഷയും ഭാഷ്യവും ഞങ്ങളുടെ തലമുറയുമായി സംവദിക്കാതെ പോയി. അതൊരു പ്രശ്‌നമാണ്. നാഗരിക മധ്യവര്‍ഗം, യുവാക്കള്‍, ഉപരിവര്‍ഗ- മുന്നാക്ക ജാതിക്കാര്‍ ഒക്കെ അതിനെ ലക്ഷണമൊത്ത, കൃത്യമായി വിന്യസിച്ച രാഷ്ട്രീയ ആശയമായി മാത്രമാണ് കാണുന്നത്. അല്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരാശയമായിട്ടല്ല. കാന്‍ഷി റാം മുന്നോട്ടു വെക്കുന്ന പ്രശ്‌നത്തിന്റെ ആരംഭത്തെ അംബേദ്കറിസത്തില്‍ നിന്നുതന്നെ കണ്ടെത്താന്‍ പറ്റും.

വെങ്കിടേഷ് രാമകൃഷ്ണന്‍:- തങ്ങള്‍ക്കു നേരെ അക്രമണങ്ങളൊന്നുമുണ്ടാകുന്നില്ലേ?

ജിഗ്നേഷ് മേവാനി:- വലുതായിട്ടൊന്നുമില്ല, ചെറു ചെറു പ്രശ്‌നങ്ങള്‍ തീര്‍ച്ചയായിട്ടുമുണ്ട്. ആസാദി കൂച്ചിനിടെ ഒരിക്കല്‍ ഒരാള്‍ ബൈക്കോടിച്ചു വന്നു, അതെന്റെ കാലിലാണ് കയറിയത്. അതന്ന് ചെറിയ വിഷയമായി.

വെങ്കിടേഷ് രാമകൃഷ്ണന്‍:- കനയ്യക്കു നേരെ ഉണ്ടായതുപോലൊന്നും?

ജിഗ്നേഷ് മേവാനി:- അത്രയും വലുതൊന്നുമില്ല. കനയ്യയും ഇപ്പോള്‍ മുമ്പത്തേക്കാള്‍ സുരക്ഷിതനാണ്.

വെങ്കിടേഷ് രാമകൃഷ്ണന്‍:- താങ്കള്‍ക്കെതിരെ കെട്ടിച്ചമക്കപ്പെട്ടിട്ടുള്ള കേസുകളുടെ അവസ്ഥ എന്താണ്?

ജിഗ്നേഷ് മേവാനി:- കേസുകളൊന്നും വേറെയില്ല.സ്റ്റേറ്റിനെതിരെ ഉപരോധസമരങ്ങളാണ് നയിക്കുന്നതല്ലോ, പലതവണയായി പലതരം ഉപരോധസമരങ്ങള്‍ നടത്തുകയുണ്ടായി. രാജധാനി എക്‌സ്പ്രസ് തടഞ്ഞതടക്കം. ഒരുകാര്യം ഞാന്‍ അഭിമാനത്തോടെ പറയും, തൊണ്ണൂറു ശതമാനവും യാതൊരു പ്രത്യയശാസ്ത്ര അടിസ്ഥാനവുമില്ലാത്ത ഒരു ടീമുമായി ഇത്തരമൊരു സമരത്തെ നിലനിര്‍ത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത് വലിയൊരു നേട്ടം തന്നെയാണ്. മോദിക്കെന്നെ പേരെടുത്തറിയാം. ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കാനാവശ്യപ്പെട്ട് പലമന്ത്രിമാരെയും ആള്‍ക്കാര്‍ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ നിമിഷത്തിലൊരുപക്ഷേ ഞങ്ങളുടെ ഊര്‍ജത്തെ കവച്ചുവെക്കാനൊക്കുന്ന മറ്റൊന്ന് ഗുജറാത്തിലില്ല.

(ചന്ദ്രിക ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം അവരുടെ അനുവാദത്തോടെ പുനപ്രസിദ്ധീകരിച്ചത്)