'കാളി എന്ന പേര് ഇന്നും ഒരു തെറിയാണ്'; അയ്യങ്കാളി ജന്മദിനം, ചില ചിന്തകൾ

തമിഴ്നാട്ടിലെ നാഗപട്ടണത്തിന് സമീപം വേദാരണ്യത്ത് ജാതി സംഘർഷത്തെ തുടർന്ന് മുക്കുലത്തോർ അഥവാ തേവർ എന്ന ഉയർന്ന ജാതിയിൽ ഉള്ള ചിലർ ഡോ.ബി.ആർ അംബേദ്‌കറുടെ പ്രതിമ തകർത്ത സംഭവം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭരണഘടനാ ശില്പിയും ഇന്ത്യയിൽ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ ഗഹനമായി പഠിക്കുകയും അതിനെതിരെ ജീവിതാന്ത്യം വരെ പോരാടുകയും ചെയ്ത അംബേദ്‌കറുടെ പ്രതിമയോടു പോലും സമൂഹത്തിലെ ഒരു വിഭാഗത്തിന് ഉണ്ടാവുന്ന അസഹിഷ്ണുത സവർണ ബോധത്തിൽ ഊന്നിയ രാജ്യത്തിന്റെ സങ്കുചിതവും പരിതാപകരവുമായ ഇന്നത്തെ അവസ്ഥയെ തുറന്നു കാട്ടുന്നുണ്ട്.

ഇന്നും, ജാതീയമായ അക്രമങ്ങളും സംഘർഷങ്ങളും ഉത്തരേന്ത്യയിലെയോ തമിഴ്നാട്ടിലേയോ മാത്രം പതിവ് കാഴ്ചയല്ല. ജാതിയുടെ പേരിലുള്ള “കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല”യായി കോടതി വിശേഷിപ്പിച്ച കെവിൻ വധക്കേസിൽ ഇന്നലെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയായി വിധിച്ചത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ജാതീയതക്കെതിരെയും, സാമൂഹിക- രാഷ്ട്രീയ -സാംസ്‌കാരിക -മത -വിദ്യാഭ്യാസ മണ്ഡലത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും പോരാടിയ ധീരനും പ്രതിഭാശാലിയുമായ വിപ്ലവകാരി അയ്യങ്കാളിയുടെ 156-ാ‍ം ജന്മവാര്‍ഷികം ഇന്ന് ആരംഭിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പെരുങ്കാട്ടുവിള പ്ലാവറത്തില്‍ വീട്ടില്‍ 1863 ഓഗസ്റ്റ്‌ 28-നാണ്‌ അയ്യങ്കാളി ജനിച്ചത്‌. അച്ഛൻ പെരുങ്കാട്ടുവിള അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത്‌ കാളി എന്ന്‌ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട്‌ അയ്യന്‍ കാളി/അയ്യങ്കാളിയായി. പുലയസമുദായ അംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനങ്ങളും വഴി അരികുവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രയത്നിച്ചു.

അയ്യങ്കാളിയുടെ സുപ്രസിദ്ധമായ വില്ലുവണ്ടിസമരം 1893-ലാണ് നടക്കുന്നത് അന്ന് അദ്ദേഹത്തിന് വെറും മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. പൊതു നിരത്തുകള്‍ സവര്‍ണര്‍ക്ക് മാത്രമായിരുന്ന അക്കാലത്ത് അയ്യങ്കാളി നടത്തിയ ആദ്യത്തെ സമരം പൊതുവഴിയിലൂടെയുള്ള ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു. വൈക്കം സത്യാഗ്രം 1924-25 കാലത്ത് നടന്നത് അമ്പല പരിസരത്തുള്ള പാതയിലൂടെ വഴി നടക്കാനുള്ള അയിത്ത ജാതിക്കാരുടെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ഇതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം നടന്നു. യാഥാസ്ഥിതിക ശക്തികളെ ചെറുത്തു തോല്‍പ്പിച്ചു കൊണ്ട് മാത്രമേ സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കഴിയൂ എന്ന് ബോദ്ധ്യപ്പെട്ട അദ്ദേഹം അന്ന് നിലവിലിരുന്ന സാമൂഹിക വിലക്കുകളെ പരസ്യമായി വെല്ലുവിളിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു ഈ സമരം. എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ചു കൊണ്ട് ഒരു വില്ലുവണ്ടി വിലയ്ക്ക് വാങ്ങി സവര്‍ണര്‍ക്കു മാത്രം അനുവദിക്കപ്പെട്ടിരുന്ന നിരത്തിലൂടെ സഞ്ചരിക്കുകയും എതിര്‍ത്തവരെ കായികമായി ചെറുക്കുകയും ചെയ്തു. 1893- ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 1898 കാലത്ത് സജീവമായി.

വഴി നടക്കാനുള്ള പോരാട്ടത്തോടൊപ്പം വിദ്യാഭ്യാസ അവകാശപോരാട്ടത്തിനും കേരളത്തിൽ തുടക്കം കുറിച്ച ആളാണ് അയ്യങ്കാളി. സവര്‍ണര്‍ അവരുടെ കുട്ടികള്‍കൊപ്പം ദളിത് കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. ഇതിനെതിരെ 1904-ല്‍ അദ്ദേഹം അധ:സ്ഥിത കുട്ടികള്‍ക്കായി ഒരു കുടിപള്ളിക്കൂടം സ്ഥാപിക്കുന്ന പ്രക്രിയയിലേര്‍പ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 1905-ല്‍ വെങ്ങാനൂരില്‍ അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപള്ളിക്കൂടം കെട്ടിയുണ്ടാക്കിയത്. എന്നാല്‍ കേരളത്തിലെ അധ:സ്ഥിതരുടെ ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷേ തിരിച്ചടികളില്‍ പതറാത്ത അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അത് വീണ്ടും കെട്ടിപൊക്കി സ്ഥായിയായി നിലനിര്‍ത്തുകയാണുണ്ടായത്.

‘കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍ തയ്യാറല്ലെന്ന്,’ അയ്യങ്കാളിയുടെ പരസ്യ പ്രഖ്യാപനത്തോടെ തിരുവിതാംകൂറില്‍ ഒരു വര്‍ഷക്കാലം (1907-08 ) നീണ്ടു നിന്ന അധ:സ്ഥിതരുടെ കാര്‍ഷികസമരം ചരിത്രത്തിലാദ്യത്തേതാണ്. ജന്മിമാരാകട്ടെ നായര്‍ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പിന്തുണയോടെ ദളിതരെ മര്‍ദ്ദിക്കാനും ആരംഭിച്ചു. അടിയാന്മാരുടെ അദ്ധ്വാനം നിലച്ചപ്പോൾ സവര്‍ണ ജന്മികളുടെ ധാന്യസംഭരണം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലായി. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് ജീവിച്ചിരുന്ന അധ:സ്ഥിതരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ, എന്നിട്ടും അവര്‍ അയ്യങ്കാളിയുടെ സമരനേതൃത്വത്തില്‍ ഉറച്ചുനിന്നു. നിവൃത്തിയില്ലാതെ ചില നായര്‍ പ്രമാണിമാര്‍ കൃഷിപ്പണിക്ക് തയ്യാറായി “ ഒരു പുലയി ഒരു ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്മാര്‍ ഒരു ദിവസം കൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നുവെന്നും ചെളിയിലും വെള്ളത്തിലും നിന്നതിനാല്‍ അവര്‍ക്ക് രോഗം പിടിപെട്ടുവെന്നും ” ഇതേപറ്റി 1916 -ല്‍ അയ്യൻങ്കാളി തന്നെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ കാലം നീണ്ടുനിന്ന ഈ സമരം ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത് ഒരു ഒത്തുതീര്‍പ്പ് ചർച്ചയിലൂടെയാണ് അവസാനിപ്പിച്ചത്.

അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളുടെ ആരംഭദശയില്‍ തന്നെ സംഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം 1907 -ല്‍ വെങ്ങാനൂരില്‍ വെച്ച് അധ:സ്ഥിത ജനതയുടെ സംഘടനയെന്ന നിലയില്‍ സാധുജന പരിപാലന സംഘത്തിന് രൂപം നല്‍കി. രൂപീകരണ കാലം മുതല്‍ ‍വിദ്യാലയ പ്രവേശനത്തിനാണ് സംഘം ഊന്നല്‍ നല്‍കിയത്. സാധുജന പരിപാലിനി എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും അയ്യങ്കാളി ചങ്ങനാശേരിയിൽ നിന്നും ആരംഭിച്ചിരുന്നു. കൂലിവര്‍ദ്ധനയ്ക്കും ജോലിഭാരം കുറക്കുന്നതിനുമായി കർഷകത്തൊഴിലാളികൾ പെരിനാട്ട് നടത്തിയ സമരത്തെ തുടർന്ന് കൊല്ലത്ത് 1915- ൽ ചേർന്ന മഹാസഭയിൽ അയ്യങ്കാളിയുടെ നിർദ്ദേശാനുസരണം സ്ത്രീകൾ കല്ലുമാല അറുത്തു മാറ്റിയത് മറ്റൊരു സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു.

ചരിത്രത്തിലാദ്യമായി അയ്യങ്കാളിയെ കുറിച്ചുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നത് 1953- ലെ എസ്.എൻ.ഡി.പി പ്രസിദ്ധീകരിച്ച സുവനീറിലാണെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ കൊച്ചുമകനായിട്ടുള്ള വെങ്ങാനൂർ സുരേന്ദ്രൻ, അയ്യങ്കാളി സ്മരണിക പ്രസിദ്ധീകരിക്കുകയും, അയ്യങ്കാളി എന്ന മനുഷ്യൻ കേരളത്തിൽ പ്രധാനപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പ്രശസ്ത ചിന്തകനായ സണ്ണി എം കപിക്കാട് ഒരു പ്രഭാഷണത്തിൽ പറയുന്നുണ്ട്. അയ്യങ്കാളിയെ കുറിച്ചുള്ള ആദ്യത്തെ പുസ്തകം വെങ്ങാനൂർ സുരേന്ദ്രൻ തന്നെ എഡിറ്റർ ആയിട്ടുള്ള അയ്യങ്കാളി സ്മരണിക ആണ് എന്നും, പിൽക്കാലത്ത് അയ്യങ്കാളിയെ കുറിച്ചുള്ള നിരവധിയായ രചനകൾക്ക് ആധാരമായി എല്ലാവരും ആശ്രയിച്ചിട്ടുള്ളത് ഈ പുസ്തകത്തിലെ ഓർമ്മകളും രേഖാചിത്രങ്ങളും സംഭവ പരമ്പരകളുമാണ് എന്നും സണ്ണി എം കപിക്കാട് ചൂണ്ടിക്കാട്ടുന്നു. 1979-ലാണ് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച്‌ ടി.എച്ച്.പി. ചെന്താരശ്ശേരി എഴുതിയ സമഗ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവചരിത്രം അയ്യങ്കാളിയെ കുറിച്ച് ഉണ്ടാവുന്നത്. അതിനു ശേഷം ഇതിലുള്ള കാര്യങ്ങൾ തന്നെയാണ് പരത്തിയും പൊലിപ്പിച്ചു അയ്യങ്കാളിയെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും എന്ന് കപിക്കാട് അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം “മഹാത്മാ അയ്യൻങ്കാളിയുടെ സംഭാവനകളുടെ വ്യാപ്തിയും പ്രസക്തിയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനോ കേരള ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല.” എന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ന്യൂറോ സർജറി മുൻ പ്രൊഫസറായിരുന്ന ഡോ.ബി.ഇഖ്ബാൽ 2014 എഴുതിയ ഒരു കുറിപ്പിൽ നിരീക്ഷിക്കുന്നുണ്ട്. “കഴിഞ്ഞ ഒന്നു രണ്ട് ദശകകാലത്തിനിടയിൽ മാത്രമാണ് ദളിത് പ്രസ്ഥാനങ്ങൾക്ക് പുറത്തുള്ള പൊതു സംഘടനകൾ അയ്യങ്കാളിയെ ആദരിച്ച് തുടങ്ങിയിട്ടുള്ളത്.” എന്നും അദ്ദേഹം പറയുന്നു.

കേരളത്തിൽ ഉണ്ടായിട്ടുള്ള നവോത്ഥാനം രേഖീയമായ ഒരു പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒന്നല്ല. പല കാലങ്ങളിലായി വിവിധ തലങ്ങളിലുള്ള സാമൂഹിക മാറ്റങ്ങൾ, ഇടപെടലുകൾ അതിന് വഴിവെച്ചിട്ടുണ്ട്. ഇത്തരം സാമൂഹിക മാറ്റങ്ങൾക്കായി പോരാടിയ വ്യക്തികളിൽ തീർച്ചയായും അയ്യങ്കാളിക്ക് പ്രഥമ സ്ഥാനമുണ്ട്. അയ്യങ്കാളി 1863 ല്‍ ജനിച്ച്‌ 1941 ല്‍ നിര്യാതനായി. അദ്ദേഹം ജീവിച്ച 78 വര്‍ഷങ്ങളുടെ സാർത്ഥകത കൂടിയാണ് കേരളത്തിന്റെ നവോത്ഥാനം. അതേസമയം അയ്യങ്കാളി ഉൾപ്പെടെയുള്ള നിരവധി പേരുടെ ശ്രമഫലമായി കേരളത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നവോത്ഥാനത്തിന്റെ പരിണിതി എന്താണ് എന്ന് നാം ചിന്തിക്കേണ്ട സന്ദർഭം കൂടി ആണിത് പ്രത്യേകിച്ച് ലോകത്ത് ആകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയവത്കരണം ഇന്ത്യയിലും, ഹിന്ദുത്വ രാഷ്ട്രീയമെന്ന ഭീകരതയായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ നാളുകളിൽ.

കവിയും എഴുത്തുകാരനുമായ എം.ആര്‍ രേണുകുമാറിന്റെ “അയ്യങ്കാളി: ജീവിതവും ഇടപെടലുകളും” എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നേരിട്ടിരുന്ന ഒരു തിക്താനുഭവത്തെ കുറിച്ച് വിവരിക്കുന്നത് ശ്രദ്ധേയവും പ്രസക്തവുമാണ്, അദ്ദേഹം എഴുതുന്നു:

“വഴക്കുണ്ടാകുമ്പോഴും രസക്കേടുണ്ടാകുമ്പോഴും (ചിലപ്പോള്‍ അല്ലാത്തപ്പോഴും) കൂട്ടുകാരെന്നെ ‘കാളി’ എന്നു വിളിച്ച് കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ജാതീയമായ ഒരു വേര്‍തിരിവായിരുന്നു ഈ വിളിയില്‍ അടങ്ങിയിരുന്നതെന്ന് ആരും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഈഴവക്കുട്ടികളില്‍ നിന്നും ചിലപ്പോള്‍ മുതിര്‍ന്നവരില്‍നിന്നും ഞാന്‍ കേള്‍ക്കാറുണ്ടായിരുന്ന ‘പൂച്ച’വിളികളോളം വരില്ലെങ്കിലും ഈ ‘കാളി’ വിളി കേട്ട് ഞാന്‍ സങ്കടപ്പെട്ടിരുന്നു. അമ്മയെക്കൊണ്ടു ചോദിപ്പിച്ചോ, മറ്റെന്തെങ്കിലും കളിയാക്കിപ്പേരുകള്‍ തിരികെ വിളിച്ചോ അത്തരം കുത്തുവാക്കുകളെ തടയാനോ നേരിടാനോ കഴിയുമായിരുന്നില്ല. അത്തരം വിളികളുടെയും പരാമര്‍ശങ്ങളുടെയും ഉള്ളില്‍ അടങ്ങിയിട്ടുള്ള ജാതിഹിംസയെ തിരിച്ചറിയാന്‍ വിധം പരിഷ്‌കൃതരുമായിരുന്നില്ല എന്റെ നാട്ടിലെ ഈഴവരില്‍ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയായിരിക്കാം ജാതിബോധത്തെ ഇത്രമേല്‍ മലീമസമായി പുറത്തുകാണിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. നാരായണഗുരുവിന്റെയൊക്കെ ഇടപെടലുകള്‍ ഈഴവസമൂഹത്തിന്റെ ജാത്യാഭിമാനത്തെ പെരുപ്പിച്ചതല്ലാതെ അവരില്‍ സാമൂഹിക സമഭാവനയും തിരിച്ചറിവും വരുത്തിയില്ല എന്നതാണ് എഴുപതുകളിലെയും എണ്‍പതുകളിലെയും എന്റെ ബാല്യ-കൗമാര അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ജാതീയത നാറുന്ന ഇതരവിളികള്‍ താത്കാലികമായി കൈയൊഴിഞ്ഞ് ‘കാളി’യെന്ന് എന്നെ വിളിക്കാനൊരു ‘സാഹചര്യം’ നാട്ടില്‍ അക്കാലത്തുണ്ടായി. അതൊരു ഈഴവ-പുലയ സംഘര്‍ഷമായിരുന്നു.”

എം.ആര്‍ രേണുകുമാർ തുടർന്ന് വിവരിക്കുന്നു:

“ഏതാണ്ട് ഇക്കാലത്ത് ഒരു പുലയയുവാവിന്റെ കുത്തേറ്റ് ഒരു ഈഴവ’റൗഡി’ കൊല്ലപ്പെട്ടതും സാമൂഹിക സംഘര്‍ഷത്തെ പല നിലകളില്‍ സ്വാധീനിച്ചു. പ്രധാനമായും എന്റെ നാടിനടുത്ത നാട്ടില്‍ നടന്ന ഈ സംഘര്‍ഷ പരമ്പരകളുടെ പ്രതിഫലനമായിരുന്നു എനിക്ക് കൂട്ടുകാരില്‍ നിന്നും കിട്ടിയ ‘കാളി’യെന്ന കളിയാക്കിപ്പേര് അഥവാ മ്ലേഛവിശേഷണം. നാണുവെന്നോ ഗുരുവെന്നോ തിരിച്ചുവിളിച്ച് ആ വിളിയെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ‘കൊട്ടി’യെന്നുള്ള ഈഴവജാതിയുടെ കളിയാക്കിപ്പേര് വാശിക്ക് തിരിച്ചു വിളിക്കാനുള്ള ‘ആമ്പിയര്‍’ എന്റെ കുടുംബമോ സമുദായമോ എനിക്കു പകര്‍ന്നു തന്നിട്ടുമുണ്ടായിരുന്നില്ല. പദവികളെയും വലിപ്പച്ചെറുപ്പങ്ങളെയും അധികാരത്തെയും നിര്‍ണയിക്കുന്ന കേരളത്തിന്റെ ജാതീകൃത സാമൂഹിക ശാസ്ത്രത്തെ കുറിച്ചും അതിന്റെ ബലതന്ത്രങ്ങളെ കുറിച്ചും അധികം പറയേണ്ടതില്ലല്ലോ.”

എം.ആര്‍ രേണുകുമാർ വിവരിച്ചിരിക്കുന്ന ഈ അനുഭവം പതിറ്റാണ്ടുകൾ മുമ്പ് ഉണ്ടായതാണ് എന്നാൽ കാളി എന്ന പേര് പുലയ വിഭാഗത്തിൽ പെട്ടവരെ അധിക്ഷേപിക്കാൻ മറ്റ് സമുദായക്കാർ ഒളിഞ്ഞും തെളിഞ്ഞും ഇന്നും വിളിക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. തെറിവിളിയും “സൂക്ഷ്മാക്രമണമായും”  (micro aggression) ഒക്കെ അരികുവത്കരിക്കപ്പെട്ടവർക്ക് നേരെ ഉള്ള കടന്നുകയറ്റങ്ങളും, അധിക്ഷേപങ്ങളും, അധികാരപ്രയോഗങ്ങളും ഇന്നും നിലനിൽക്കുന്നു. ഇത്തരം സൂക്ഷമാക്രമണങ്ങൾ ആണ് സാഹചര്യങ്ങൾക്ക് അനുസൃതമായി അംബേദ്ക്കറുടെ പ്രതിമ തകർക്കലിലും പ്രേമിച്ചു എന്ന കുറ്റത്തിന് കെവിനെ പോലുള്ള ചെറുപ്പക്കാർ കൊല ചെയ്യപ്പെടുന്നതിലും കൊണ്ടെത്തിക്കുന്നത്. അയ്യങ്കളിയുടെ 156-ാ‍ം ജന്മവാർഷികത്തിലും, കേരളം സമൂഹം എന്ന നിലയിൽ പല കാര്യങ്ങളിലും നൂറ്റാണ്ടുകൾ പിന്നോട്ടാണ് എന്നത് നാം സ്വയം വിമർശനാത്മകമായി ചിന്തിക്കേണ്ട ഒന്നാണ്. ഇതിനൊരു മാറ്റം എന്നത് തീർച്ചയായും വോട്ടുബാങ്കുകൾ ലക്ഷ്യം വെച്ചുള്ള മനുഷ്യ മതിലുകളോ, നവോഥാന പ്രസംഗങ്ങളോ അല്ലെന്ന്‌ അടിവരയിട്ട് പറയാം.

some inputs from dalithchinthakal.blogspot.com