'കിംഗ് മേക്കറല്ല', പക്ഷേ ഡല്‍ഹിയുടെ മനമറിഞ്ഞ രാഷ്ട്രീയക്കാരന്‍

ഹരിയാനയിലെ ഹിസാറില്‍ ഒരു ഇടത്തരം മാര്‍വാടി കുടുംബത്തില്‍ ജനിച്ച കെജ്‌രിവാള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ ബിഗ് സീറോ ആയിരുന്നു. പൂജ്യത്തില്‍ നിന്നും തുടങ്ങിയ രാഷ്ട്രീയ തേരോട്ടം അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചിരിക്കയാണ്.

ചൂല് ആയുധമാക്കി ഡല്‍ഹി രാഷ്ട്രീയം തൂത്തു വാരാനിറങ്ങിയ കെജ്‌രിവാള്‍ ആദ്യം ഓങ്ങിയത് സ്വാഭാവികമായും നരേന്ദ്രമോദിയെയും ബിജെപിയേയും ആയിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍, വ്യക്തിപരമായ കടന്നാക്രമണങ്ങള്‍. പക്ഷെ എന്തും ഏതും ആയുധമാക്കിയായിരുന്നു നരേന്ദ്രമോദിയുടെ നീക്കം. വിവാദങ്ങള്‍ വളര്‍ച്ചയിലേക്കുള്ള വഴിയാക്കി മാറ്റിയെടുത്ത് നരേന്ദ്രമോദി പയറ്റുന്ന രാഷ്ട്രീയം പാര്‍ലമെന്റ്  തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പൂര്‍ണമായും കെജ്‌രിവാളിന് പിടികിട്ടി. അത് വരെ നടന്ന വഴിയില്‍ നിന്ന് പൊടുന്നനെ യൂടേണടിച്ച കെജ്‌രിവാള്‍ പിന്നെ ഊന്നിയത് ഡല്‍ഹിയുടെ വികസനത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും മാത്രമാണ്.

കേന്ദ്രമന്ത്രിമാര്‍ ക്യാമ്പു ചെയ്തു പ്രചരണം നടത്തിയിട്ടും കെജ്‌രിവാളിന്റെ നേട്ടത്തെ പിന്നിലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഡല്‍ഹിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്ത്രപൂര്‍വം മുന്നേറിയ കെജ്‌രിവാളിന് മുന്നില്‍ ബിജെപിയുടെ തന്ത്രങ്ങളും പ്രതിഛായയും ഒരു വേള നിഷ്ഫലമായി തീര്‍ന്നു. ഡല്‍ഹിയെ നന്നാക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന കെജ്‌രിവാളിന്റ അഭ്യര്‍ത്ഥനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്.

അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കുമാര്‍ കെജ്‌രിവാള്‍ എന്ന അരവിന്ദ് കെജ്‌രിവാള്‍ ദേശീയതലത്തില്‍ ശ്രദ്ധേയനാകുന്നത്. 2006- ല്‍ ഇന്‍കംടാക്സ് വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്.

ഹരിയാനയിലെ ഹിസാറില്‍ ഒരു ഇടത്തരം മാര്‍വാടി കുടുംബത്തിലാണ് കെജ്‌രിവാളിന്റെ ജനനം. സോനേപ്പട്ട്, ഗാസിയാബാദ്, ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഖരക്പൂര്‍ ഐ. ഐ. ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ടാറ്റാ സ്റ്റീലില്‍ ജോലി ചെയ്തു. മൂന്ന് വര്‍ഷത്തിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയുടെ പഠനത്തിനായി ടാറ്റാ സ്റ്റീലിലെ ജോലി രാജി വെച്ചു. 1996- ല്‍ കെജ്‌രിവാള്‍ ഐ.ആര്‍.എസ് ആദായനികുതി വകുപ്പില്‍ ജോ.കമ്മീഷണറായി. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാര്‍ ജീവിതത്തോടുള്ള വിരക്തി മൂലം രാജിവെച്ച് 2006-ല്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങി.

ഡെല്‍ഹി കേന്ദ്രമാക്കി പരിവര്‍ത്തന്‍ എന്ന കൂട്ടായ്മ രൂപീകരിച്ചു കൊണ്ടാണ് പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മദര്‍ തെരേസയുടെ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കന്‍ ഇന്ത്യയിലെ രാമകൃഷ്ണമിഷന്‍, നെഹ്‌റു യുവകേന്ദ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷന്‍ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേര്‍ന്ന് പരിവര്‍ത്തന്‍ എന്ന എന്‍.ജി.ഒക്ക് രൂപം നല്‍കി.

2006 ഡിസംബറില്‍ മനീഷ് സിസോദിയ, അഭിനന്ദന്‍ സെഖ്രി എന്നിവരുമായി ചേര്‍ന്ന് പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. 2006- ല്‍ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തില്‍ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങള്‍. വിവരാവകാശ നിയമത്തിനു വേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവത്കരണത്തിനു വേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവര്‍ത്തിച്ചു.

ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി കൊണ്ട് അണ്ണാഹസാരെ സമരത്തിനിറങ്ങിയപ്പോള്‍ വലംകൈയായി പ്രവര്‍ത്തിച്ചത് അരവിന്ദ് കെജ്‌രിവാളാണ്. ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് 2011 ഓഗസ്റ്റ് 16-നു നടന്ന സത്യഗ്രഹത്തെ തുടര്‍ന്ന് കെജ്‌രിവാള്‍ അറസ്റ്റിലായി. 2012 ജൂലൈ മാസത്തില്‍ കളങ്കിതരായ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മനീഷ് സിസോദിയക്കും ഗോപാല്‍റായിക്കുമൊപ്പം ജന്ദര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി.

എന്നാല്‍ പാര്‍ട്ടി രൂപീകരണത്തോടെ കെജ്‌രിവാള്‍, ഹസാരെയുമായി വേര്‍പിരിയുകയായിരുന്നു. 2012 നവംബര്‍ മാസത്തില്‍ രൂപീകരിച്ച പാര്‍ട്ടി സാധാരണക്കാരനെ ഏറ്റവും അധികം ബാധിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനയാണ് ഏറ്റെടുത്തത്. ബില്ലടക്കാതെ ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ഡല്‍ഹി സര്‍ക്കാരിനെ വിറപ്പിച്ചു. ഇതോടെ കെജ്‌രിവാളിന് പിന്നില്‍ ഡല്‍ഹിയിലെ ചേരികളും, സാധാരണക്കാരും അണിനിരന്നു. അവര്‍ തങ്ങളുടെ രക്ഷകനെ കണ്ടത് കെജ്‌രിവാളിലായിരുന്നു.

മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു തുടക്കം മുതലെ ആം ആദ്മിയുടെ ലക്ഷ്യം. ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസിനുള്ളില്‍ ക്രൂരമാനംഭംഗത്തിനിരയായപ്പോള്‍ സമരവും പ്രക്ഷോഭവുമായി രംഗത്തെത്തിയതും ആം ആദ്മിയായിരുന്നു. എല്ലാം തൂത്ത് വൃത്തിയാക്കുന്ന ചൂല്‍ ചിഹ്നമായി സ്വീകരിച്ച പാര്‍ട്ടിക്ക് പുറകില്‍ ഡല്‍ഹിയിലെ ചേരിനിവാസികളും സാധാരണക്കാരും അണിനിരക്കുകയായിരുന്നു.

ഒരു കൊല്ലം കൊണ്ട് മികച്ച വോളണ്ടിയര്‍ സേന ഉണ്ടാക്കാനും സുതാര്യമായ രീതിയില്‍ പല ഉറവിടങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഫണ്ട് സ്വരൂപിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. ഓണ്‍ലൈനിലൂടെ അംഗങ്ങളെ ചേര്‍ക്കുന്ന പുതിയ പരിപാടി ആദ്യമായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയതും ആം ആദ്മിയാണ്. അങ്ങനെ പുതിയ പാര്‍ട്ടിയെ ബിജെപിക്കും കോണ്‍ഗ്രസിനും മുമ്പെ തന്നെ 2013-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ സജ്ജമാക്കാനും കെജ്‌രിവാളിന് സാധിച്ചു.

സാമ്പ്രദായിക രാഷ്ട്രീയ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി 2015- ല്‍ ചുവടുറപ്പിച്ച കെജ്‌രിവാള്‍ പിന്നീടിങ്ങോട്ട് വീണും വാണും ജനകീയ മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന് കയറിയെത്താന്‍ വര്‍ഷങ്ങളെടുത്തു. വീറും വാശിയും നിറഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷാഹീന്‍ ബാഗും പൗരത്വ നിയമ ഭേദഗതിയും ബിജെപി ആയുധമാക്കിയപ്പോള്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് എത്തിച്ച് പ്രതിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളും നരേന്ദ്രമോദിയും അമിത്ഷായും പ്രചാരണ വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ജനകീയ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് ഉയര്‍ന്ന് നിന്ന കെജ്‌രിവാള്‍ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ബിജെപിയോട് തിരിച്ച് ചോദിച്ചു

തീവ്രവാദി പ്രയോഗവും ഹിന്ദുവല്ലെന്നതടക്കം ബിജെപി ആക്രമണങ്ങളും മറികടക്കാനും ഉണ്ടായിരുന്നു കെജ്‌രിവാളിന് മുന്നില്‍ തന്ത്രങ്ങള്‍. ഹനുമാന്‍ ചാലിസ ചൊല്ലിയും ചുവന്ന കുറിയും,ക്ഷേത്രദര്‍ശനവും അടക്കം ഉള്ള നമ്പറുകളുമായും കെജ്‌രിവാള്‍ കളം കീഴടക്കി. എല്ലാറ്റിനും പുറമെ വെള്ളം വൈദ്യുതി പൊതു ഗതാഗതം വിദ്യാഭ്യാസം തുടങ്ങിയ പൊതു വികസന പ്രശ്‌നങ്ങളില്‍ സാധാരണക്കാരന്റെ മനസറിഞ്ഞുള്ള ക്രിയാത്മക ഇടപെടലുകള്‍ കൂടിയായപ്പോള്‍ ഡല്‍ഹി മനം കെജ്‌രിവാളിന് കൂടെയായി

ദേശീയതയും പൗരത്വവും പറഞ്ഞ് ഇന്ദ്രപ്രസ്ഥം പിടിക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്ക് കൂടിയാണ് ജനകീയതയും പ്രാദേശിക രാഷ്ട്രീയവും മാത്രം പറഞ്ഞ് കെജ്‌രിവാള്‍ മറുപടി നല്‍കുന്നത് എന്നതും ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.