കശ്മീർ ജനതയുടെ സ്വാതന്ത്ര്യദിനങ്ങൾ

ശരത്ചന്ദ്ര ബോസ്

ഇന്നേയ്ക്ക് പത്തു ദിവസം മുമ്പാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതും, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും. രാജ്യമൊട്ടാകെ ഇന്ന് 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ശ്രീനഗറിലും സംസ്ഥാനത്തിന്റെ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു. ശ്രീനഗറിനെ കൂടാതെ ജമ്മു കശ്മീരിലെ വിവിധ ജില്ലകളിലും ദേശീയ പതാക ഉയർത്തി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയുണ്ടായി. എന്നാൽ കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യം എന്നത് കേവലം വാക്കിലും പതാക ഉയർത്തലിലും മാത്രമായി ഒതുങ്ങുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മേഖലയിലുടനീളം സൈനികരുടെ സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിലേക്ക് പോകുന്ന റോഡ് ഉരുക്ക് ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് വളഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്, അതേസമയം കാൽനടയാത്രക്കാർക്ക് ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവറിന് സമീപം പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്. ശ്രീനഗറിലെ രാജ്ഭവന് സമീപമുള്ള സേത്യാർ ക്ഷേത്രത്തിൽ ഭാരതീയ ജനതാ പാർട്ടിയിലെ ഏതാനും പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ പിന്നിടുമ്പോൾ, ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കാം ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പതാക ഉയർത്തൽ ഇത്ര വിപുലമായി നടക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും കേന്ദ്ര സർക്കാരിന്റെയും, ബി.ജെ.പി യുടെയും ശക്തിപ്രകടനം എന്ന നിലയിലാണ് ഈ പതാക ഉയർത്തൽ നടക്കുന്നത്. എന്നാൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഈ ദിനങ്ങൾ സ്വാതന്ത്ര്യത്തിന്റേത് അല്ല മറിച്ച് പാരതന്ത്ര്യത്തിന്റേത് ആണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് തൊട്ടു പിന്നാലെ, ഒൻപതാം തിയതി, സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രെസ്, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ വിമൽഭായ്, [കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്), ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ] നേതാവ് കവിത കൃഷ്ണൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ മൈമൂന മൊല്ല എന്നിവരടങ്ങുന്ന നാലംഗ സംഘം കശ്മീരിലുടനീളം യാത്ര ചെയ്യുകയും അവിടുത്തെ സ്ഥിതി വിവരം വിലയിരുത്തുകയും ചെയ്തിരുന്നു. ഈ സംഘം നടത്തിയ യാത്രയുടെ വീഡിയോ-ഡോക്യുമെന്ററി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് “പീപ്പിൾസ് ഡിസ്പാച്” വഴി പുറത്തു വന്നത്. ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ് കശ്മീരിൽ അവർ കണ്ടത് എന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

ഈദ് ദിനത്തിൽ പുൽവാമ ജില്ലയിലെ കാക്ക്പുര ഗ്രാമത്തിലൂടെ സംഘം സഞ്ചരിച്ചു കൊണ്ട് പകർത്തിയ വീഡിയോയിൽ നിന്നും ദൃശ്യമാകുന്നത് അടഞ്ഞു കിടക്കുന്ന കടകമ്പോളങ്ങളും, ഒഴിഞ്ഞ തെരുവുകളുമാണ്. ഷോപിയാൻ ജില്ലയിൽ നിന്നും പേരോ മുഖമോ വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത പ്രദേശവാശിയുടെ അഭിപ്രായത്തിൽ അവിടുത്തെ ജനങ്ങൾ വലിയ രീതിയിലുള്ള പീഡനമാണ് അനുഭവിക്കുന്നത്, എല്ലാവരും ഭയചകിതരാണ്. പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല, സൈന്യം നിരന്തരമായി ഓരോ വീടുകൾ തോറും കയറി ഇറങ്ങി പരിശോധനകൾ നടത്തി വരികയാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 370- ഉം 35എ-യും ഇന്ത്യക്കൊപ്പം ചേർന്ന് നിൽക്കുന്നതിനായി കശ്മീർ ജനതക്ക് ഇന്ത്യൻ സർക്കാർ നൽകിയ ഉറപ്പായിരുന്നു. എന്നാൽ ഈ പ്രതിജ്ഞാബദ്ധത സർക്കാർ മറക്കുമ്പോൾ കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം മുറിയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, കശ്മീരി ജനതയുടെ പ്രതിനിധികളും അന്നത്തെ ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം നിലവിൽ വന്ന സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതായ സാഹചര്യത്തിൽ കശ്മീരി ജനതയെ സ്വതന്ത്ര്യമാക്കണമെന്നും അദ്ദേഹം “പീപ്പിൾസ് ഡിസ്പാച്” പ്രതിനിധി സംഘത്തോട് പറഞ്ഞു.

ആനന്ത്നാഗ് ജില്ലയിൽ നിന്നുള്ള പ്രദേശവാസി തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച്  സംഘത്തോട് വിവരിച്ചു. “ഞാൻ എന്റെ അമ്മയ്ക്കായി മരുന്ന് വാങ്ങാൻ പോകുകയായിരുന്നു, അമ്മയുടെ മനോരോഗത്തിനുള്ള മരുന്നുകളുടെ കുറിപ്പടി കയ്യിൽ ഉണ്ടായിരുന്നു. ലാൽ ചൗക്കിൽ എത്തിയപ്പോൾ പോലീസ് കടത്തിവിട്ടു, എന്നാൽ കുറച്ചു മുന്നോട്ട് എത്തിയപ്പോൾ സൈനികർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിക്കുകയും ചെയ്തു. മരുന്ന് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്നും കുറിപ്പടി വാങ്ങി എന്നെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിനോട് ചേർത്ത് തിരിച്ചു നിർത്തി പിന്നീട് എന്റെ വയറ്റിൽ സൈന്യം ഇടിക്കുകയും, കയ്യൊടിക്കുകയും ചെയ്തു.” ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിലൂടെ സംഭവിക്കുന്നത് ഇതാണെന്നും ആനന്ത്നാഗ് ജില്ലക്കാരൻ പറഞ്ഞു. “തങ്ങളുടെ ഇഷ്ടത്തിനാണ് സർക്കാർ ഭരണം നടത്തുന്നത് ഞങ്ങളെ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 5- ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയി 6 ദിവസം തടവിലിട്ട ഏഴാം തരത്തിൽ പഠിക്കുന്ന, പതിനൊന്ന് വയസുകാരനായ ബാലന്റെ അനുഭവസാക്ഷ്യമാണ് വീഡിയോയിൽ പിന്നീട് കാണിക്കുന്നത്. താൻ നാമാസിനായി (പ്രാർത്ഥന) പോകുമ്പോൾ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും, 5-6 ദിവസം തടവിലിട്ടെന്നും ബാലൻ പറയുന്നു. തടങ്കലിൽ അവർ തന്നെ മർദ്ദിച്ചതായും തന്നെ പോലെ പത്രണ്ടോളം കുട്ടികളെ പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചെന്നും ഇതിൽ തന്നെക്കാൾ മുതിർന്നവരും പ്രായം കുറഞ്ഞ കുട്ടികളും ഉണ്ടെന്നും ബാലൻ പറയുന്നു. തന്റെ പ്രദേശത്തിന് വെളിയിൽ നിന്നുള്ള കുട്ടികളെയും ഇങ്ങനെ ബന്ദികളാക്കി സൈന്യം അറസ്റ്റ് ചെയ്‌തിരുന്നു. കല്ലെറിഞ്ഞെന്ന് പറഞ്ഞ് വലിയ വടികൾ കൊണ്ടായിരുന്നു മർദ്ദനം. കല്ലെറിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ മർദ്ദനം തുടർന്നു, ബാലൻ പറഞ്ഞു. തന്നെ എന്തിനാണ് പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചതെന്നോ, ഏത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തതെന്നോ ബാലന് ഒരറിവുമില്ല എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു.

മോദി സർക്കാർ കശ്മീരിൽ കൈകൊണ്ട നടപടി തെറ്റാണെന്നും ഇത് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും മറ്റൊരു പ്രദേശവാസി പറയുന്നു, “ഞങ്ങൾ കുപിതരാണ്, നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്, ഇത് സ്വീകരിക്കാൻ സാധ്യമല്ല.” മരുന്നോ, ടെലിഫോൺ സൗകര്യമോ, ഇന്റെർനെറ്റോ ഒന്നും തന്നെ ജനങ്ങൾക്ക് പ്രാപ്യമല്ലാത്ത അവസ്ഥയാണുള്ളത്. കശ്മീരിലെ സ്ഥിതി ശാന്തമാണെന്നാണ് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പറയുന്നത് എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് മറ്റൊരാൾ വീഡിയോയിൽ പറയുന്നു. “നിങ്ങൾ സ്വയം കണ്ടു നോക്കൂ, എന്നിട്ട് സ്വയം വിലയിരുത്തി നോക്കൂ സ്ഥിതി ശാന്തമാണോ അല്ലയോ എന്ന്,” അയാൾ കൂട്ടിച്ചേർത്തു.

“കശ്മീരിനെ സംബന്ധിച്ച തീരുമാനങ്ങൾ കശ്മീരി ജനതയോടും കൂടെ ആലോചിച്ചിട്ട് ചെയ്യണമായിരുന്നു. കശ്മീരികളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ മാത്രമേ ഈ ബിൽ പാസ്സാക്കുവാൻ പാടുണ്ടായിരുന്നുള്ളു” മറ്റൊരു പ്രദേശവാസി പറഞ്ഞു. “നിങ്ങൾ ഞങ്ങളുടെ കൈകാലുകൾ കൂട്ടിക്കെട്ടി, വായ് തുറന്നു തന്നെ വെച്ചു, എന്നാൽ ഒരു തോക്ക് ഞങ്ങളുടെ തലയ്ക്കു നേരെ ചൂണ്ടിയിരുന്നു, എന്നിട്ടു പറഞ്ഞു ഇന്നാ ഇത് ഭക്ഷിക്കൂ.” ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമം അടിച്ചേൽപ്പിച്ചതിനോട് കശ്മീരിലെ ഒരു ചെറുപ്പക്കാരന്റെ പ്രതികരണമായിരുന്നു ഇത്. “ബലപ്രയോഗവും ഭീഷണിപ്പെടുത്തലും ഗുണ്ടായിസവുമാണ് നടന്നിരിക്കുന്നത് മറ്റൊന്നുമല്ല,” മറ്റൊരു കശ്മീരിയുടെ അഭിപ്രായം ഇതായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് നിയമവിരുദ്ധമായ അറസ്റ്റിന് വിധേയനായി തടവിൽ കഴിയുന്ന 19 കാരന്റെ ബന്ധു പറയുന്നത്, “രാത്രി പതിനൊന്ന് മണിക്ക് ഞങ്ങളുടെ മകനെ അവർ പിടിച്ചു കൊണ്ടുപോയി, കഴിഞ്ഞ എട്ട് ദിവസമായി അവൻ തടങ്കലിലാണ്, എല്ലാദിവസവും അവന്റെ വിടുതലിനായി സ്റ്റേഷനിൽ പോവും എല്ലാതവണയും പിന്നീട് വരാനാണ് അധികാരികൾ പറയുന്നത്. ഇതുവരെയും അവനെ അവർ വിട്ടയച്ചിട്ടില്ല. കഴിഞ്ഞ ദിവസവും പോയിരുന്നു അപ്പോഴും പറയുന്നത് തീർച്ചയായും വിടും, പിന്നീട് വരൂ എന്നാണ്. അവന്റെ അമ്മ ഹൃദ്രോഗിയാണ് സുഖം ഇല്ലാത്ത അവസ്ഥയിലാണ് ഉള്ളത്, എത്രയും വേഗം അവൻ സ്വതന്ത്രനായി വീട്ടിൽ വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഈ നിലയിലാണ് കശ്മീരിലെ സ്ഥിതി തുടരുന്നത്,” ബന്ധു പറഞ്ഞു.

“ഈ പ്രദേശത്തു നിന്നുമായി നാല് കുട്ടികളെ ആണ് അറസ്റ്റ് ചെയ്തു കൊണ്ടു പോയിരിക്കുന്നത് അതിൽ മൂന്ന് പേരെ വിട്ടയച്ചു എന്നാൽ ഞങ്ങളുടെ പയ്യനെ മാത്രം ഇപ്പോഴും തടവിൽ ഇട്ടിരിക്കുകയാണ്,” മറ്റൊരു ബന്ധു പറഞ്ഞു. “ഒരു കേസും ഇല്ലാതെയാണ് പിടിച്ചു കൊണ്ടു പോയിരിക്കുന്നത് ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ കുറച്ചു ദിവസം കൂടി ക്ഷമിക്കൂ എന്നാണ് അധികാരികൾ പറയുന്നത്, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, നിരവധി ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പയ്യനെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു എന്നാൽ എല്ലാം മുകളിൽ നിന്നുള്ള ഉത്തരവാണെന്നാണ് അവർ പറയുന്നത്, രാത്രി വന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് വിളിച്ചു കൊണ്ട് പോയത്, ആ സമയം അവന്റെ സുഖമില്ലാത്ത അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു,” ബന്ധു കൂട്ടിച്ചേർത്തു.

ഷോപ്പിയാൻ ജില്ലയിലെ നാഗ്ബൽ എന്ന ഗ്രാമം വീഡിയോയിൽ കാണിക്കുന്നുണ്ട്, കശ്മീരിലെ മറ്റ് സ്ഥലങ്ങളെ പോലെ തന്നെ അടഞ്ഞു കിടക്കുന്ന കടകളും ആളൊഴിഞ്ഞ വീഥികളുമാണ് ദൃശ്യമാകുന്നത്. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക നിലയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. കച്ചവടക്കാരുടെ ചരക്കുകളെല്ലാം ദിവസങ്ങളായി കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. എല്ലാവരും വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ബറ്റ്മാലോയിലെ ഒരു കച്ചവടക്കാരൻ പറഞ്ഞു. “ഈദ് ദിനം ആണ്, വർഷത്തിൽ ഒരിക്കലേ ഉള്ളൂ, ജനങ്ങളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണെന്ന് പരിഗണിച്ച്‌ എങ്കിലും കുറച്ചു ദിവസം കഴിഞ്ഞിട്ട് തീരുമാനം എടുത്താൽ പോരായിരുന്നോ സർക്കാരിന്” അയാൾ നിസ്സഹായനായി ചോദിക്കുന്നു. “ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്, ഇത് ആർക്കും സ്വീകാര്യമല്ല, ഈദ് ദിനത്തിൽ പുറത്തേക്ക് ഒന്ന് കാലെടുത്തു വെയ്ക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല, കച്ചവടക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്, വാടക കൊടുക്കാൻ പോലുമുള്ള കാശ് പാവപ്പെട്ട തൊഴിലാളികളുടെ കയ്യിൽ ഇല്ല,” അയാൾ പറഞ്ഞു.

കശ്മീരിൽ ഹിന്ദുവെന്നോ മുസ്ലിം എന്നോ സിഖ് എന്നോ ഭാവഭേദമില്ലെന്നും അതാണ് “കശ്മീരിയത്” എന്നും കശ്മീരി പണ്ഡിറ്റ് ആയ ഒരു വ്യക്തി പ്രതിനിധി സംഘത്തോട് പറഞ്ഞു. “ഈദ് വരുമ്പോൾ എല്ലാ മതങ്ങളും ചേർന്നാണ് അത് ആഘോഷിക്കാറുള്ളത്. ഈദ് ആയാലും ദീപാവലി ആയാലും മറ്റേത് ആഘോഷം ആയാലും അത് അങ്ങനെയാണ്. “കശ്മീരിയത്” എന്താണെന്ന് അന്വേഷിക്കുന്നവർക്ക് ഈ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആനന്ത്നാഗിൽ തടഞ്ഞു വെച്ചിരിക്കുന്ന ചരക്ക് വണ്ടികളുടെ നീണ്ട ദൃശ്യം ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട് , ഈദ് ദിനത്തിലും ആനന്ത്നാഗിൽ ആറു മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ പ്രാർത്ഥനയ്ക്കായി പള്ളികളിൽ പോകാൻ അനുവദിച്ചിരുന്നില്ല. ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങാൻ കടകളിൽ പോകാനും ഈ ദിവസം ജനങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല.

9 മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയൽ സംസാരിക്കുന്ന ഒരാളുടെ മുഖം പോലും കാണിക്കുന്നില്ല എന്നത് ഒരു പക്ഷെ വിചിത്രമായി തോന്നാം; എന്നാൽ അങ്ങനെ ചെയ്തിരിക്കുന്നത്, അഭിപ്രായങ്ങൾ തുറന്നു പറഞ്ഞവരുടെ സുരക്ഷയെ കരുതി മാത്രമാണ് എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.

കശ്മീരി ജനതയുടെ നന്മയും വികസനവുമാണ് കേന്ദ്രത്തിന്റെ കശ്മീർ നീക്കത്തിന് പിന്നിലെ ലക്‌ഷ്യം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരേ സ്വരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ, പല അവസരങ്ങളിലായി പറഞ്ഞത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആരാധകരും കേന്ദ്രത്തിന്റെ കശ്മീർ നീക്കത്തിൽ ആഹ്ലാദം പൂണ്ടിരിക്കുകയാണ്. രാഷ്ട്ര താത്പര്യം ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ നടപടി എന്നതാണ് അവരുടെയും പക്ഷം. ഭരണഘടനയുടെ വകുപ്പുകളിലെ ഭേദഗതികളിലൂടെ കശ്മീരിനു മേൽ സർക്കാർ നടപ്പിലാക്കാൻ പോകുന്നത് രാഷ്ട്ര താത്പര്യമാണോ അതോ ഏതാനും കോർപ്പറേറ്റ് മുതലാളിമാരുടെ ബിസിനസ് താത്പര്യങ്ങൾ ആണോ എന്നത് വരും നാളുകളിൽ അറിയാം.