ശ്രീകാന്ത് ഫൈനലില്‍ വീണു; എങ്കിലും വെള്ളിത്തിളക്കത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്റെ കിരീട മോഹം പൊലിഞ്ഞു. ഫൈനലില്‍ സിംഗപ്പൂരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് തോല്‍വി വഴങ്ങി. എങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന പെരുമ ശ്രീകാന്തിന് വന്നുചേര്‍ന്നു.

കലാശക്കളിയില്‍ 21-15, 22-20 എന്ന സ്‌കോറിനാണ് ശ്രീകാന്ത് ലോ കീന്‍ യൂവിനോട് കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ നിറംമങ്ങിയെങ്കിലും രണ്ടാം ഗെയിമില്‍ വീറുറ്റ പോരാട്ടം പുറത്തെടുത്തശേഷം ശ്രീകാന്ത് മുട്ടുകുത്തുകയായിരുന്നു.

സെമിയില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ മറികടന്നായിരുന്നു ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. ലക്ഷ്യക്ക് വെങ്കല മെഡല്‍ ലഭിച്ചിരുന്നു.