ലോക ടെന്നീസിലെ റാണി കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് സെറീന വില്യംസ്

ലോക ടെന്നീസിലെ റാണിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റിലൂടെ സെറീന ടെന്നീസിനോട് വിടപറയും. വോഗ് മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘വിരമിക്കല്‍ എന്ന വാക്ക് എനിക്കിഷ്ടമല്ല. അതൊരു പുതിയ വാക്കായി എനിക്ക് തോന്നുന്നില്ല. ഇതൊരു പരിവര്‍ത്തനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറ്റുചില കാര്യങ്ങള്‍ എനിക്കിപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്’ -സെറീന പറഞ്ഞു. ഒപ്പം വോഗ് മാഗസിന് വേണ്ടി എടുത്ത ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

40 കാരിയായ സെറീന കുറച്ചുകാലങ്ങളായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വരാനിരിക്കുന്ന യു.എസ് ഓപ്പണില്‍ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് സെറീനയുടെ ശ്രമം. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്.

View this post on Instagram

A post shared by Serena Williams (@serenawilliams)