സമരത്തിന് എതിരായ നിലപാട്; ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പി.ടി ഉഷയെ വിമുക്തഭടന്‍ തടഞ്ഞു

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയെ വിമുക്തഭടന്‍ തടഞ്ഞു. ഗുസ്തിതാരങ്ങളെ കണ്ട് സമര പന്തലില്‍ നിന്ന് പുറത്ത് പോവുന്നതിനിടെയാണ് പിടി ഉഷയുടെ വാഹനം ഇയാള്‍ തടഞ്ഞത്. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടന്‍. ഇയാളെ സുരക്ഷാ സേന നീക്കി.

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ നേരത്തെ പി.ടി ഉഷ രംഗത്തുവന്നിരുന്നു. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു ഉഷയുടെ വിമര്‍ശനം. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി.ടി ഉഷ വ്യക്തമാക്കി.

താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കും. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നെന്നും പി.ടി ഉഷ പറഞ്ഞിരുന്നു.

അതേസമയം, ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു. പൊലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു.