സ്വരേവിനോട് പകവീട്ടി ജോക്കോ; ജര്‍മ്മന്‍ വൈരിയെ വീഴ്ത്തിയത് മാരത്തണ്‍ മാച്ചില്‍

ടോക്കിയോ ഒളിംപിക്‌സിലേറ്റ തോല്‍വിക്ക് ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനോട് പകരംവീട്ടിയ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറിനായിരുന്നു ജോക്കോയുടെ ജയം. ഇതോടെ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം എന്ന അപൂര്‍വ്വ നേട്ടത്തിലേക്കുള്ള അകലം ജോക്കോവിച്ച് കുറച്ചു. റഷ്യയുടെ ഡാനില്‍ മെദ്‌വെദെവാണ് കലാശക്കളിയില്‍ ജോക്കോയുടെ എതിരാളി. കനേഡിയന്‍ താരം ഫെലിക്‌സ് ആഗര്‍ അലിയാസ്‌മെയെ കീഴടക്കി മെദ്‌വെദെവിന്റെ വരവ് (6-4, 7-5, 6-2).

ടോക്കിയോ ഒളിംപിക്‌സില്‍ ജോക്കോവിച്ചിന്റെ ഗോള്‍ഡന്‍ സ്ലാം സ്വപ്‌നം തകര്‍ത്ത സ്വരേവ് ഒരിക്കല്‍ക്കൂടി പോരാട്ടവീര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തം തീര്‍ത്താണ് റാക്കറ്റ് താഴ്ത്തിയത്. ആദ്യ സെറ്റിലും നാലാം സെറ്റിലും സ്വരേവ് ജോക്കോയെ ഞെട്ടിച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ 41 വിന്നറുകളും ഡസന്‍ എയ്‌സുകളും തൊടുത്ത ജോക്കോ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജോക്കോയും സ്വരേവും വാശിയോടെ കളിച്ചപ്പോള്‍ സുദീര്‍ഘമായ റാലികള്‍ക്ക് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിന്റെ ഗാലറി സാക്ഷ്യം വഹിച്ചു.

ഫൈനലില്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ പുരുഷ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളെന്ന റെക്കോഡും ജോക്കോവിച്ചിന് വന്നുചേരും. ഇരുപതുവീതം ഗ്രാന്‍ഡ്സ്ലാമുകള്‍ സ്വന്തമായുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് കരുത്തന്‍ റാഫേല്‍ നദാലും ഇപ്പോള്‍ ജോക്കോവിച്ചിന് ഒപ്പമുണ്ട്.