ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയും; മുന്നറിയിപ്പുമായി ഗുസ്തിതാരങ്ങള്‍

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹിയിലെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഗുസ്തിതാരങ്ങള്‍. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇരുപത്തിയൊന്നാം തിയതി വരെയാണ് സര്‍ക്കാരിന് വിഷയത്തില്‍ സമയം നല്‍കിയിട്ടുള്ളത്.

രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യല്‍ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു. പരാതിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ കര്‍ഷക സമരത്തിന് സമാനമായി ഡല്‍ഹി വളഞ്ഞുള്ള സമരത്തിനാണ് ഗുസ്തി താരങ്ങളുടെ ആഹ്വാനം.

താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ജന്തര്‍ മന്തറിലേക്ക് എത്തുകയാണ്. തുടര്‍ പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും ഘാപ്പ് നേതാക്കളും താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചു.

ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. വൈകിട്ട് 7 മണിക്ക് ജന്തര്‍ മന്തറില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേശ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് സുരക്ഷ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.