മെഡലുമായി തിരിച്ചെത്തുന്ന നീരജ് ചോപ്രയെ സ്വീകരിക്കാന്‍ ഞാനുമുണ്ടാകും: അഞ്ജു ബോബി ജോര്‍ജ്

ടോക്യോ ഒളിമ്പിക്സിനു പിന്നാലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രമെഴുതിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്ജ്. നീരജിന്റെ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും മെഡലുമായി തിരിച്ചെത്തുന്ന നീരജിനെ സ്വീകരിക്കാന്‍ താനുമുണ്ടാകുമെന്നും അഞ്ജു പ്രതികരിച്ചു.

‘നീരജിന്റെ നേട്ടത്തില്‍ വളരെ സന്തോഷം. ഒരു വേള്‍ഡ് ലെവല്‍ മെഡലിന് വേണ്ടി കഴിഞ്ഞ 19 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. അത് നീരജിലൂടെ സാധിച്ചതില്‍ വളരെ സന്തോഷം. മെഡലുമായി തിരിച്ചെത്തുന്ന നീരജ് ചോപ്രയെ സ്വീകരിക്കാന്‍ ഞാനുമുണ്ടാകും’ എന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

2003ല്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കലത്തിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് നീരജ് ചോപ്രയുടേത്. ലോംഗ്ജംപ് താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ് 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടിയാണ് വെങ്കലം നേടിയത്.

Read more

പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ലോക മീറ്റില്‍ വെള്ളി നേടിയത്. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനാണ് സ്വര്‍ണം നേടിയ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.