സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെറും വാക്കായി, ഒളിമ്പ്യന്‍ ജീവിക്കാന്‍ കൂലിപ്പണിയെടുക്കുന്നു

2015 ലെ സ്പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാന നേട്ടം കൊണ്ട് വന്ന വ്യക്തിയാണ് രജ്ഭീര്‍. അന്ന് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ഈ ഭിന്നശേഷിക്കാരനെ പുകഴ്ത്തി. ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ വിഭാഗത്തിലാണ് രജ്ഭീര്‍ മത്സരിച്ചത്. സൈക്ലിംഗ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി രണ്ടു ഗോള്‍ഡ് മെഡലുകളാണ് കക്ഷി നേടിയത്. മെഡലുമായി നാട്ടില്‍ എത്തിയ രാജ്ഭീറിനു മികച്ച സ്വീകരണമാണ് നാടും നാട്ടുകാരും നല്‍കിയത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും വന്നു, സാഹചര്യങ്ങളോട് പടവെട്ടി നേടിയ അഭിമാനാര്‍ഹമായ നേട്ടത്തെ ലോകം പുകഴ്ത്തി. പാരിതോഷികകങ്ങളും മറ്റും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപങ്ങളായി തന്നെ അവശേഷിച്ചു.

രാജ്ഭീര്‍ നേട്ടം കൊയ്യുമ്പോള്‍ പഞ്ചാബ് ഭരിച്ചിരുന്ന ബിജിപി സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് അവാര്‍ഡ് ആയി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ഒരു ലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപിച്ച തുകയൊന്നും രാജ്ബഹീറിന്റെ കയ്യില്‍ എത്തിയില്ല. ഇപ്പോള്‍ വര്ഷം രണ്ടു കഴിഞ്ഞു. കുടുംബം പോറ്റുന്നതിനായി കല്‍പ്പണിക്ക് പോകുകയാണ് ഈ ബാലന്‍. യൂണിയന്‍ ഗവണ്മെന്റ് നല്‍കിയ 10 ലക്ഷം രൂപ, ബോണ്ടുകളുടെ രൂപത്തിയാണ്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഈ തുക ഉപയോഗിക്കുവാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ താന്‍ അടക്കം ഒന്‍പത് പേരടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാന്‍ ഇഷ്ടിക നിര്‍മാണ കേന്ദ്രത്തില്‍ അച്ഛന്റെ ഒപ്പം കൂലിത്തൊഴിലാളിയായി പോകുകയാണ് രാജ്ഭീര്‍.

രാജ്ഭീറിന്റെ അവസ്ഥ കണ്ട് ഒരു എന്‍ജിഒ തങ്ങളുടെസ്ഥാപനത്തില്‍ വീല്‍ ചെയര്‍ രോഗികളെ സഹായിക്കുന്നതിനും മറ്റുമായി ഒരു തൊഴില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും രാജ്ഭീറിന്റെ അവസ്ഥയ്ക്കുള്ള ശാശ്വത പരിഹാരം ആകുന്നില്ല. ഇപ്പോള്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് ഇടയില്‍ ആയതിനാല്‍ വേണ്ടത്ര പരിശീലനമില്ല. സൈക്കളിംഗ് മോഹങ്ങളും ഒളിമ്പിക്‌സ് സ്വപ്നങ്ങളും ഈ യുവാവ് ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലലില്ലാതെ ജീവിക്കാണം, മുടക്കമില്ലാതെ ആഹാരം കഴിക്കണം, വീട്ടുകാര്‍ കഷ്ട്ടപ്പെടരുത് ഇതുമാത്രമാണ് ഈ ഒളിമ്പ്യന്റെ ഇപ്പോഴത്തെ സ്വപ്നം.