ദ്രോണാചാര്യ പുരസ്‌കാര ജേതാവ്‌ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു, ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയുടെ പരിശീലകന്‍

ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കോട്ടയം ഉഴവൂരിലെ വീട്ടില്‍ വച്ചാണ് അന്ത്യം. ഷൂട്ടിങ്ങില്‍ അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ചാമ്പ്യനുമായിരുന്നു അദ്ദേഹം. 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സുകളിലായി ഇദ്ദേഹത്തിന്റെ പരിശീലന കാലയളവിലാണ് ഇന്ത്യ സ്വര്‍ണം, വെളളി മെഡലുകള്‍ നേടിയത്.

ഒളിമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു പ്രൊഫ.സണ്ണി തോമസ്. 2001ലാണ് ദ്രോണാചാര്യ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂരിലുളള സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ചായി 19 വര്‍ഷമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

Read more

പ്രൊഫ.സണ്ണി തോമസിന്റെ പരിശീലക കാലയളവിലാണ് 2004 ഏതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡിലൂടെ ഇന്ത്യ ആദ്യ വ്യക്തിഗത വെളളി മെഡല്‍ നേടിയത്. 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയപ്പോള്‍ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായി മാറി. 2012ല്‍ ഫ്രൊ.സണ്ണി തോമസിന് കീഴില്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയകുമാര്‍ വെളളിയും ഗഗന്‍ നാരങ് വെങ്കലവും നേടി.