ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചുകയറിയത് സുനില്‍ നരെയ്‌ന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. ആദ്യ ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി ഓപ്പണിങ്ങില്‍ ഇറങ്ങി 27 റണ്‍സെടുത്ത നരെയ്ന്‍ പവര്‍പ്ലേ ഓവറുകളില്‍ മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ബോളിങ്ങില്‍ ഡല്‍ഹിയുടെ മൂന്ന് പ്രധാന ബാറ്റര്‍മാരെ പുറത്താക്കിയും നരെയ്ന്‍ തിളങ്ങി. കൂടാതെ ഒരു റണ്ണൗട്ടും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സുനില്‍ നരെയ്ന്‍ ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച കളിക്കാരനെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
കളിയുടെ എല്ലാ സമയത്തും നരെയ്ന്‍ കൊല്‍ക്കത്ത ടീമിന് എറ്റവും പ്രധാനപ്പെട്ട കളിക്കാരനാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ബാറ്റിങ്ങില്‍ മികച്ച തുടക്കം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുന്നു. ബോളിങ്ങില്‍ നിര്‍ണായക സമയത്ത് പ്രധാനപ്പെട്ട വിക്കറ്റുകള്‍ എടുക്കാന്‍ പറഞ്ഞാല്‍ അതും അദ്ദേഹം ചെയ്യുന്നു. ഫീല്‍ഡിങ്ങിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്തുകൊണ്ടും ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് നരെയ്ന്‍, ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
Read more
കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞ വര്‍ഷം കിരീടം നേടികൊടുത്തതില്‍ നിര്‍ണായക പങ്കാണ് സുനില്‍ നരെയ്ന്‍ വഹിച്ചിട്ടുളളത്. വര്‍ഷങ്ങളായി ടീമിലുളള താരം എപ്പോഴും കെകെആറിനായി ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. 12 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ നരെയ്‌നെ കൊല്‍ക്കത്ത മാനേജ്‌മെന്റ് നിലനിര്‍ത്തിയത്.








