ഏഷ്യാകപ്പ് ഹോക്കി: ഫൈനലിനരികെ കാലിടറി ഇന്ത്യ പുറത്ത്

ഏഷ്യ കപ്പ് ഹോക്കിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണകൊറിയയോട് സമനിലനേടിയെങ്കിലും ഇന്ത്യയ്ക്ക് ഫൈനലിലെത്താനായില്ല.

വിജയം അനിവാര്യമായ മത്സരമാണ് 4-4ന് ഇന്ത്യ സമനിലയിലായത്. സൂപ്പര്‍ നാല് ഘട്ടത്തില്‍ മലേഷ്യക്കും കൊറിയക്കുമൊപ്പം അഞ്ചു പോയിന്റായിരുന്നു ഇന്ത്യക്കും സമ്പാദ്യമെങ്കിലും ഗോള്‍ ശരാശരിയില്‍ മറ്റു രണ്ടു ടീമുകളും ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.

കൊറിയക്കെതിരെ ശക്തമായ പോരാട്ടവുമായി നിറഞ്ഞുനിന്ന ഇന്ത്യക്കായി ദിപ്‌സന്‍ ടര്‍ക്കെ, മഹേഷ് ഷെഷെ ഗൗഡ, നീലം സഞ്ജീവ്, ശക്തിവേല്‍ മാരീശ്വരം എന്നിവര്‍ സ്‌കോര്‍ ചെയ്തു.

മറ്റൊരു മത്സരത്തില്‍ മലേഷ്യ ജപ്പാനെ 5-0ത്തിന് തകര്‍ത്തു. മൂന്നു കളിയില്‍ രണ്ടുവീതം സമനിലയും ഓരോ ജയവുമായി ഇന്ത്യ, മലേഷ്യ, ദക്ഷിണകൊറിയ ടീമുകള്‍ക്ക് അഞ്ചുപോയന്റ് വീതമാണ്. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മലേഷ്യയും ദക്ഷിണകൊറിയയും ഫൈനലിലേക്ക് മുന്നേറി.

ബുധനാഴ്ച ഫൈനലില്‍ മലേഷ്യ- കൊറിയ ടീമുകള്‍ മുഖാമുഖം കൊമ്പുകോര്‍ക്കും. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും.