അയ്യേ പറ്റിച്ചേ...., ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള സാവിയുടെ അപേക്ഷ 19കാരന്റെ ക്രൂരമായ തമാശ; നാണംകെട്ട് എഐഎഫ്എഫ്

19 വയസ്സുകാരന്റെ ക്രൂരമായ തമാശയ്ക്ക് ഇരയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് അപേക്ഷിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാവി ഒരു അപേക്ഷ സമർപ്പിച്ചതായി ദേശീയ ടീം ഡയറക്ടർ സുബ്രത പോൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഫെഡറേഷൻ അപേക്ഷ നിരസിച്ചതായും റിപ്പോർട്ട് വന്നു.

പിന്നീട് സാവിയുടേതായി ലഭിച്ച അപേക്ഷ വ്യാജമാണെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കണ്ടെത്തി. പിന്നാലെ, പ്രസ്തുത അപേക്ഷ അയച്ചത് താനാണെന്ന അവകാശവാദവുമായി ഒരു വിദ്യാർഥി രംഗത്ത് വന്നു. ചാറ്റ്ജിപിടിയിൽ തയാറാക്കിയ അപേക്ഷയാണ് അയച്ചതെന്നും, അതു വെറും പ്രാങ്ക് ആയിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി.

വിഐടി വെല്ലൂരിൽ വിദ്യാർത്ഥിയായ പത്തൊൻപതുകാരനാണ് ഇതിന് പിന്നിൽ. സാവിയുടെ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഈമെയിൽ ഐഡി സൃഷ്ടിച്ചായിരുന്നു വിദ്യാർഥിയുടെ പ്രാങ്ക്.

സാവിയുടെ പേരിൽ അയച്ച അപേക്ഷയ്‌ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ല. സാവിയുടെ പേരിലുള്ള ഇ–മെയിൽ അക്കൗണ്ടിൽനിന്ന് എത്തിയ അപേക്ഷയിൽ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ ഉൾപ്പെടുത്താത്തതും സംശയം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ സ്ഥാനത്തേക്ക് സാവി ഒരിക്കലും അപേക്ഷിച്ചിട്ടില്ലെന്ന് സ്പാനിഷ്, യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ ലഭിച്ചെന്നും ഇതും വ്യാജമായിരുന്നെന്നും എഐഎഫ്എഫ് വ്യക്തമാക്കി

Read more

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആകെ 170 അപേക്ഷകളാണ് ലഭിച്ചത്. തുടർന്ന് ചട്ടപ്രകാരമുള്ള അവലോകനത്തിനൊടുവിൽ 10 പേരെ തിരഞ്ഞെടുത്തു. ഈ 10 പേരിൽനിന്ന് മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. എഐഎഫ്എഫ് എക്സിക്യൂട്ടിവ് ഇവരിൽനിന്ന് ഒരാളെ പരിശീലകനായി തിരഞ്ഞെടുക്കും.