ഈ അർജന്റീനയെ തോൽപ്പിക്കാൻ ആർക്ക് പറ്റുമെടാ, ടീം വർക്കിൽ ജയം നേടി മെസി പട; തോൽക്കാതെ രക്ഷപെട്ട് ബ്രസീൽ

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അര്ജന്റീന ജയിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ പ്രമുഖരായ ബ്രസീലിന് സമനില കൊണ്ട് മടങ്ങേണ്ടതായി വന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻറീന പരാഗ്വേയെ വീഴ്ത്തിയത്. മൂന്നാം മിനിറ്റിൽ നിക്കൊളാസ് ഒട്ടമെൻഡിയാണ് അർജൻറീനയുടെ വിജയഗോൾ നേടിയത്. കാളിയുടനീളം ആധിപത്യം പുലർത്തിയ അര്ജന്റീന കൂടുതൽ ഗോളുകൾ നേടേണ്ടതായിരുന്നു. എന്നാൽ നിർഭാഗ്യം അവരെ ചതിക്കുക ആയിരുന്നു.

സൂപ്പർ താരം ലയണൽ മെസിയെ ബെഞ്ചിലിരുത്തിയാണ് അർജൻറീന മത്സരത്തിന് ഇറങ്ങിയത്. താരത്തിന്റെ അഭാവത്തിൽ ആദ്യ പകുതിയിൽ ജൂലിയൻ അൽവാരെസും ലൗതാരോ മാർട്ടിനെസുമാണ് അർജൻറീനയുടെ ആക്രമണങ്ങൾ നയിച്ചത്. മെസി രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി. താരത്തിന്റെ ഗോൾ എന്നുറച്ച രണ്ട് ഷോട്ടുകളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്.

കളിയിൽ ഉടനീളം അർജന്റീന സംഘമായി തന്നെ കളിച്ചു. വരും മത്സരങ്ങളിൽ കൂടുതൽ ഗോളടിച്ചുകൂട്ടുക തന്നെ ആയിരിക്കും ഇനി ടീം ലക്ഷ്യമിടുന്ന കാര്യം. അതേസമയം കരുത്തരായ ബ്രസീൽ വെനസ്വേലക്കെതിരെ സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിയുക ആയിരുന്നു. നെയ്മാർ എടുത്ത് കോർണറിന് ഗബ്രിയേലാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോൾ ജയവുമായി ബ്രസീൽ മുന്നേറുമെന്ന് വിചാരിച്ചപ്പോൾ 85-ാം മിനിറ്റിൽ എഡ്വേർഡ് ബെല്ലോ ബൈസിക്കിൾ കിക്കിലൂടെ വെനസ്വേലക്ക് സമനില സമ്മാനിച്ചു.

പ്രതിരോധത്തിലെ പാളിച്ച ബ്രസീലിനെ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്. കരുത്തരായ ടീമുകളോട് കളിക്കുമ്പോൾ ബ്രസീൽ വല ഇനിയും നിറയാൻ സാധ്യതയുണ്ടെന്ന് ആരാധകർ പറയുന്നു. എന്തായാലും മൂന്ന് മത്സരങ്ങളിൽ നിന്നായി 9 പോയിന്റ് നേടിയ അര്ജന്റീന ഒന്നാം സ്ഥാനത്തും 7 പോയിന്റ് നേടി ബ്രസീൽ രണ്ടാമതും 5 പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തുമാണ്.