'ഇത് ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരം'; കാരണം പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ പതിനൊന്നാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും. കൊച്ചി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം സീസണിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണെന്ന് ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദ് പറഞ്ഞു.

ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണെന്ന് ഞാന്‍ കരുതുന്നു. സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നാണിതെന്ന് പോലും ഞാന്‍ പറയും. കാരണം അവര്‍ ഞങ്ങളുടേതിന് സമാനമായ പോയിന്റിലാണ്. ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, അവരും നന്നായി കളിക്കുന്നുണ്ട്.

ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു, പക്ഷേ ഇത് ഞങ്ങളുടെ ഹോം മത്സരമാണ്, ആരാധകരുടെയും ഹോം ഗ്രൗണ്ട് നേട്ടത്തിന്റെയും പിന്തുണയോടെ ഈ മത്സരത്തില്‍ എന്തെങ്കിലും നേടണമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ മത്സരത്തില്‍ ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസമുണ്ട്. മുന്‍ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് അവര്‍ക്കെതിരെ സംഭവിച്ച തെറ്റുകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഞങ്ങള്‍ ഇതേവരെ കളിച്ച അതേ രീതിയില്‍ തന്നെ മുന്നോട്ടും തുടരും. കാരണം ആ രീതിയാണ് കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കിയത്. വ്യത്യസ്തമായി ഒന്നും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല- ഇഷ്ഫാക് അഹമ്മദ് പറഞ്ഞു.

ഈ സീസണില്‍ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്സിയും ആറ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും നേടി ഒരേ പോയിന്റ് നിലയിലാണ്. 19 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തും ഒഡിഷ എഫ്സി ആറാം സ്ഥാനത്തുമാണ്. ഇരു ടീമുകളുടെയും അവസാന മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.