ടീം ബസ്സിലിരുന്ന് മെസ്സിയുടെ അസിസ്റ്റിംഗ് വീഡിയോ കണ്ടു ; തൊട്ടുപിന്നാലെ കളിയില്‍ അതുപോലെ ഒരു കിടിലന്‍ അസിസ്റ്റും കൊടുത്തു

എഫ്എ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. പീറ്റര്‍ബറോക്കെതിരെ നടന്ന മത്സരത്തില്‍ ജാക്ക് ഗ്രീലിഷ് നേടിയ ഗോളിന് നല്‍കിയ അസിസ്റ്റാണ് വന്‍ ചര്‍ച്ചയായി മാറിയത്. മദ്ധ്യനിര താരം ഫില്‍ഫോഡന്‍ നല്‍കിയ അസിസ്റ്റ്് ലയണല്‍ മെസിയെ ഓര്‍മിപ്പിച്ചുവെന്നാണ് ഗ്രീലിഷ് പറഞ്ഞത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മൈതാനത്തിന്റെ മദ്ധ്യനിരയില്‍ നിന്നും അല്‍പ്പം മാത്രം മാറിയുള്ള പൊസിഷനില്‍ നിന്നും ഫോഡന്‍ ഉയര്‍ത്തിക്കൊടുത്ത പന്ത് പീറ്റര്‍ബറോയുടെ മുഴുവന്‍ പ്രതിരോധത്തെയും കബളിപ്പിച്ചു കൊണ്ട് ബോക്‌സിലേക്ക് ഓടിക്കയറിയ ഗ്രീലിഷിന്റെ കാലുകളിലേക്ക്് കൃത്യം വന്നു വീഴുകയായിരുന്നു. പന്ത് നിയന്ത്രിച്ച് ഗ്രീലിഷ് അത് ഗോളിലേക്ക് പായിക്കുകയും ചെയ്തു.

ക്ലാസ്സ് പാസ്സിന്റെയും ക്ലാസ്സ് ഫിനിഷിംഗിന്റെ യും സമന്വയമായിരുന്നു ആ ഗോള്‍. അതേസമയം മത്സരത്തിന് തൊട്ടുമുമ്പ് ഇരുവും ടീം ബസില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട മെസ്സിയുടെ സമാന രീതിയിലുള്ള ഒരു പാസിന്റെ വീഡിയോ ഫോണില്‍ കണ്ടിരുന്നു. തൊട്ടു പിന്നാലെ കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അത് നടപ്പാക്കുകയും ചെയ്തു. മഹ്‌റസ് നേടിയ ഗോളില്‍ ലീഡ് ചെയ്തതിനു ശേഷമാണ് ഗ്രീലിഷിന്റെ ഗോള്‍ പിറന്നത്.