സന്തോഷ് ട്രോഫി ഇനിമുതല്‍ 'ഫിഫ സന്തോഷ് ട്രോഫി', ഫൈനല്‍ കാണാന്‍ ജിയാനി ഇന്‍ഫന്റിനോ എത്തും

സന്തോഷ് ട്രോഫി ഇനിമുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയില്‍ എത്തുമെന്നും ചൗബെ അറിയിച്ചു.

വളരെ സന്തോഷത്തോടെയാണ് ഞാനീ വാര്‍ത്ത പുറത്തുവിട്ടുന്നത്. ഫിഫ അധികൃതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പുതിയൊരു കാര്യം വെളിപ്പെടുത്തുകയാണ്. ഇനിമുതല്‍ സന്തോഷ് ട്രോഫി ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടും.

സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം കാണാനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലെത്തും. അദ്ദേഹം മാര്‍ച്ച് ഒന്‍പതിനോ പത്തിനോ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്- ചൗബെ വ്യക്തമാക്കി.

നവംബര്‍ അവസാനം ഫിഫയുടെ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്പ്മെന്റ് ചീഫും മുന്‍ ആഴ്സനല്‍ പരിശീലകനുമായ ആഴ്സന്‍ വെങ്ങര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും ചൗബേ പറഞ്ഞു.