ഒരു മരണവീടിന്റെ പ്രതീതിയില്‍ ആയിരുന്ന മൈതാനം ഒരു കല്യാണപ്പുരയായ അവസ്ഥ!

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26870 പേര്‍ തിങ്ങി നിറഞ്ഞ പയ്യനാട് സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ അവസാനിക്കുന്നില്ലായിരുന്നു. എന്നാല്‍ ആരും സ്‌കോര്‍ ചെയ്യാത്ത നിശ്ചിതസമയത്തിനു ശേഷം എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ പയ്യനാട്ടെ ആയിരക്കണക്കിന് ആരാധകര്‍ നിശ്ശബ്ദരായിരുന്നു. സുപ്രിയ പണ്ഡിറ്റിന്റെ ക്രോസ് ദിലീപ് ഓവ്‌റിന്റെ ഹെഡ്ഡറിലൂടെ മിഥുന്‍ കാത്ത ഗോള്‍ വല കീഴടക്കിയപ്പോള്‍ മങ്ങിയത ഒരുപാട് സ്വപ്നങ്ങള്‍ ആയിരുന്നു.

116 ആം മിനുട്ട് വരെ ഒരു മരണ വീടിന്റെ പ്രതീതിയില്‍ ആയിരുന്നു മൈതാനം ഒരു കല്യാണ പുരയായ അവസ്ഥയായിരുന്നു പിന്നീട് കണ്ടത്. അതുതന്നെയാണ് ഫുട്‌ബോള്‍ തരുന്ന ആവേശവും അപ്രവചനീയതയും. കേരളത്തിനൊരു പെരുന്നാള്‍ സമ്മാനം വാഗ്ദാനം ചെയ്ത കോച്ച് ബിനോ ജോര്‍ജും അദ്ദേഹത്തിന്റെ കുട്ടികളും തലകുനിച്ചിറങ്ങും എന്ന് തോന്നിച്ച നിമിഷത്തില്‍ പിറന്ന സമനില ഗോള്‍. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചു കിക്കുകളും വലയിലെത്തിച്ച പൂര്‍ണത. മത്സരശേഷം തന്റെ ഷര്‍ട്ട് പോലും ഊരി ആവേശം പരകോടിയിലെത്തിച്ച കോച്ചിന്റെ മുഖം പയ്യനാട്ടെ കാണികളുടെ കൂടി മുഖമായിരുന്നു.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിമിഷങ്ങള്‍.കാണികളുടെ തലയിലൂടെ വേദന അരിച്ചു കയറുകയായിരുന്നു. ഫുട്‌ബോള്‍ ജീവിത ദിനചര്യയുടെ ഭാഗമായ മലപ്പുറം കരച്ചിലിനെ വക്കിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ച ദുരന്തം വീണ്ടും ആവര്‍ത്തിക്കും എന്ന് തോന്നിയ നിമിഷങ്ങള്‍. സൂചികുത്താന്‍ ഇടമില്ലാത്ത തിങ്ങിനിറഞ്ഞ് ഗ്യാലറിയില്‍ മൂകത. ഒടുവില്‍ മുഹമ്മദ് സഫ്‌നാദിന്റെ ഹെഡര്‍ ബംഗാള്‍ വലയില്‍ തറക്കുമ്പോള്‍ കാണികള്‍ ഉന്‍മാദത്തിലാറാടുകയായിരുന്നു. സന്തോഷ് ട്രോഫി അവര്‍ക്ക് സന്തോഷ ട്രോഫി ആയി മാറുകയായിരുന്നു.

ഒരു മുയലിനെ പോലെ പമ്മി പമ്മി തന്റെ കളിക്കാര്‍ക്കിടയിലേക്ക് ട്രോഫിയുമെടുത്ത് പോയി ക്യാപ്റ്റ ജിജോ ജോസഫ് എന്ന പ്രിയപ്പെട്ടവരുടെ ടുട്ടു കപ്പ് ഉയര്‍ത്തി ആവേശം പരകോടിയിലെത്തികുമ്പോഴും പയ്യനാട് സ്റ്റേഡിയത്തിലെ വെടിക്കെട്ടുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. ഒപ്പം മത്സരം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്ത കാണികളുടെ ആരവങ്ങളും.

തുല്യ ശക്തികളുടെ പോരാട്ടമാണ് ഫൈനലില്‍ കണ്ടത്. ഗ്രൂപ്പ് സ്റ്റേജിലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കേരളത്തിലെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ബംഗാള്‍ തുടരെത്തുടരെ കേരള ബോക്‌സില്‍ പ്രത്യാക്രമണം നടത്തി കളി തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ 6 ആം മിനുട്ടില്‍ ബംഗാള്‍ 20 ആം നമ്പര്‍ താരത്തിന്റെ ഹെഡറിലൂടെ മുന്നിലെത്തിയപ്പോള്‍ തളര്‍ന്ന കേരളത്തെ പ്രചോദിപ്പിച്ചത് അലറി വിളിക്കുന്ന കാണികള്‍ തന്നെയായിരുന്നു. പയ്യനാട്ടെ കാണികളും ആര്‍പ്പുവിളികളും ആരവങ്ങളും കേരളത്തെ തോല്‍ക്കാന്‍ അനുവദിക്കില്ലായിരുന്നു എന്നതായിരുന്നു സത്യം.

ഒടുവില്‍ നെഞ്ചിടിപ്പോടെ കണ്ട ഒരു പെനാല്‍റ്റി ഷൂട്ടൗട്ട്. ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോകുമ്പോഴും ആശ്വസിക്കാന്‍ സമയമില്ലായിരുന്നു. അന്ത്യയാമങ്ങളില്‍ നാടകീയമായി ഇരുടീമുകളും ഗോള്‍കീപ്പര്‍മാരെ മാറ്റുന്ന വിചിത്ര കാഴ്ചകളും കണ്ടു. എല്ലാത്തിനുമൊടുവില്‍ കേരളത്തിനൊന്നാകെ പെരുന്നാള്‍ ദിനത്തില്‍ ഇരട്ടി മധുരം നല്‍കി ഒരു ആഘോഷദിനം .

ആദ്യം ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പിന്തുണ കൊണ്ടാണ് കേരളം ജയിച്ചതെന്നും ഫൈനലില്‍ വിജയം തങ്ങള്‍ക്കൊപ്പം എന്നും ബംഗാള്‍ പരിശീലകന്‍ പറഞ്ഞപ്പോള്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്കുള്ള നന്ദിപ്രകടനം ആയിരിക്കും ഫൈനല്‍ വിജയം എന്നുപറഞ്ഞ കേരള കോച്ച് ബിനോയ് ജോര്‍ജിന്റെ വാക്കുകള്‍ അച്ചട്ടായി.

ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഫാക്ടറി ആയ, യുവതാരങ്ങളുടെ വളര്‍ച്ചയ്ക്ക് വളം നല്‍കിയ, ആരാധകരുടെ ആവേശം നിറഞ്ഞ സന്തോഷ് ട്രോഫിയുടെ തിളക്കം പോലും നഷ്ടപ്പെടുന്ന വേളയില്‍ കേരളത്തിന്റെ വിജയവും കാണികളുടെ പിന്തുണയും വീണ്ടും പ്രതീക്ഷ നല്‍കുകയാണ്.

മലപ്പുറത്തേക്ക് ഇക്കുറി സന്തോഷ്ട്രോഫി വരുമ്പോള്‍ ആശങ്കകള്‍ ഏറെ ആയിരുന്നു. നോമ്പുകാലത്ത് മലപ്പുറത്തെ ടൂര്‍ണ്ണമെന്റ് വിജയിക്കുമോ എന്ന ആശങ്കകളെ ആസ്ഥാനത്താക്കി സ്റ്റേഡിയം ഒഴുകുകയായിരുന്നു. നോമ്പെടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ ഗാലറിയിലിരുന്ന് നോമ്പ് തുറക്കുന്നതും നിസ്‌കരിക്കുന്നതുമായകാഴ്ചകള്‍ പോലും കണ്ട് ടൂര്‍ണമെന്റ്.

രാത്രി 8 മണിയുടെ ഫൈനലിന് ഉച്ചക്ക് 2 മണിമുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ പൊരിവെയിലത്ത് തമ്പടിക്കുകയായിരുന്നു. പെരുന്നാള്‍ തലേന്ന് നീണ്ട 15 മണിക്കൂര്‍ നോമ്പ്. പക്ഷേ അതൊന്നും ആര്‍ക്കും ഫുട്‌ബോള്‍ കമ്പത്തിനു മുന്നില്‍ ഒന്നുമായിരുന്നില്ല.നാലുമണിക്ക് കാണികളെ പ്രവേശിപ്പിക്കുമ്പോള്‍ കളി തുടങ്ങാന്‍ 4 മണിക്കൂര്‍ പിന്നെയും ബാക്കിയായിരുന്നു .

ഒടുവില്‍ വെടിക്കെട്ടിന് തിരികൊളുത്തി ആഘോഷം കൊഴുപ്പിച്ചതിന്റെ പിന്നാലെ ഇരുടീമുകളുടെയും കളിക്കാര്‍ 7മണിക്ക് വാം അപ്പിന് വന്നതോടെ ഗാലറി ഇളകി മറിയുകയായിരുന്നു .സെമിഫൈനലില്‍ ഇറങ്ങിയ അതേ ടീമുമായാണ് കേരളം ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയത്. ഇരുടീമുകളുടെയും തുല്യ ശക്തി കണ്ട മാച്ചില്‍ ആദ്യപകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കേരളം അവസരം പാഴാക്കിയപ്പോള്‍ പിന്നാലെ ബംഗാളിലന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മിഥുന്‍ സേവ് ചെയ്യുന്നതും കണ്ടു.

വിഘ്‌നേഷിനെ പിന്‍വലിച്ച് കോച്ച് കഴിഞ്ഞ കളിയിലെ ഹീറോ ടി.കെ.ജെസിനെ കളത്തിലിറക്കുമ്പോള്‍ ഗാലറി ആര്‍ത്ത് വിളിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ മധ്യ സമയം വരെയും ഇരു ടീമുകളുടെ ആക്രമണങ്ങള്‍ നിഷ്പ്രഭമാകുന്നതും കണ്ടു. ഒടുവില്‍ 90 ആം മിനിട്ടില്‍ തുറന്ന അവസരം അധ്വാനിച്ച കളിച്ച ഷിഗില്‍ നഷ്ടപ്പെടുത്തുമ്പോള്‍ കാണികള്‍ അവിശ്വസനീയതയോടെ നെടുവീര്‍പ്പിടുകയായിരുന്നു .പിന്നാലെ ഷിഗിലിന് ലഭിച്ച അവസരം വീണ്ടും പാഴായതോടെ ഈ ദിനം കേരളത്തിന്റെതല്ലെന്നുപോലും തോന്നിച്ചു .എക്‌സ്ട്രാ ടൈമിന്റ 6 ആം മിനിട്ട് അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു .ദിലീപ് ഓവ്‌റിന്റെ ഹെഡറിന് കേരളത്തിന് മറുപടിയുണ്ടായിരുന്നില്ല.

ഗോള്‍ വന്നശേഷം സമനിലയ്ക്കു വേണ്ടി കിണഞ്ഞു പരിശ്രമിച്ച കേരളം തളരുന്നത് പോലെ തോന്നിച്ചു. എല്ലാ നീക്കങ്ങളും ബംഗാള്‍ പ്രതിരോധം നിഷ്പ്രഭമാക്കുകയായിരുന്നു .113 ആം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോള്‍ ശ്രമം ടൂര്‍ണമെന്റ് ലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ കൂടിയായ പ്രിയന്ത് സിങ്ങ് വിഫലമാക്കുകയും ചെയ്തതോടെ കാണികള്‍ ദൗര്‍ഭാഗ്യത്തെ പഴിക്കുവാനും തുടങ്ങിയ അതേസമയം വന്ന സമനില ഗോള്‍. മത്സരത്തില്‍ ഏറ്റവും നന്നായി കളിച്ച നൗഷാദിന്റെ ക്രോസില്‍ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് സഫ്‌നാദിന്റെ ഹെഡര്‍ ഗോള്‍ വല ചുംബിക്കുമ്പോള്‍ ക്രോസും ഗോളും ഏതാണ്ട് ബംഗാള്‍ നേടിയ ഗോളിനോട് സമാനത കൂടിയുണ്ടായിരുന്നു.

ഇഞ്ചുറി ടൈമില്‍ ബംഗാള്‍ താരത്തിന് ലഭിച്ച സുവര്‍ണാവസരം പുറത്തുപോയത് ശ്വാസം നിലച്ച ഷൂട്ടൗട്ട്. സഞ്ജു ,ബിപിന്‍ അജയന്‍ , ടി.കെ.ജെസിന്‍, ജിജോജോസഫ്, ഫസലുറഹ്മാന്‍ എന്നീ അഞ്ചുപേരും ഷോട്ടുകള്‍ കേരളത്തിനുവേണ്ടി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബംഗാളിന്റെ സജല്‍ ബാഗിന്റെ കിക്ക് പുറത്തേക്ക് പോയതോടെ കേരളത്തിന് വിജയത്തിളക്കം.

1989 ലും 1994ലും ഫൈനലില്‍ ബംഗാളിനോട് തോറ്റ കേരളം 2018ല്‍ കൊല്‍ക്കത്തയില്‍ എതിരാളികളുടെ മണ്ണില്‍ നേടിയ വിജയം നാലു വര്‍ഷത്തിനിപ്പുറം സ്വന്തം മണ്ണില്‍ ആവര്‍ത്തിക്കുകയായിരുന്നു. 4 ഫൈനലുകളും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെത്തി എന്നത് രണ്ട് ടീമുകളുടെയും ബലാബലത്തിന് ഉദാഹരണം കൂടിയാണ്. 2018ല്‍ കൊല്‍ക്കത്തയില്‍ ബംഗാളിന്റെ രണ്ട് ഷോട്ടുകള്‍ തടഞ്ഞാല്‍ ഗോള്‍കീപ്പര്‍ വി.മിഥുന്‍ ഇക്കുറിയും വിജയത്തിന്റെ ഭാഗമായി.

ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി ആറു ഗോളുകള്‍ നേടിയ ജസിന്‍ സ്വന്തമാക്കിയപ്പോള്‍ അഞ്ച് ഗോളുകള്‍ നേടുകയും ടീമിന്റെ വിജയത്തന് ചുക്കാന്‍ പിടിച്ചു ഒന്നാന്തരം പ്രകടനം ടൂര്‍ണ്ണമെന്റിലുടനീളം നടത്തിയ കേരള നായകന്‍ ജിജോ ജോസഫ് ടൂര്‍ണമെന്റിന്റെ താരമായി. ഏഴാം തവണ സന്തോഷ് ട്രോഫി കളിക്കുന്ന ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ നായകന്‍ കേരളത്തിന് ഏഴാമത് സന്തോഷ് ട്രോഫി നേടി കൊടുകുമ്പോള്‍ അതിലും കാണാം ഒരു വ്യത്യസ്തത.

ഒപ്പം താരങ്ങളേക്കാള്‍ താരമായ കോച്ച് ബിനോ ജോര്‍ജ് തന്നെയാണ് കാണികളുടെ ഹീറോ .29 വര്‍ഷത്തിനുശേഷം കേരളത്തിന്റെ മണ്ണില്‍ സന്തോഷ് ട്രോഫി കിരീടം നേടുമ്പോള്‍ ആദ്യം നന്ദി പറയേണ്ടത് ബിനോയോട് തന്നെ. ടീമിനെ തയ്യാറാക്കാന്‍ അധികമൊന്നും സമയം കിട്ടിയില്ലെങ്കിലും തന്റെ കുട്ടികളുടെ പ്രിയപ്പെട്ട കോച്ച് ആയ ബിനോ നടത്തിയ സബ്സ്റ്റിറ്റിയൂഷനുകള്‍ ഏറെ നിര്‍ണായകമായി .ഗോകുലം എഫ്‌സിയെ പരിശീലിപ്പിക്കുന്ന സമയത്ത് സബ്സ്റ്റിഷനുകള്‍ പതിവായി നടത്തിയിരുന്ന ശീലങ്ങള്‍ കേരള ടീമിനും ഏറെ ഗുണകരമായി.ഗോകുലത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കിയത് പുറമെ കേരളത്തെ കൂടി വിജയത്തിലേക്ക് നയിച്ചതോടെ രാജ്യത്തെ വമ്പന്‍ ക്ലബ്ബുകള്‍ കോച്ചിനെ നോട്ടമിട്ടിട്ടുണ്ട്. കൂടാതെ പരിശീലന സമയങ്ങളില്‍ ഓരോ കളിക്കാരനെയും കൊണ്ട് പെനാല്‍റ്റി കിക്ക് പരിശീലിപ്പിച്ചിരുന്ന കോച്ചിംഗ് ദീര്‍ഘവീക്ഷണവും ഗുണം ചെയ്തു .

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റതു പോലെ ഈ ഈ കിരീടവും വേദന സമ്മാനിക്കുമെന്ന് കരുതി ഗ്യാലറി ശൂന്യമാകുമെന്നു തോന്നിച്ച് ഒടുവില്‍ ആരവങ്ങളും ആര്‍പ്പുവിളികളും നിലക്കാത്ത ഗാലറി കേരളം കിരീരം ഏറ്റുവാങ്ങുന്നത് കൂടി കണ്ട് മനസ്സുനിറഞ്ഞാണ് മടങ്ങിയത്.

പൊതുവെ കുറച്ചുവര്‍ഷങ്ങളായി നിറംകെട്ട ടൂര്‍ണമെന്റ് കോവിഡ് 19 കാരണം നടക്കാതിരിക്കുക കൂടി ചെയ്തതോടെ ഒരു വഴിപാടു പോലെയാകുകയായിരുന്നു. എന്നാല്‍ അടുത്തകാലത്ത് നടന്ന ഏറ്റവും മികച്ച ഒരു കായികമേളയായി ടൂര്‍ണമെന്റ് മാറിയതോടെ വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തെ ഉറ്റുനോക്കുകയാണ്. ഒപ്പം നിറഞ്ഞുകവിഞ്ഞ ആരാധകര്‍ പയ്യനാട് സ്റ്റേഡിയത്തിലെക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റേത് അടക്കമുള്ള മത്സരങ്ങളേയും സൂപ്പര്‍ ലീഗ്ചാമ്പ്യന്‍ഷിപ്പുകളെയും മാടി വിളിക്കുകയാണ്. ഒരിക്കലും മറക്കാത്ത ആഘോഷരാവില്‍ കേരളം കിരീടം ചൂടുന്നതിന് നേര്‍സാക്ഷിയാകാന്‍ കഴിഞ്ഞത് മഹാഭാഗ്യം.