കലിപ്പടക്കാനായില്ല, ഹൈദരാബാദ് കപ്പടിച്ചു ; ഷൂട്ടൗട്ടില്‍ ബ്‌ളാസ്‌റ്റേഴ്‌സിന് വീണ്ടും ദുരന്തം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി. ഐഎസ്എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം നേടിയപ്പോള്‍ മൂന്നാം തവണയും കേരളം ഫൈനലില്‍ കീഴടങ്ങി.

സാധാരണ സമയത്തും അധികസമയത്തും ഇരുടീമും ഓരോഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന്് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്‌സി 3-1 ന് ബ്‌ളാസ്‌റ്റേഴ്‌സിനെ മറികടന്നു. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആയുഷ് അധികാരിയ്ക്ക് മാത്രമാണ് ഗോള്‍ നേടാനായത്. നിഷുകുമാറും ലെസ്‌കോവിച്ചും ജി്ക്‌സണ്‍ സിംഗും എടുത്ത ഷോട്ടുകള്‍ ഹൈദരാബാദ് ഗോളി കട്ടിമണി തട്ടിയതോടെ കേരളത്തിന്റെ വിധിയെഴുതി

സാധാരണ സമയത്ത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ടീമുകളും ഗോളുകള്‍ നേടിയത്. 69 ാം മിനിറ്റില്‍ മഞ്ഞക്കടലിനെ പൊട്ടിത്തെറിപ്പിച്ച് കെ.പി രാഹുല്‍ ഗോള്‍ നേടി. ഓട്ടത്തിനിടയില്‍ തൊടുത്ത ഷോട്ട് കീപ്പര്‍ കട്ടിമണിയുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കളി വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്ത് 88 ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ഒരു ഫ്രീകിക്കില്‍ നിന്നും ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തിയ പന്തില്‍ സാഹില്‍ ടവോറയുടെ ലോംഗ് റേഞ്ചര്‍ വെടിയുണ്ടയായി ബ്‌ളാസ്‌റ്റേഴ്‌സ് വലിയില്‍ കയറി.

ആദ്യപകുതിയില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊസഷനിലും പാസിംഗിലും ബ്‌ളാസ്‌റ്റേഴ്‌സ് മികച്ചു നിന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് വസ്‌ക്കസിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടിത്തെറിക്കുന്നത് അവിശ്വസനയീയതയോടെയാണ് ആരാധകര്‍ കണ്ടത്. വലതു ഖബ്ര മറിച്ചു നല്‍കിയ പന്തില്‍ വക്‌സ്‌കസ് തൊടുത്ത അടി കട്ടിമണിയെ കീഴടക്കിയെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു.

മറുവശത്ത് കേരളത്തിന്റെ ഹാഫില്‍ കിട്ടിയ ഒരു ഫ്രീകിക്കില്‍ സീവേരിയോ തൊടുത്ത ഫ്രീ ഹെഡ്ഡര്‍ ബ്‌ളാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ തകര്‍പ്പന്‍ സേവ് നടത്തി. ആദ്യപകുതിയില്‍ ഓഗ്ബച്ചേയെ കേരള പ്രതിരോധം നന്നായി പൂട്ടിയപ്പോള്‍ മറുവശത്ത് ലൂണയെയും വസ്‌ക്കസിനെയും മികച്ച രീതിയില്‍ ഹൈദരാബാദ് തടഞ്ഞു.

രണ്ടാം പകുതിയില്‍ ഹൈദരാബാദ് അനേകം ഉജ്വല നീക്കം നടത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ പ്രഭ്ശുഭന്‍ ഗില്ലും പ്രതിരോധത്തിലെ നായകന്‍ ലെസ്‌കോവിച്ചും ചേര്‍ന്ന് തടഞ്ഞു. പരിക്കുമൂലം സീസണിലെ ആദ്യ മത്സരത്തിന് ശേഷം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമായ രാഹുലിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. കേരളത്തിന്റെ ഗോള്‍കീപ്പര്‍ പ്രഭ്ശുഭന്‍ ഗില്‍ ഇത്തവണയും മികച്ച പ്രകടനം നടത്തി. ഹൈദരാബാദിന്റെ ഒട്ടേറെ മുന്നേറ്റങ്ങളാണ് ഗില്ലിന്റെ കൈകള്‍ക്ക് മുന്നില്‍ തകര്‍ന്നത്.

Read more

ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്തവണത്തേത്. ഒമ്പതു വിജയമാണ് ഈ സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലില്‍ നേടിയത്. ഇത് രണ്ടാം തവണയാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരായപ്പെടുന്നത്. ഇതിന് തൊട്ടുമുമ്പ് ഫൈനലില്‍ കടന്നപ്പോള്‍ എടികെയോട് ആയിരുന്നു ബ്‌ളാസ്‌റ്റേഴ്‌സ് കീഴടങ്ങിയത്. ഹൈദരാബാദ് ഫൈനലില്‍ കടന്ന ആദ്യ സീസണില്‍ തന്നെ കിരീടവുമായി മടങ്ങിയപ്പോള്‍ ബ്‌ളാസ്‌റ്റേഴ്‌സിന് മൂന്നാം തവണയും നിരാശയോടെ മടങ്ങേണ്ടി വന്നു.