തകരാതെ ഞങ്ങളുടെ കോട്ട കാത്ത പോരാളിക്ക് നന്ദി, അയാൾ ഒരു വിശ്വാസമായിരുന്നു

ബോസ്‌നിയൻ നഗരത്തിലെ സ്കൂൾ വിറ്റാൽ അവൻ നേരെ ഓടുന്നത് ഗ്രൗണ്ടിലേക്കായിരുന്നു,പല സ്കൂളുകളിലായി പഠിക്കുന്ന കൂട്ടുകാർ ഒരുമിച്ചുള്ള ഫുട്ബോൾ കളിയായിരുന്നു അവന് ഏറ്റവും സന്തോഷം. കൂട്ടുകാർ എല്ലാം ഗോൾ അടിക്കാൻ ഇഷ്ടപെട്ടപ്പോൾ അവൻ ഗോൾ അടിപ്പിക്കാതിരിക്കാൻ ഇഷ്ടപ്പെട്ടു. പ്രതിരോധത്തിലെ അവന്റെ കരുത്ത് ഇഷ്ടപെട്ട ലോക്കൽ ക്ലബ്ബുകൾ അവനെ ടീമിൽ ഉൾപെടുത്താൻ മത്സരിച്ചു. ഒടുവിൽ 2006 ൽ എഫ് കെ സരജേവോ ജൂനിയർ ടീമിൽ എത്തിയ അവൻ പിന്നീട് ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള പല ക്ലബ്ബുകളിൽ കളിച്ചു.

കാലം ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ് സി ടീമിൽ എത്തിച്ചപ്പോൾ അയാളെ ഇന്ത്യൻ ആരാധകരും ശ്രദ്ധിച്ച് തുടങ്ങി.ശത്രു പാളയത്തിൽ നിന്ന് തങ്ങളുടെ ടീമിലേക്ക് എത്തിയ ആ മുപ്പതുകാരൻ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിശ്വാസത്തിന്റെ വാക്കാണ്. എതിരാളികൾ പന്തുമായി കുതിക്കുമ്പോൾ അയാൾ അത് തടഞ്ഞോളും എന്ന് ഉറപ്പുള്ള ആ വിശ്വാസത്തിന്റെ പേരാണ്- എനെസ് സിപോവിച്ച് .

ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസൺ പറഞ്ഞ ““Attack wins you games, defence wins you titles.” എന്ന പ്രസക്തമായ വാക്ക് ഫുട്ബോൾ പ്രേമികൾ ഒരിക്കലും മറക്കില്ല. അതെ, ഒരു സീസണിൽ കിരീടത്തിലേക്കുള്ള യാത്രയിൽ പ്രതിരോധം പാളിയാൽ എല്ലാം പാളുമെന്ന് ഉറപ്പ്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഫൈനലിൽ എത്തിയ രണ്ട് സീസണുകളിലും പ്രതിരോധം മികച്ചതായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ സഖ്യമായ ഹ്യൂഗ്സ്-ഹെങ്ബർട് സഖ്യത്തെ ഓർമപ്പെടുത്തിയാണ് ഈ വർഷം ലെസ്‌കോവിച്ച് – സിപോവിച്ച് സഖ്യം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഒരുപാട് രാജ്യങ്ങളിൽ കളിച്ച് പരിചയമുള്ള സിപോ ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷിച്ചത് താരത്തിന്റെ കരുത്തിൽ ഉള്ള വിശ്വാസം കണ്ടാണ്.മുമ്പ് ചെന്നൈയിൻ എഫ് സിക്ക് വേണ്ടി കളിച്ചിട്ടുള്ള അവരുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലൂസിയൻ ഗോയന്റെ സ്ഥാനത്താണ് താരം ചെന്നൈ ടീമിലെത്തിയത്.സിപോ കളിച്ച കാലത്ത് ലീഗൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നായിരുന്നു ചെന്നൈയിൻ .അതായത് ലോങ്ങ് ബോളുകൾ കൊടുക്കാനും ഡിഫെൻസ് ലൈൻ ബ്രേക്ക് ആവാതെ നോക്കാനും മിടുക്കുള്ള താരത്തിന്റെ സാനിധ്യം ടീമിന് ഗുണമായെന്ന് വ്യക്തം.

ഇത്തരത്തിൽ ഐ.എസ് എലിൽ കളിപരിചയമുള്ള സിപോയെ ടീമിലെത്തിക്കാൻ കേരളം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർക്ക് അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് ഉറപ്പ്. ബ്ലാസ്റ്റേഴ്സിൽ എത്തിക്കഴിഞ്ഞ് താരത്തിന് കിട്ടിയ വലിയ ഗുണം കഴിവുള്ള ഒരുപറ്റം കൂട്ടുകാരെ കിട്ടിയതിനാൽ പകുതി പണി കുറഞ്ഞ് കിട്ടി എന്നതാണ്. കൂട്ടുകാരൻ ലെസ്കോവിച്ചുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പാളാതെ നോക്കിയ സിപോ തനിക്ക് കോച്ച് നിർദേശിച്ച റോൾ ഭംഗിയായി ചെയ്തു. കോവിഡ് കഴിഞ്ഞ് തിരികെ എത്തി താളം വീണ്ടെടുക്കാൻ ശ്രമിച്ച ടീമിന് കിട്ടിയ അടിയായിരുന്നു ജംഷഡ്‌പൂർ എഫ് സിയിൽ നിന്നേറ്റ വലിയ തോൽവി. അതിന്റെ കൂടെ പരിക്കും ,സസ്‌പെൻഷനും ബാധിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് തളരുമെന്ന് ഏവരും കരുതി.

ആട് 2 സിനിമയിൽ അറക്കൽ അബു പറയുന്ന പോലെ ” ഇങ്ങനെ ഉള്ള പ്രതിസന്ധി ഘട്ടത്തിലാണ് യഥാർത്ഥ നായകന്മാർ ഉണ്ടാകുന്നത് ” എന്ന് പറയുന്ന പോലെ ഈസ്റ്റ് ബംഗാളുമായി നിർണായക മത്സരത്തിൽ പരിചയസമ്പത്ത് കുറവുള്ള പ്രധിരോധനിരയെ നയിച്ച് നിർണായക ഗോളും നേടി താരം യഥാർത്ഥ നായകനായി ടീമിന് നട്ടെല്ലായി മാറി.

ഫൈനൽ വരെയുള്ള ബ്ലാസ്റ്റേഴ്സ് യാത്രകളിലെ നിർണായക ശക്തി ബ്ലാസ്റ്റേഴ്സ് പാളയം വിട്ടിരിക്കുന്നു. കേരളത്തെ ഒരുപാട് സ്നേഹിച്ച താരം കൂടാരം വിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് നഷ്ട്ടമായിരിക്കുന്നത് വിശ്വസ്തനെയാണ്. നല്ല ഓർമ്മകൾക്ക് നന്ദി സിപോ, തകരാതെ ഞങ്ങളുടെ കോട്ട കാത്തതിന്